രാഹുൽ ഒരു ദേശീയ നേതാവാണെന്ന് മറക്കരുത്

ഇന്ത്യൻ രാഷ്ട്രീയസാഹചര്യം മനസിലാക്കിത്തന്നെയാണോ രാഹുൽ ഗാന്ധിയുടെയും പിണറായി വിജയന്റെയും വാഗ്വാദങ്ങൾ

കേരളത്തില്‍ ഇടതു ജയിച്ചാലും യുഡിഎഫ് ജയിച്ചാലും 20 സീറ്റും ഇന്ത്യ മുന്നണിയ്ക്കുള്ളതാണ്. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയത്തിന്റെ വാശിയേറിയ കളിയില്‍ കേരളം കാഴ്ചക്കാരാണ്.

അത് മാറ്റുമെന്നൊക്കെ ബിജെപി പതിറ്റാണ്ടായി പറയുകയും, അപ്പോഴൊക്കെ ഇത്തവണ ആര്‍എസ്എസ് ഇറങ്ങിക്കഴിഞ്ഞു, ബിജെപി പിടിക്കുമെന്ന് മുഖ്യധാര മാധ്യമങ്ങള്‍ മെഗാഫോണ്‍ വെയ്ക്കാറുമുണ്ട്. പക്ഷേ ഒന്നും സംഭവിച്ചിട്ടില്ല. സംഭവിക്കാന്‍ സാധ്യത പരിമിതവുമാണ്.

എന്നാല്‍ കഴിഞ്ഞദിവസം ദേശീയമാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് തിരിഞ്ഞു. കാരണം രാഹുല്‍ ഗാന്ധി ഇന്ത്യാ മുന്നണിയുടെ സഖ്യകക്ഷിയുടെ കേരളത്തിലെ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ചതു തന്നെ. ബിജെപിയുമായി സഹവര്‍ത്തിത്വത്തിലാണ് പിണറായി എന്നും അതുകൊണ്ടാണ് പിണറായിക്ക് ഇഡിയുടെ വിളി വരാത്തതെന്നും രാഹുല്‍ ആരോപിച്ചു.

നിസ്സഹായതകൊണ്ട് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനെതിരെ ഒന്നും പറയാന്‍ കഴിയാതെ, വിമ്മിഷ്ടപ്പെടുകയായിരുന്ന സിപിഎമ്മിന്റെ സൈബര്‍ സംഘം ഇതുകേട്ട് രോഷാകുലരായി. ഒന്നിനും പറ്റാത്ത വേട്ടാവളിയാനാണ് രാഹുല്‍ എന്ന് അവര്‍ തീര്‍പ്പിലെത്തി. സമൂഹമാധ്യമങ്ങളില്‍ ആഞ്ഞടിച്ചു. സംഘ്പരിവാരം സന്തുഷ്ടായി.

ഇവിടുത്തെ സിപിഎം യോദ്ധക്കള്‍ പോര് നടത്തുമ്പോഴും തമിഴ്‌നാട് മുതല്‍ രാജസ്ഥാന്‍ വരെയുള്ള സ്ഥലങ്ങളില്‍ രാഹുലിന്റെ പടം വെച്ച് വോട്ട് പിടിക്കുന്ന തിരിക്കിലായിരുന്നു അവിടുത്ത സഖാക്കള്‍.

സൈബര്‍ കൂട്ടം മാത്രമല്ല, വലിയ മാധ്യമപ്രവര്‍ത്തകരും ചോദിച്ചു, രാഹുല്‍ എന്തിന് ഇങ്ങനെ പിണറായിയെ ആക്രമിച്ചുവെന്ന്. ഇങ്ങനെയായാല്‍ ഇന്ത്യ സഖ്യത്തിന് വടക്കേ ഇന്ത്യയില്‍ എങ്ങനെ വോട്ട് കിട്ടുമെന്നായിരുന്നു രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യം.

ആ ചോദ്യമാണ് നമുക്കും ചോദിക്കാനുള്ളത്. കേരളത്തില്‍ ബിജെപി കാര്യമായ ശക്തിയല്ല. പോരാട്ടം കോണ്‍ഗ്രസ് മുന്നണിയും സിപിഎം മുന്നണിയും തമ്മിലാണ്. പോരാട്ടത്തില്‍ സൗഹാര്‍ദമില്ല. അതുകൊണ്ട് ഇരുപക്ഷവും ആഞ്ഞടിക്കും. പ്രത്യേകിച്ചും സംസ്ഥാന നേതാക്കള്‍. അതുകേട്ട് വയനാട്ടില്‍ മത്സരിക്കുന്നുവെന്നതുകൊണ്ട് മാത്രം രാഹുല്‍ഗാന്ധി ഇത്തരത്തിലുള്ള പ്രസ്താവന നടത്താമായിരുന്നോ? അദ്ദേഹം കഴിഞ്ഞ 10 വര്‍ഷമായി ഓരോ ദിവസവും ബിജെപിക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയല്ലേ. ഏതെങ്കിലും വിധത്തില്‍ രാഹുലിനെ തളയ്ക്കാനല്ലേ, മോദി ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയല്ലേ, മണിക്കൂറുകള്‍ നാഷണല്‍ ഹെറാൾഡ് കേസില്‍ സോണിയയെയും രാഹുലിനെയും ചോദ്യം ചെയ്തത്. അങ്ങനെ ജനാധിപത്യ ചെറുത്തുനില്പിന്റെ പ്രതീകമായി നില്‍ക്കുന്ന രാഹുല്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് രാഷ്ട്രീയ ഗൗരവമില്ലായമയല്ലേ. തീര്‍ച്ചയായും ആണ്.

അപ്പോള്‍ ചോദിക്കും പിണറായി വിജയന്‍ എല്ലാ ദിവസവും രാവിലെ രാഹുലിനെതിരെയുള്ള പ്രസ്താവനയുമായല്ലേ ദിവസം തുടങ്ങുന്നതെന്ന് ചോദിച്ചാൽ. അതെ ശരിയാണ്. പോളിറ്റ് ബ്യൂറോ അംഗമാണെങ്കിലും പിണറായി വിജയന്റെ പ്രവര്‍ത്തനമേഖല കേരളം മാത്രമാണ്. കേരളത്തില്‍ ക്ലച്ച് പിടിക്കുമെന്ന് അദ്ദേഹം കരുതുന്ന രാഷ്ട്രീയം പറയുന്നു. ഇത്രയൊക്കെ പറഞ്ഞിട്ടും സിപിഎമ്മിന്റെ ദേശീയ നേതൃത്വം രാഹുലിനെ ശക്തമായി വിമര്‍ശിച്ചിട്ടുണ്ടോ? ഇല്ല. കാരണം അവര്‍ക്ക് ദേശീയ രാഷ്ട്രീയത്തെക്കുറിച്ച് അറിയാം എന്നതുതന്നെ. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ അഭ്യുദയകാംക്ഷിയാണ് താനെന്ന് സിപിഎം ദേശീയ നേതാവ് തന്നെ പറയുന്നത്.

രാഹുൽ ഒരു ദേശീയ നേതാവാണെന്ന് മറക്കരുത്
ബിജെപിയെയും മോദിയെയും അല്ല, എന്നെയാണ് കേരള മുഖ്യമന്ത്രി ആക്രമിക്കുന്നത്: രാഹുൽ ഗാന്ധി

എന്തുകൊണ്ടാണ് മലയാളികള്‍ ഏറെയുള്ള തമിഴ്‌നാട്ടില്‍ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോലും അവിടുത്തെ സിപിഎം പിണറായി വിജയനെ പ്രചാരണത്തിന് ക്ഷണിക്കാത്തത്. കോണ്‍ഗ്രസ് വിരോധം കേരളത്തില്‍ മാത്രം ചെലവാകുന്ന ഐറ്റമാണെന്ന് അവര്‍ക്കും അറിയാമെന്നത് കൊണ്ടുതന്നെ. പിണറായി വിജയനും കേരളത്തിലെ സിപിഎം നേതാക്കള്‍ക്കും ഇവിടുത്തെ സാഹചര്യം കൊണ്ട് അറിയാതെ പോകുന്നത്, സിപിഎമ്മിന്റെ മറ്റ് നേതാക്കള്‍ക്ക് അറിയാം. ഈ അറിവാണ് രാഹുല്‍ ഗാന്ധിയ്ക്ക് ഇല്ലാതെ പോയത്.

അദ്ദേഹം വയനാട്ടിലെ സ്ഥാനാര്‍ത്ഥി മാത്രമല്ല, ദേശീയ തലത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരായ പ്രതിരോധത്തിന്റെ പ്രതീകം കൂടിയാണ്. ആ ബോധം ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും, നഷ്ടപ്പെടാതെ രാഹുല്‍ സൂക്ഷിക്കേണ്ട രാഷ്ട്രീയ വിവേകമാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in