അഭിമാനമാകാൻ ചന്ദ്രയാൻ-3; കാത്തിരിപ്പിൽ രാജ്യം

ജൂലൈ 14 ഉച്ചയ്ക്ക് 2.35 നാണ് രാജ്യം കാത്തിരിക്കുന്ന ചന്ദ്രയാൻ 3 വിക്ഷേപണം

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാന്‍ മൂന്നിന്‌റെ വിക്ഷേപണം ജൂലൈ 14 നാണ്. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററില്‍ നിന്ന് വിക്ഷേപണ വാഹനമായ എല്‍വിഎം3, ചന്ദ്രയാന്‍ മൂന്നുമായി കുതിച്ചുയരും.

ഓഗസ്റ്റ് 23 ന് ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യും വിധമാണ് വിക്ഷേപണം ക്രമീകരിച്ചിരിക്കുന്നത്. ചന്ദ്രനിലെ സൂര്യോദയം കണക്കാക്കിയാണ് ഓഗസ്റ്റ് 23 എന്ന ലാന്‍ഡിങ് തീയതി കണക്കാക്കിയത്. ഇതില്‍ വ്യത്യാസം ഉണ്ടായാല്‍ ലാന്‍ഡിങ് തീയതി സെപ്റ്റംബറിലേക്ക് മാറും. എല്ലാം നിശ്ചയിച്ച പ്രകാരം മുന്നോട്ടു പോകുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആര്‍ഒ.

അഭിമാനമാകാൻ ചന്ദ്രയാൻ-3; കാത്തിരിപ്പിൽ രാജ്യം
പ്രതീക്ഷയോടെ രാജ്യം; ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്ന ആ വലിയ കടമ്പ ഇന്നേവരെ മറികടന്നത് മൂന്നേ മൂന്ന് രാജ്യങ്ങാണ് ആനിരയിലേക്ക് ഉയരാനുള്ള ഇന്ത്യന്‍ സ്വപ്‌നവുമായാണ് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരുന്നത്. 2000 ലാണ് ചാന്ദ്രയാത്ര എന്ന ആശയം ഐഎസ്ആര്‍ഒ ആദ്യമായി പരിഗണിക്കുന്ത്. എട്ട് വര്‍ഷം കഴിഞ്ഞ് ആദ്യ ദൗത്യമായ ചന്ദ്രയാന്‍ 1 യാഥാര്‍ഥ്യമായി. ചന്ദ്രനെ വലംവയ്ക്കുന്ന ഒര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കിയ മൂണ്‍ ഇംപാക്റ്റ് പ്രോബ് എന്നിവയാണ് ചന്ദ്രയാന്‍ 1ന്റെ പ്രധാന ഭാഗങ്ങള്‍. പ്രോബ് ഇടിച്ചിറക്കുന്നതിന് പകരം ലാന്‍ഡറും റോവറും സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു ചന്ദ്രയാന്‍ രണ്ടിന്റെ ലക്ഷ്യം.

2019 ജൂലൈ 22 നാണ് ചന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്. അതേ വര്‍ഷം ഓഗസ്റ്റ് 20ന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ലാന്‍ഡറും റോവറും ഇറക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ലാന്‍ഡിങ് ശ്രമത്തിനിടെ സെപ്റ്റംബര്‍ ആറിന് പേടകം ക്രാഷ് ലാന്‍ഡ് ചെയ്തു. സോഫ്റ്റ്‌വെയര്‍ തകരാറാണ് ഇതിന് കാരണമായത്. ഭാഗികമായി പരാജയപ്പെട്ട ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം. ചന്ദ്രയാന്‍ രണ്ടില്‍, വിക്രം ലാന്‍ഡര്‍, പ്രഗ്യാന്‍ റോവര്‍, ഒരു ഓര്‍ബിറ്റര്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ഏഴ് വര്‍ഷം കാലാവധിയുള്ള ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഇത് അതേപടി നിലനിര്‍ത്തി പുതിയ ലാന്‍ഡറും റോവറും വിക്ഷേപിക്കുകയാണ് ചന്ദ്രയാന്‍ മൂന്നില്‍. രൂപത്തിലും ഘടനയിലും ചന്ദ്രയാന്‍ രണ്ടുമായി വലിയ സാമ്യമുണ്ടെങ്കിലും പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് സാങ്കേതികതമായി ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ചന്ദ്രയാൻ 3 പേടകം
ചന്ദ്രയാൻ 3 പേടകം

ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടാല്‍ റീലാന്‍ഡിങ് നടത്താന്‍ സൗകര്യമുണ്ടെന്നതാണ് ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന സവിശേഷത. ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍ മൂന്നിന്റെ ഘടകങ്ങള്‍. ജിഎസ്എല്‍വി മാക്ക് ത്രീ (എല്‍വിഎം3) യാണ് വിക്ഷേപണ വാഹനം. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും. ഇതിനാവശ്യമായ ഉപകരണങ്ങള്‍ പേടകത്തിലുണ്ട്. രണ്ട് ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറ, തെര്‍മല്‍ കണ്ടക്റ്റിവിറ്റിയും താപനിലയും പഠിക്കാനായുള്ള ചാസ്തെ, മനുഷ്യവാസമുള്ള ഗ്രഹങ്ങളുണ്ടോയെന്ന് കണ്ടെത്താന്‍ സഹായിക്കും വിധം താരതമ്യം ചെയ്യാന്‍ ഭൂമിയുടെ സ്‌പെക്ട്രം പഠിക്കുന്നതിനായുള്ള ഷേപ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ഭൂമിക്ക് ചുറ്റുമുള്ള ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുന്നത് വിക്ഷേപണവാഹനമാണ്.

റോക്കറ്റില്‍ നിന്ന് വേര്‍പെടുന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കുകയും വേര്‍പെടുത്തുകയുമാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്റെ ദൗത്യം. ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള വൃത്താകൃതിയിലുള്ള പോളാര്‍ ഭ്രമണപഥമാണ് ലാന്‍ഡര്‍ മൊഡ്യൂളിനായി നിശ്ചയിച്ചിട്ടുള്ളത്. 40 മുതല്‍ 45 ദിവസം വരെയെടുക്കും വിക്ഷേപണം കഴിഞ്ഞ ലാന്‍ഡിങ് നടക്കാന്‍. ഒരു ചാന്ദ്ര ദിനം അതായത് നമ്മുടെ 14 ദിവസമാണ് ചന്ദ്രയാന്‍ 3ന്റെ ആയുസ്. പ്രവര്‍ത്തനം തുടങ്ങിയാല്‍ റോവറില്‍ നിന്ന് ലാന്‍ഡറിലേക്കും ലാന്‍ഡറില്‍ നിന്ന് ഓര്‍ബിറ്റര്‍ വഴി ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റവര്‍ക്കിലേക്കും വിവരങ്ങള്‍ കൈമാറും. 600 കോടി രൂപയോളമാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ചെലവ്.

അഭിമാനമാകാൻ ചന്ദ്രയാൻ-3; കാത്തിരിപ്പിൽ രാജ്യം
ചന്ദ്രനിലേക്കും ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്കും

റോവര്‍ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ പഠനം നടത്തുക, ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക എന്നിവയെല്ലാം ലക്ഷ്യമാണെങ്കിലും തനതായ സാങ്കേതിക വിദ്യയുപയോഗിച്ച് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്നത് തന്നെയാണ് ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന ലക്ഷ്യം. മനുഷ്യനെപ്പോലും പലതവണ ചന്ദ്രനിലിറക്കിയിട്ടുണ്ടെങ്കിലും ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നിയന്ത്രിതമായി പേടകം ഇറക്കുന്നത് ഇപ്പോഴും ഏറെ ശ്രമകരമായ ദൗത്യമാണ്. ദുര്‍ബലമായ ഗുരുത്വാകര്‍ഷണവും അന്തരീക്ഷമില്ലാത്തതും ചന്ദ്രനിലെ ലാന്‍ഡിങ് സങ്കീര്‍ണമാക്കുന്നു. ലാന്‍ഡര്‍ നിയന്ത്രണം വിട്ട് വീഴാതിരിക്കാന്‍, ലാന്‍ഡിങ്ങിനിടെ വേഗത കുറയ്ക്കേണ്ടതുണ്ട്. ചെറു റോക്കറ്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് എതിര്‍ ദിശയിലേക്ക് ബലം ചെലുത്തിയാണ് വേഗത കുറയ്ക്കുന്നത്. മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വരെയുള്ള ഓര്‍ബിറ്റര്‍ സ്പീഡില്‍ നിന്നാണ് ലാന്‍ഡറെ നിശ്ചലമാക്കേണ്ടത്.

ഇതുവരെ നടന്ന ഇത്തരം ചാന്ദ്രദൗത്യങ്ങളില്‍ മൂന്നിലൊന്നും ലക്ഷ്യം കണ്ടിട്ടില്ല. ഏറ്റവുമൊടുവില്‍ ഈ വര്‍ഷം ഏപ്രിലില്‍ ജപ്പാന്റെ ഹകുട്ടോ ആര്‍ ചാന്ദ്രദൗത്യവും പരാജയപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലാണ് ചന്ദ്രയാന്‍ 3ന്റെ ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്. ഐസ് രൂപത്തില്‍ ജലനിക്ഷേപമുണ്ടെന്ന് കണ്ടെത്തിയ മേഖലയാണിത്. ഇവിടെയുള്ള പല ഗര്‍ത്തങ്ങളിലും സൂര്യരശ്മി എത്താറില്ല. സൗരയൂഥത്തിന്റെ പുരാതനകാലത്തെ കുറിച്ചുള്ള തെളിവുകള്‍ ഇവിടെ മറഞ്ഞിരിക്കുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ഈ മേഖലുടെ ഉപരിതല പ്രത്യേകതയും ലാന്‍ഡിങ്ങ് ദുര്‍ഘടമാക്കുന്നു.

അഭിമാനമാകാൻ ചന്ദ്രയാൻ-3; കാത്തിരിപ്പിൽ രാജ്യം
ചന്ദ്രയാന്‍ 3ന്റെ വിക്ഷേപണ തീയതിയില്‍ മാറ്റം; വിക്ഷേപണ വിന്‍ഡോ ജൂലൈ 14 മുതല്‍ 25 വരെയാക്കി

1959 സെപ്തംബര്‍ 12 ന് യുഎസ്എസ്ആര്‍ ലൂണാ2 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കി. ചന്ദ്രനിലെത്തുന്ന ആദ്യമനുഷ്യ നിര്‍മിത വസ്തു. ഏഴ് വര്‍ഷത്തിന് ശേഷം ലൂണാ 9ലൂടെ ആദ്യ സോഫ്റ്റ് ലാന്‍ഡിങ്. ആറാം ശ്രമത്തിലായിരുന്നു ഈ നേട്ടം. ലൂണാര്‍ 16 ലൂടെ ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യമായി സാമ്പിളുകള്‍ ശേഖരിക്കാനും യുഎഎസ്എസ് ആറിനായി. ചാന്ദ്ര പര്യവേഷണത്തിലെ ഈ സോവിയറ്റ് യൂണിയന്‍ കുതിപ്പിനെ അമേരിക്ക മറികടന്നത് മനുഷ്യനെ ചന്ദ്രനിലെത്തിച്ചാണ്.

1976 ല്‍ യുഎസ്എസ്എറിന്റെ അവസാന സോഫ്റ്റ് ലാന്‍ഡിങിന് ശേഷം അത്തരമൊരു ദൗത്യം വിജയിപ്പിക്കുന്നത് ചൈനയാണ്. ആദ്യശ്രമത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയെന്ന അത്യപൂര്‍വ നേട്ടവും ചാങ് ഇ3 യിലൂടെ 2013 ല്‍ ചൈന സ്വന്തമാക്കി. ഭൂമിയോട് അഭിമുഖമായി നില്‍ക്കുന്ന ചന്ദ്രന്റെ ഭാഗത്താണ് ഇതുവരെ നടന്ന സോഫ്റ്റ് ലാന്‍ഡിങ്ങുകളില്‍ ഒന്നൊഴിച്ച്. 2019 ല്‍ ചൈനയാണ് ചാങ് 4 ദൗത്യത്തിലൂടെ ചന്ദ്രന്റെ ഭൂമിക്ക് എതിര്‍വശമുള്ള ഭാഗത്ത് ആദ്യമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in