മണിഹൈസ്റ്റ് അല്ല ബെര്‍ലിന്‍

2023 അവസാനിക്കുമ്പോൾ ആരാധകർക്കായി വേൾഡ് ഓഫ് മണിഹൈസ്റ്റിൽ നിന്ന് ഒരു സമ്മാനമായിട്ടാണ് മണിഹൈസ്റ്റിന്റെ സ്പിൻഓഫ് സീരീസ്-ബെർലിൻ നെറ്റ്ഫ്ളിക്‌സ് റിലീസ് ചെയ്യുന്നത്

നല്ല ചൂടൻ കോഴിക്കോടൻ ബിരിയാണിയും കാത്തിരിക്കുമ്പോൾ കുറച്ച് ആറിയ കഞ്ഞി മുന്നിൽ കൊണ്ട് വച്ചാൽ എങ്ങനെയിരിക്കും? കഞ്ഞി മോശമാണെന്നല്ല. പ്രതീക്ഷയും കിട്ടുന്നതും തമ്മിലുള്ള വ്യത്യാസമാണ് വില്ലൻ. അതേ അവസ്ഥയാണ് ബെർലിൻ സീരീസ് കണ്ടപ്പോഴും. പ്രതീക്ഷിച്ചത് മണിഹൈസ്റ്റാണ്. പക്ഷേ കിട്ടിയതോ തണുത്ത ലവ് ഡ്രാമ എന്ന് വേണമെങ്കിലും വിശേഷിക്കാവുന്ന ഒന്ന്.

ലോകം കീഴടക്കിയ കള്ളന്മാർ- ബാങ്ക് ഓഫ് സ്പെയിനിലും റോയൽമിന്റിലും കൊള്ള നടത്തുന്ന ഓരോ മിനിറ്റിലും അവർ ലോകത്തിന്റെ മനസ്സും കവർന്നെടുക്കുകയായിരുന്നു. മണിഹൈസ്റ്റ്- പ്രൊഫസറും സംഘവും ചരിത്രമുണ്ടാക്കിയാണ് മടങ്ങിയത്. 2021 ഡിസംബറിൽ റിലീസ് ചെയ്ത ഹാപ്പി എൻഡിങ് ആയ അഞ്ചാം സീസൺ കഴിഞ്ഞപ്പോൾ പ്രൊഫസറേയും സംഘത്തേയും പോലെ ആനന്ദമായിരുന്നു കാഴ്ചക്കാർക്കും. ഇനിയൊരു ഹൈസ്റ്റിന്റെ സാധ്യതകൾ ഇല്ലാതെയാണ് അത് അവസാനിച്ചതും. പിന്നീടുള്ള രണ്ട് വർഷങ്ങളിൽ പലപ്പോഴും മണിഹൈസ്റ്റ് ടോപ്പ് ട്രെൻഡിങ്ങിൽ വന്ന് പോയി. ഡാലി മാസ്‌ക്കും ചുവന്ന ജംസ്യുട്ടും അണിഞ്ഞ കൊള്ളസംഘത്തിനൊപ്പം ലോകമാകെയുള്ള ആരാധകരും സഞ്ചരിച്ചു. അഞ്ചാം സീസൺ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ മണിഹൈസ്റ്റിന്റെ സ്പിൻഓഫ് സീരീസ്-ബെർലിൻ നെറ്റ്ഫ്ളിക്‌സ് അനൗൺസ് ചെയ്തു. 2023 അവസാനിക്കുമ്പോൾ ആരാധകർക്കായി വേൾഡ് ഓഫ് മണിഹൈസ്റ്റിൽ നിന്ന് ഒരു സമ്മാനമായി പ്രീക്വൽ എത്തി.

മിസോജിനിസ്റ്റ്, സൈക്കോപാത്ത്, ഈഗോസെൻട്രിക്, നാർസിസ്റ്റ്, റേപ്പിസ്റ്റ് ആയ ഒരു കഥാപാത്രമെന്ന് മണിഹൈസ്റ്റിന്റെ ക്രിയേറ്ററായ പിന പറഞ്ഞ അതേ ബർലിൻ, പെദ്രോ അലൺസോ ഭംഗിയായി അഭിനയിച്ച് അവതരിപ്പിച്ച ആൻഡ്രേസ് ഫൊണോലോസ്സാ അഥവാ ബെർലിൻ, ആണ് മണിഹൈസ്റ്റ് പ്രീക്വൽ ബർലിനിലെ കേന്ദ്ര കഥാപാത്രം. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ദൈർഘ്യമുള്ള എട്ട് എപ്പിസോഡുകളിലൂടെ പറയുന്നത് ഒരു ഹൈസ്റ്റിന്റെ കഥ തന്നെയാണ്.

മണിഹൈസ്റ്റിന്റെ ആദ്യ സീസണിന് മുന്നെ, അതായത് പ്രൊഫസറുടെ നേതൃത്വത്തിൽ റോയൽമിന്റ് കൊള്ളയടിക്കുന്നതിനും മുമ്പാണ് കഥ നടക്കുന്നത്. ഫ്രാൻസിലെ ഏറ്റവും വലിയ ലേലശാലയിൽ നിന്ന് 44 മില്യൺ യൂറോസ് വില വരുന്ന ആഭരണങ്ങൾ കൊള്ളയടിക്കാനാണ് ബർലിൻ ഒരുങ്ങുന്നത്. ഇതിനായി അത്രത്തോളം കോംപീറ്റന്റ് അല്ലാത്ത പ്രൊഫഷണൽ അല്ലാത്ത ഒരു കൂട്ടത്തെ ഒപ്പം ചേർക്കുന്നു. കൊള്ള നടത്തുന്നു. പക്ഷെ ബർലിൻ പ്രണയത്തിലാണ്. അതും എതിരാളിയുടെ ഭാര്യയുമായി. ഒരു വശത്ത് സംഘം കവർച്ചക്കുള്ള മുന്നേറ്റങ്ങൾ നടത്തുമ്പോൾ ബർലിൻ പ്രണയത്തിന് പുറകെയാണ്.

മണിഹൈസ്റ്റിന്റെ ലൈറ്റർ വേർഷൻ ആണ് ക്രിയേറ്റർമാരായ അലക്സ് പിനയും എസ്തർ മാർടിനേസ് ലൊബാട്ടോയും ഉദ്ദേശിച്ചത്. എന്നാൽ നമുക്ക്, പ്രത്യേകിച്ച് മണിഹൈസ്റ്റിന്റെ ബാക്ക്ലോഗ് ഉള്ളവർക്ക് ബർലിൻ പ്രതീക്ഷിച്ചതിലും ലൈറ്റർ ആയി തോന്നും. കോമഡി ടോൺ അധികമായി വന്ന ലവ് ഡ്രാമ, അതിൽ ഹൈസ്റ്റും ഒരു ഭാഗമാണൈന്ന് മാത്രമേയുള്ളൂ.

മണിഹൈസ്റ്റ് മുൻ സീസണുകളിൽ ഹൈസ്റ്റ് നടത്തുന്നതിന് വ്യക്തമായ, രാഷ്ട്രീയമായ കാരണങ്ങൾ ഉണ്ടായിരുന്നു. റോബിൻഹുഡിനെയാണ് കഥ അനുസ്മരിപ്പിച്ചത്. എന്നാൽ ബർലിൻ ലേലശാലയിൽ നിന്ന് ആഭരണം കവർച്ച ചെയ്യാൻ തീരുമാനിച്ചതിന് ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയമോ, വ്യക്തതയോ ഇല്ല. കേവലം ഒരു കവർച്ച, അത്രേയുള്ളൂ.

വെടി, പുക, ചാരം, അവസാന മണിഹൈസ്റ്റ് സീസണുകളെ അങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നവരുണ്ടെങ്കിലും 41-ാം എപ്പിസോഡ് വരെ ഒരു നിമിഷം പോലും സ്‌കിപ്പ് ചെയ്യാൻ തോന്നിപ്പിക്കാത്ത, ത്രില്ലിങ്ങായ, സസ്പൻസ്ഫുൾ ആയ, ഒരു മുറുക്കം മണിഹൈസ്റ്റിനുണ്ടായിരുന്നു. എന്നാൽ അതാണ് നിരാശപ്പെടുത്തും വിധം ബർലിനിൽ ഇല്ലാതാവുന്നത്.

കവർച്ചയുടെ പുരോഗതിയിൽ ട്വിസ്റ്റ് ആൻഡ് ടേൺസ്, തടസങ്ങൾ വരുകയും അതിനെ മറികടക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതെല്ലാം വളരെ ഫ്രജൈൽ ആയി തോന്നിക്കും. മണിഹൈസ്റ്റിന്റെ ബാക്ക് ലോഗ് നിലനിൽക്കുന്നതിനാൽ ക്രിയേറ്റർമാരും അത്തരം സാഹചര്യങ്ങൾ മനപ്പൂർവമായി കഥയ്ക്കിടെ പ്ലാന്റ് ചെയ്യുന്നത് പോലെ അനുഭവപ്പെടും. ഇത് ആസ്വാദനത്തിന് തടസ്സമുണ്ടാക്കുന്നു. മണിഹൈസ്റ്റ് സീസണുകളിൽ ഒരു കഥാപാത്രം തന്നെയായിരുന്നു അതിലെ മ്യൂസിക്. എന്നാൽ അതും ബർലിനിൽ മിസ്സിങ്ങാണ്.

വേണ്ടതിലുമധികം ഇഴഞ്ഞ് നീങ്ങുന്ന, ഡ്രാമയിൽ പ്രണയവും സെക്സും സൗഹൃദവും എല്ലാം വരുന്നുണ്ടെങ്കിലും അതും പ്രേക്ഷകനും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള കണക്ഷൻ ഉണ്ടാക്കാനായോ എന്നതിൽ സംശയമാണ്. കവർച്ച പോലും അസാധ്യമാം വിധം വേഗത്തിൽ വലിയ തട്ടുകേടില്ലാതെ നടക്കുന്നു. ബർലിനിലെ രക്ഷപെടലുകളും മണിഹൈസ്റ്റ് കണ്ട പ്രേക്ഷകർക്ക് ഒരു ത്രില്ലും സമ്മാനിക്കുന്നില്ല. അസുഖബാധിതനാവുന്നതിന് മുമ്പുള്ള ബർലിൻ എങ്ങനെയായിരുന്നു എന്നതാണ് പ്രധാന ഫോക്കസ്. ഇത് മുൻ സീസണുകളിലും ഫ്ളാഷ്ബാക്കായി പലപ്പോഴും കണ്ടതാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തനായ ബർലിനെയാണ് ഇതിൽ കാണാനാവുക. സൈക്കോ പോലീസ് ഓഫീസറായ അലൻസിയ സൈറയും ദ മോസ്റ്റ് ലവബിൾ പോലീസ് ഓഫീസറും പ്രൊഫസറുടെ പാർട്ണറുമായ റേക്വലും അവരുടെ ഭൂതകാലത്തിൽ നിന്ന് ബർലിനിൽ വരുന്നുണ്ട്.

സിറ്റി ഓഫ് ലവ് ആയ പാരിസിലാണ് കഥ നടക്കുന്നത്. പാരിസിന്റെ സൗന്ദര്യം ഉൾക്കൊള്ളുന്ന ഓരോ ഫ്രേമുകളും കാഴ്ചക്കാരെ പിടിച്ചുനിർത്തും. മണിഹൈസ്റ്റിന്റെ പ്രത്യേകത അതിന്റെ പ്രൊഡക്ഷൻ ആയിരുന്നു. അത് ബർലിനിലും അതിമികവോടെ സാധിച്ചിട്ടുണ്ട്. എന്നാൽ നരേഷനും സ്‌ക്രിപ്റ്റും ആണ് ഒരു പരിധിവരെ ബർലിനെ മണിഹൈസ്റ്റിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒട്ടുംതന്നെ ഗ്രിപ്പ് ഇല്ലാതെ പ്ലാന്റ് ചെയ്ത സാഹചര്യങ്ങളിലൂടെ മുന്നോട്ട് പോവുന്ന ബർലിൻ പലതലത്തിൽ മണിഹൈസ്റ്റ് ആരാധകരെ നിരാശപ്പെടുത്തും. തങ്ങളുടെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ വീണ്ടും കാണുന്നതൊഴിച്ചാൽ മറ്റ് സന്തോഷങ്ങൾ അത് നൽകുന്നുണ്ടോ എന്ന് സംശയമാണ്. നെറ്റ്ഫ്ളിക്സിൽ മണിഹൈസ്റ്റ് ബർലിൻ കാണാം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in