കേന്ദ്രത്തിനെതിരായ കേരള സർക്കാരിന്റെ സമരം നീതിയുക്തമാകുന്നത് എന്തുകൊണ്ട്?

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നാണ് പല തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളും ആരോപിക്കുന്നത്. എന്തുകൊണ്ടാവും ആരോപണം ശക്തമായത് ?

തെക്കെ ഇന്ത്യ എന്നത് ഒരു പ്രത്യേക രാജ്യമാണോ? ഈ ചോദ്യവുമായാണ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച പ്രസിദ്ധമായ ഒരു പുസ്തകം ആരംഭിക്കുന്നത്. ഡാറ്റാ സയന്റിസ്റ്റ് നിലകണ്ഠൻ ആർ എസിന്റെ സൗത്ത് വേഴ്‌സസ് നോർത്ത്, ഇന്ത്യാസ് ഗ്രേറ്റ് ഡിവൈഡ് എന്ന പുസ്തകത്തിലാണ് ഈ ചോദ്യം ഉന്നയിക്കപ്പെട്ടത്. ഇതേക്കുറിച്ച് ഇപ്പോൾ പറയാൻ കാരണം, തെക്കെ ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ ഡൽഹിയിൽ കേന്ദ്രത്തിനെതിരെ നടത്തുന്ന സമരമാണ്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നാണ് പല തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളും ആരോപിക്കുന്നത്. എന്തുകൊണ്ടാവും ഈ ഒരു ആരോപണം ശക്തമാകാൻ കാരണം?

കേന്ദ്ര സർക്കാർ പിരിച്ചെടുക്കുന്ന നികുതികൾ സംസ്ഥാനങ്ങൾക്കിടയിൽ വീതിച്ചെടുക്കുന്നതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ധനകാര്യ കമ്മീഷനുകളാണ്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം, രാജ്യത്തെ ആകെ വരുമാനത്തിന്റെ അതിൽ നികുതി- നികുതിയേതര വരുമാനങ്ങൾ എല്ലാം ഉൾപ്പെടും. അതിന്റെ 62 ശതമാനവും കേന്ദ്ര സർക്കാരിനാണ് ലഭിക്കുന്നത്. അതേസമയം, വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ വിവിധ മേഖലകളിലായി ചെലവിടുന്ന ആകെ തുകയുടെ 62 ശതമാനത്തിലേറെയും സംസ്ഥാനങ്ങളാണ് ചെലവഴിക്കുന്നത്.

കഴിഞ്ഞ ധനകാര്യ കമ്മീഷൻ 1971 ലെ സെൻസസിന് പകരം 2011 ലെ സെൻസസിന്റെ മാനദണ്ഡമാണ് ജനസംഖ്യയ്ക്കായി പരിഗണിച്ചത്. ഇതോടെയാണ് കേരളത്തിനും തമിഴ്‌നാടിനും തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും കാര്യങ്ങൾ പ്രതികൂലമാകുന്നത്

ഈയൊരു സാഹചര്യത്തിലും നികുതി സമാഹരണത്തിനുള്ള അധികാരം കൂടുതലും കേന്ദ്ര സർക്കാരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ജി എസ് ടി കൂടി വന്നതോടെ ഇത് വീണ്ടും ശക്തിപ്പെട്ടു. എന്നാൽ വലിയ പണച്ചെലവുള്ള വിദ്യാഭ്യാസം, ആരോഗ്യം എന്നിങ്ങനെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് സംസ്ഥാനമായതിനാലാണ് കേന്ദ്രം പിരിക്കുന്ന നികുതികളിൽ ചിലത് സംസ്ഥാനങ്ങളുമായി പങ്കിടമെന്ന വ്യവസ്ഥ വന്നത്. ഇത് ഭരണഘടനാപരമായി തന്നെ സ്ഥാപിക്കപ്പെട്ടതാണ്.

പക്ഷെ, കേന്ദ്ര നികുതികളിൽ എത്ര ശതമാനം സംസ്ഥാനങ്ങളുമായി പങ്കിടണമെന്ന് ധനകാര്യ കമ്മീഷനുകൾ തീരുമാനിക്കുക. 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം ആകെ നികുതി വരുമാനത്തിന്റെ 41 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ടത്. ഈ തുക എങ്ങനെ വിവിധ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കണം എന്നതിനും കമ്മീഷൻ ചില നിർദേശങ്ങൾ മുന്നോട്ടുവയ്ക്കും. ഈ നിർദേശങ്ങളാണ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ദോഷകരമായി ബാധിക്കുന്നത്. പ്രത്യേകിച്ചും കേരളത്തിനും തമിഴ്‌നാടിനും.

നികുതി സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള ഒരു പ്രധാന മാനനദണ്ഡം ജനസംഖ്യയാണ്. പിന്നെ തുല്യത, തുടങ്ങിയവും ഘടകമാക്കും. കഴിഞ്ഞ ധനകാര്യ കമ്മീഷൻ 1971 ലെ സെൻസസിന് പകരം 2011 ലെ സെൻസസിന്റെ മാനദണ്ഡമാണ് ജനസംഖ്യയ്ക്കായി പരിഗണിച്ചത്. ഇതോടെയാണ് കേരളത്തിനും തമിഴ്‌നാടിനും തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്കും കാര്യങ്ങൾ പ്രതികൂലമാകുന്നത്.

15-ാം ധനകാര്യ കമ്മീഷൻ
15-ാം ധനകാര്യ കമ്മീഷൻ

കാരണം 1971 ൽനിന്ന് 2011 ലേക്ക് എത്തുമ്പോൾ കേരളവും തമിഴ്‌നാടും പോലുള്ള സംസ്ഥാനങ്ങൾ ജനസംഖ്യ നിയന്ത്രിക്കുന്നതിൽ വലിയ നേട്ടം കൈവരിച്ചിരുന്നു. ഈ നേട്ടമാണ് സത്യത്തിൽ നമുക്ക് തിരിച്ചടിയായത്. അതുപോലെ പ്രതിശീർഷ വരുമാനത്തെ കണക്കിലാക്കിയുള്ള വീതം വെയ്പ്പിലും കേരളത്തിന് തിരിച്ചടി ഉണ്ടായി. സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി കുറയ്ക്കുന്നതിന് കേന്ദ്രം കണ്ടെത്തിയ മാർഗമാണ് സെസ് ഏർപ്പെടുത്തുകയെന്നത്. വിവിധ ഇനം സെസ്സുകളിലൂടെ കണ്ടെത്തുന്ന പണം കേന്ദ്രത്തിന് സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ല. ഇതെല്ലാം ശരിക്കും സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാകുന്ന ഘടകങ്ങളാണ്. ഇപ്പറഞ്ഞതൊക്കെ ധനകാര്യ കമ്മീഷന്റെ തീരുമാനങ്ങളാണ്.

അധികാര കേന്ദ്രീകരണമാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കുന്നു. സാംസ്‌കാരികമായും സാമൂഹ്യമായും വൈജാത്യമുള്ള ഇന്ത്യ എന്ന രാജ്യത്ത്, ഏകരീതി അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്

ഇതിന് പുറമെയാണ് കേന്ദ്രസർക്കാർ ചില തീരുമാനങ്ങൾ കൊണ്ടുവരുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് കടമെടുപ്പ് പരിധി കുറച്ച നടപടി. ഇതിനെതിരെയാണ് സംസ്ഥാനം സുപ്രീം കോടതിയിൽ പോയത്. ഈ നടപടി ശരിക്കും ധനകാര്യ ഫെഡറലസിത്തെ തകർക്കുന്നതാണ്. കിഫ്ബിയും അതുപോലെ ക്ഷേമ പെൻഷൻ നൽകുന്നതിന് രൂപികരിച്ച കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് കമ്പനിയും വാങ്ങിയ വായ്പ കൂടി കണക്കിലെടുത്താണ് കേരളത്തിന്റേ കടം എടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചത്. കിഫ്ബിയേ കുറിച്ചുള്ള രാഷ്ട്രീയ വിമർശനങ്ങൾ നിലനിൽക്കുമ്പോഴും, സംസ്ഥാനത്തിന്റെ സ്വതന്ത്ര്യ വികസന ശ്രമങ്ങൾക്ക് തടയിടുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് വ്യക്തമാണ്...

അധികാര കേന്ദ്രീകരണമാണ് ബിജെപിയുടെ ലക്ഷ്യം. അതിനായി വൈവിദ്ധ്യങ്ങളെ ഇല്ലാതാക്കുന്നു. സാംസ്‌കാരികമായും സാമൂഹ്യമായും വൈജാത്യമുള്ള ഇന്ത്യ എന്ന രാജ്യത്ത്, ഏകരീതി അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇതിന്റെ ഏറ്റവും കൂടുതൽ ഇരകളാകുന്നത് കേരളം പോലുള്ള തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളുമാണ്. 2026 ൽ മണ്ഡല പുനർനിർണയം നടക്കുമ്പോൾ, ജനസംഖ്യ കുറയുന്ന പ്രദേശങ്ങളിൽ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണത്തിലും കുറവുണ്ടാകും.

അതോടെ തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ നിലവിലുള്ള പ്രാമുഖ്യത്തിന് വീണ്ടും കുറവുവരും. കേന്ദ്രീകൃത രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയിൽ പിന്നീട് എന്തൊക്കെ പരിമതികളാവും തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരിടേണ്ടി വരികയെന്നത് കണ്ടറിയേണ്ടതാണ്. അവിടെയാണ് നിലവിലെ സംസ്ഥാന സർക്കാരിന്റെ സമരം കൂടുതൽ പ്രസക്തമാകുന്നത്

Related Stories

No stories found.
logo
The Fourth
www.thefourthnews.in