ഭരണകൂടത്തിന്റെ സുരക്ഷാ കവചത്തിൽ ബ്രിജ്ഭൂഷണ്‍;
നീതി നടത്തിപ്പിലെ ഇരട്ടത്താപ്പ്

ഭരണകൂടത്തിന്റെ സുരക്ഷാ കവചത്തിൽ ബ്രിജ്ഭൂഷണ്‍; നീതി നടത്തിപ്പിലെ ഇരട്ടത്താപ്പ്

നിയമത്തിന്റെ മുന്നില്‍ കൂടുതല്‍ സമന്മാരായ ചിലരുടെ കൂട്ടത്തില്‍പെട്ടയാളാണ് ബലാത്സംഗ കുറ്റാരോപണം നേരിടുന്ന ബിജെപിയുടെ എം പി ബ്രിജ്ഭൂഷണ്‍

രാജ്യത്ത് നീതി നടപ്പിലാക്കുന്നതിലെ ഇരട്ടത്താപ്പാണ് ഗുസ്തി താരങ്ങളെ ലൈംഗികമായി ആക്രമിച്ച ബിജെപി നേതാവ് ബ്രിജ്ഭൂഷന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന സമീപനം. ഇന്ത്യയില്‍ നീതി നടപ്പിലാക്കുന്നത് പ്രത്യേക രീതിയിലാണെന്നതിന് തെളിവാണിത് എന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍. അറസ്റ്റ് ചെയ്യാതിരിക്കാനുള്ള കാരണങ്ങളാണ് ഭരണകൂടം തേടി കൊണ്ടിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.

പൊതുവിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചതിനാണ് വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത്. ഇന്നിതുവരെ വിചരണപോലുമില്ലാതെ അദ്ദേഹം ജയിലില്‍ കഴിയുകയാണ്. ഡല്‍ഹിയില്‍ വര്‍ഗീയ കലാപമുണ്ടായപ്പോള്‍, എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചുനില്‍ക്കേണ്ടതുണ്ടെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടേത് വിഭാഗീയമായ താത്പര്യങ്ങാളാണെന്നും ഉമര്‍ പറഞ്ഞു. പിന്നാലെയാണ് അറസ്റ്റും ജയിലില്‍ അടക്കപ്പെടുന്നതും. വര്‍ഗീയ കലാപത്തിന് ഒത്താശ ചെയ്തുവെന്നാണ് ഉമറിനെതിരേയുള്ള ആരോപണം. ഇത്തരത്തില്‍ നിരവധി പേരാണ് വിചാരണയില്ലാതെ ജയിലില്‍ കിടക്കുന്നതെന്നാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ വച്ച കണക്കനുസരിച്ച് 4,27,165 പേരാണ് ഇന്ത്യയിലെ വിവിധ ജയിലുകളില്‍ വിചാരണ ഇല്ലാതെ കഴിയുന്നത്. വിചാരണ തടവുകാരില്‍ 66 ശതമാനവും മുസ്ലീങ്ങളോ ദളിതരോ ആയ ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരായ മനുഷ്യരാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഈ യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴാണ് ബ്രിജ്ഭൂഷൺ വ്യത്യസ്തനാകുന്നത്. കുറ്റം തെളിഞ്ഞാലും ശിക്ഷിക്കപ്പെട്ടാലും ചിലര്‍ക്ക് വേണ്ടി ഭരണകൂടം രംഗത്തിറങ്ങുന്നത് വ്യക്തമാക്കുന്നതുപോലെയാണ് ബ്രിജ്ഭൂഷണെ സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍. ബില്‍ക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തും, അവരുടെ കുടുബത്തെ കൂട്ട കൊലചെയ്യുകയും ചെയ്ത ക്രിമിനലുകളെ ജയില്‍ മോചിതരാക്കിയത് ഗുജറാത്തിലെ ബിജെപി സര്‍ക്കാരാണ് അതാണ് നീതി നടപ്പിലാക്കുന്നതിന്റെ ഒരു രീതി.

കര്‍ഷകസമരം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ സച്ചിന്‍ ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തെ ഇന്ത്യയുടെ ആഭ്യന്തര കാര്യമായി കണ്ടില്ലെന്നതും വ്യക്തമാണ്. അദ്ദേഹത്തിന് മാത്രമല്ല, പലരും ഗുസ്തി താരങ്ങളെ പിന്തുണക്കാന്‍ തയാറായിട്ടില്ല. മലയാളത്തിലെ മിക്ക മഹാനടന്മാരുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ല. ടോവിനോയും സുരാജും തുടങ്ങി ചുരുങ്ങിയ താരങ്ങള്‍ മാത്രമാണ് ഗുസ്തി താരങ്ങളെ പിന്തുണച്ചത്.

logo
The Fourth
www.thefourthnews.in