'വി ആര്‍ ദ വേള്‍ഡി'ന്‌റെ ആ രാത്രി

അമേരിക്കന്‍ സംഗീതലോകത്തെ വെളുത്തവരും കറുത്തവരുമായ സംഗീതജ്ഞര്‍ ഒന്നിച്ച് നിന്ന് ആ പാട്ട് യാഥാര്‍ഥ്യമാക്കി. ചാരിറ്റി സിംഗിള്‍ ആയ ' വീ ആര്‍ ദ വേള്‍ഡ്'.

1985, ജനുവരി 28, ലോകത്തെ ഇളക്കി മറിക്കാന്‍ പോന്ന ഒന്ന് അന്ന് സംഭവിച്ചു. ഒരു ചരിത്രം. പോപ്പ് സംഗീതത്തിന്റെ ഏറ്റവും ഗ്ലാമറസ് കാലഘട്ടമായിരുന്നല്ലോ എണ്‍പതുകള്‍. അക്കാലത്ത് പോപ്പ് സംഗീതത്തില്‍ തിളങ്ങി നിന്നിരുന്നവര്‍, അവരവരുടേതായ ലെഗസി ഉണ്ടാക്കിയവര്‍, 40 ഗായകര്‍, അന്ന് എ ആന്‍ഡ് എം സ്റ്റുഡിയോയില്‍ ഒത്തുചേര്‍ന്നു. പള്ളി ക്വയര്‍ സംഘത്തെപ്പോലെ ഓരോരുത്തരുടെ പൊസിഷനില്‍ അണിനിരന്നു. അവര്‍ ഒന്നിച്ച് പാടി ' വീ ആര്‍ ദ വേള്‍ഡ്'.. പോപ്പ് സംഗീത ലോകത്തെ ആദ്യത്തെ ഒത്തുചേരലായിരുന്നു അത്.

എന്തിനായിരുന്നു അത്? ആഫ്രിക്കയില്‍ ദാരിദ്ര്യവും പട്ടിണിയും കൊടുമ്പിരികൊണ്ടിരിക്കുന്ന കാലമായിരുന്നു അന്ന്. കുഞ്ഞുങ്ങളുള്‍പ്പെടെ പട്ടിണിയില്‍ മരിച്ചുവീണിരുന്ന കാലം. പ്രത്യേകിച്ചും എത്യോപ്യയില്‍. ഇവരുടെ പട്ടിണി മാറ്റാന്‍ കലാകാരന്മാര്‍ക്ക് എന്ത് ചെയ്യാന്‍ പറ്റും? യുകെ യിലെ ബാന്‍ഡ് ' ഡൂ ദേ നോ ഇറ്റ്സ് ക്രിസ്മസ്?' എന്ന പാട്ട് റിലീസ് ചെയ്തത് 1984 ഡിസംബറിലായിരുന്നു. അപ്പോഴാണ് സംഗീതജ്ഞനും ആക്ടിവിസ്റ്റുമായ ഹാരി ബെലാഫൊണ്ടേ ആഫ്രിക്കന്‍ പട്ടിണിക്കായി ഒരു അമേരിക്കന്‍ ബെനഫിറ്റ് സിംഗിളിനെക്കുറിച്ച് ആലോചന തുടങ്ങുന്നത്. അമേരിക്കന്‍ മ്യൂസിക് മാനേജരും പ്രൊഡ്യൂസറുമായ കെന്‍ ക്രാഗനെ ഈ ചിന്തയ്ക്കൊപ്പം കൂട്ടി. അങ്ങനെ ആ ആലോചന യാഥാര്‍ഥ്യമാക്കാനായി ഇരുവരുടേയും ശ്രമം. പല ആര്‍ട്ടിസ്റ്റുകളേയും അവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. അതില്‍ ആദ്യത്തേത് പോപ്പ് സിംഹം മൈക്കിള്‍ ജാക്സണും ലയണല്‍ റിച്ചിയുമായിരുന്നു. ഒരു പാട്ട്, ആഫ്രിക്കയ്ക്കായി എഴുതണം, ഇരുവര്‍ക്കും കെന്നും ഹാരിയും വച്ച നിര്‍ദ്ദേശം അതായിരുന്നു. പിന്നീട് ആ പാട്ട് യാഥാര്‍ഥ്യമാക്കുക എന്നത് റിച്ചിയുടെ കൂടെ ലക്ഷ്യമായി. ക്വിന്‍സി ജോണ്‍സ് എന്ന സംവിധായകനെ അതിനായി ആദ്യം സംഘത്തില്‍ നിരത്തി. അതോടെ കാര്യങ്ങള്‍ കുറേക്കൂടി ഉഷാറായി. അവിടെ നിന്ന് തുടങ്ങിയ യാത്രകള്‍ അവസാനിക്കുന്നത് 1985 ജനുവരി 22ന് നടന്ന അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് ഫങ്ഷനിലാണ്. ലയണല്‍ റിച്ചിയായിരുന്നു ആ പരിപാടിയുടെ സംഘാടകന്‍.

അതുകൊണ്ടുതന്നെ അന്ന് വന്ന് കിട്ടുന്ന എല്ലാവരേയും സ്റ്റുഡിയോയില്‍ എത്തിക്കുക, വളരെ രഹസ്യമായി തന്നെ ആ പാട്ട് പാടിക്കുക- അതായിരുന്നു ക്വിന്‍സിയും റിച്ചിയും കെന്നും ഉള്‍പ്പെടെ എല്ലാവരുടേയും ഉദ്ദേശ്യം. എന്നാല്‍ ആരൊക്കെ വരും? ആരെല്ലാം തയ്യാറാവും? വന്നാല്‍ തന്നെ, എല്ലാവരും ലെജന്‍ഡ്സ് ആണ്, അവരെ എങ്ങനെ ഒരു സ്റ്റുഡിയോക്കുള്ളില്‍ ഒന്നിച്ചിണക്കും. അങ്ങനെ ആശങ്കകളുടേതായ ദിവസങ്ങള്‍.

'വി ആര്‍ ദ വേള്‍ഡി'ന്‌റെ ആ രാത്രി
അഭിനയ മികവിന്റെ സൂപ്പ്

അവര്‍ സമീപിച്ചവരില്‍ പലരും ഒപ്പം നില്‍ക്കാമെന്നറിയിച്ചു. പലരും പിന്മാറി. എങ്കിലും ഒടുവില്‍ അത് സംഭവിച്ചു. അമേരിക്കന്‍ സംഗീതലോകത്തെ വെളുത്തവരും കറുത്തവരുമായ സംഗീതജ്ഞര്‍ ഒന്നിച്ച് നിന്ന് ആ പാട്ട് യാഥാര്‍ഥ്യമാക്കി. ചാരിറ്റി സിംഗിള്‍ ആയ ' വീ ആര്‍ ദ വേള്‍ഡ്'. പ്രീ ഇന്റര്‍നെറ്റ് ഇറയില്‍ ആ പാട്ട് ലോകം മുഴുവന്‍ സഞ്ചരിച്ചു. റെക്കോര്‍ഡുകള്‍ ഭേദിച്ചായിരുന്നു ആ സിംഗിളിന്റെ വില്‍പ്പന. 20 മില്യണ്‍ കോപ്പികള്‍, ഇന്നും ബെസ്റ്റ് സെല്ലിങ് ഫിസിക്കല്‍ സിംഗിളില്‍ ഒമ്പതാം സ്ഥാനത്താണ് വീ ആര്‍ ദ വേള്‍ഡ്.

ആ ദിവസത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് നെറ്റ്ഫ്ലിക്സില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുന്ന ' ദ ഗ്രേറ്റസ്റ്റ് നൈറ്റ് ഇന്‍ പോപ്' ലോകത്തെ മോസ്റ്റ് ഇംപ്രസീവ് സൂപ്പര്‍ഗ്രൂപ്പിനെ അസംബിള്‍ ചെയ്ത് ലോസ് ആഞ്ചല്‍ലസിലെ എ ആന്‍ഡ് എം സ്റ്റുഡിയോയില്‍ എത്തിച്ച, വീ ആര്‍ ദ വേള്‍ഡ് യാഥാര്‍ഥ്യമാക്കിയ യാത്ര, അത് പറയുന്ന ഡോക്യുമെന്ററി. സംഗീതജ്ഞരെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമെല്ലാമുള്ള ഡോക്യുമെന്ററികള്‍ പലപ്പോഴായി വന്നുപോയിട്ടുണ്ട്. എന്നാല്‍ മീഡിയോക്കര്‍ സ്വഭാവമില്ലാതെ, ആ പാട്ട് സംഭവിച്ചതിന് പിന്നിലുള്ള കുഞ്ഞുകുഞ്ഞു കാര്യങ്ങളടക്കം വളരെ മനോഹരമായി അടുക്കിവച്ച ഡോക്യുമെന്ററിയാണ് ദ ഗ്രേറ്റസ്റ്റ് നൈറ്റ് ഇന്‍ പോപ്. ആകെ ഒരു മണിക്കൂറും 36 മിനിറ്റിലും, ഒരു സെക്കന്‍ഡില്‍ പോലും കാഴ്ചക്കാരുടെ, പ്രത്യേകിച്ച് സംഗീതപ്രേമികളുടെ, പോപ്പ് സംഗീതം ഒരിക്കലെങ്കിലും ആസ്വദിച്ചവരുടെ ശ്രദ്ധ ആ സിനിമയില്‍ നിന്ന് പുറത്ത് പോവില്ല. അതില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ട്. നര്‍മ്മമുണ്ട്. വരികളും സംഗീതവും ഉള്‍പ്പെടെ അവസാന നിമിഷവും മാറി മറിയുന്നതിന്റെ ആകാംക്ഷയുണ്ട്. സംഘാടകരുടെ വെല്ലുവിളികളുണ്ട്.

മൈക്കിള്‍ ജാക്സണ്‍, ലയണല്‍ റിച്ചി, റേ ചാള്‍സ്, ബോബ് ഡൈലന്‍, സ്റ്റീവ് വണ്ടര്‍, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍, ഡയന റോസ്, ഷീല ഇ, ടിന ടേണര്‍, ബില്ലി ജോയല്‍, പോള്‍ സൈമണ്‍ തുടങ്ങി ഒരു നിര ഗായകര്‍.. ഓരോരുത്തരേയും എങ്ങനെയാണ് വിശ്വസിപ്പിക്കുന്നത്? അന്ന് തരംഗമായിരുന്ന പ്രിന്‍സ് എന്തുകൊണ്ട് ഈ സംരംഭത്തില്‍ പങ്കെടുത്തില്ല? അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് കഴിഞ്ഞ് ഓരോരുത്തരായി സ്റ്റുഡിയോയിലെത്തുമ്പോള്‍ സ്റ്റുഡിയോയുടെ ഡോറില്‍ ഇങ്ങനെ എഴുതിയിരുന്നു, ' ചെക്ക് യുവര്‍ ഈഗോ അറ്റ് ദ ഡോര്‍'. എന്നാല്‍ അത് എഴുതി വച്ച അത്ര എളുപ്പമായിരുന്നില്ല ആ വാതിലിനപ്പുറത്തെ കാര്യങ്ങള്‍.

രാത്രി 10.30ന് എല്ലാ ഗായകരും പൊസിഷനില്‍ നിന്നു. ഓരോരുത്തര്‍ക്കും ലഭിച്ച ലിറിക്കല്‍ പാര്‍ട്ടുകള്‍ പാടുന്നതിനിടയിലാണ് സ്റ്റീവ് വണ്ടര്‍ അയാളുടെ വരികള്‍ സ്വാലിഹി ഭാഷയില്‍ മാറ്റാമെന്ന സജഷന്‍ വരുന്നത്. അതില്‍ വഴക്കിട്ട് വെയ്ലോണ്‍ ജെന്നിങ്സ് സ്റ്റുഡിയോയില്‍ നിന്ന് പുറത്ത് പോവുന്നു. ഇങ്ങനെ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹവും കൂടിച്ചേരലുമെല്ലാം ഡോക്യുമെന്ററിയില്‍ മറകളില്ലാതെ കാണിക്കുന്നു.

'വി ആര്‍ ദ വേള്‍ഡി'ന്‌റെ ആ രാത്രി
മാട്രിമോണി കെണിയാവുന്ന കഥ പറയുന്ന വെഡ്ഡിങ്. കോൺ

ഡയറക്ടര്‍ ബാവോ ന്യുവന്‍ അന്നത്തെ കാലത്തിലൂടെ നടത്തുന്ന യാത്ര, അതി മനോഹരമാണ്. അന്ന് അതില്‍ പങ്കെടുത്തവരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന പലരിലൂടെയുമാണ് ആ ദിവസത്തെ ചരിത്രം പറയുന്നത്. പറച്ചിലുകളില്‍ പ്രധാനി സാക്ഷാല്‍ ലയണല്‍ റിച്ചി തന്നെയാണ്. മൈക്കിളുമായുള്ള ബന്ധം, അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നുള്ള പാട്ടെഴുത്ത് അങ്ങനെ അങ്ങനെ...

സ്റ്റുഡിയോയില്‍ എല്ലാവരും എത്തിച്ചേര്‍ന്ന് കഴിഞ്ഞാല്‍ കിന്‍ഡര്‍ ഗാര്‍ഡനില്‍ ചെന്ന പോലെയായിരുന്നു എന്ന് റിച്ചി പറയുമ്പോള്‍ ആ അവസ്ഥ കാഴ്ചക്കാരനിലേക്കും എത്തും. അന്ന് 80 മില്യണിലധികം യുഎസ് ഡോളര്‍ ആഫ്രിക്കയ്ക്കായി ശേഖരിച്ചു വീ ആര്‍ ദ വേള്‍ഡ്. ആ വിജയത്തില്‍ നിന്ന് ഡോക്യുമെന്ററി അവസാനം എത്തുന്നത് റിച്ചിയിലേക്ക് തന്നെയാണ്.

' എന്റെ അച്ഛന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, വീട്ടിലേക്ക് വരുന്നതില്‍ സന്തോഷിക്കണം, കാരണം വീട് എന്നും ഉണ്ടാവും, എന്നാല്‍ വീട്ടിലുണ്ടായിരുന്നവര്‍ ഉണ്ടാവണമെന്നില്ല, ഇതായിരുന്നു ആ റൂം. ദാ ഇവിടെയായിരുന്നു ബോര്‍ഡ്. ഉംബര്‍ട്ടോ ഇപ്പോള്‍ അതിന്റെ പിന്നിലിരിക്കുന്നില്ല. ദാ അവിടെയായിരുന്നു മൈക്കിള്‍ ജാക്സണ്‍. സ്പ്രിങ്സ്റ്റീന്‍ ദാ ആ കോര്‍ണറില്‍ ആയിരുന്നു. സിന്‍ഡി ലോപ്പര്‍ ദേ ഇവിടെയായിരുന്നു. വളരെ സ്പെഷ്യല്‍ ആയിരുന്നു അത്. ഈ റൂം എന്റെ വീടായാണ് ഞാന്‍ ചിന്തിക്കുക. ഇതായിരുന്നു ആ വീട്, അവിടെയാണ് വീ ആര്‍ ദ വേള്‍ഡ് പണിതത്.' എന്ന് സ്റ്റുഡിയോയില്‍ ഇരുന്ന് ഓരോ സ്ഥലവും ചൂണ്ടി, ഇടയ്ക്ക് നിര്‍ത്തി കണ്ണ് തുടച്ച് റിച്ചി പറഞ്ഞതോടെ ഡോക്യുമെന്ററി അവസാനിക്കുന്നു. വീ ആര്‍ ദ വേള്‍ഡ് ആസ്വദിച്ച, ആസ്വദിക്കുന്നവരുടെ ചങ്കിലേക്ക് ആ ഫീലിങ്സ് തുളച്ചുകയറാതെ തരമില്ല. അത് ഒരു പാട്ട് മാത്രമായിരുന്നില്ല. രാഷ്ട്രീയവുമായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in