ചുഴലിക്കാറ്റ് ഉണ്ടാകുന്നതെങ്ങനെ?

കഴിഞ്ഞ 1000 വര്‍ഷത്തില്‍ 12,000 ത്തോളം സൈക്ലോണുകള്‍ ലോകത്ത് രൂപപ്പെട്ടിട്ടുണ്ട്

ഒരു സ്ഥലത്ത്, അതിന് മുകളിലുള്ള വായു ചെലുത്തുന്ന ബലമാണ് അന്തരീക്ഷ മര്‍ദം. ഇത് ഭൂഗുരുത്വ ബലത്തിന് സമന്തരമായാണ് അനുഭവപ്പെടുക. അന്തരീക്ഷത്തില്‍ എല്ലായിടത്തും വായുവിന്റെ സാന്ദ്രത ഒരു പോലെയല്ല. അത് മാറിമാറി വരുന്നു. ഇതിനനുസരിച്ച് മര്‍ദത്തിലും വ്യത്യാസം ഉണ്ടാകുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് മുകളിലേക്ക് പോകുന്തോറും മര്‍ദം കുറഞ്ഞു വരും. മറ്റൊരു ഘടകം താപനിലയാണ്. ഒരു സ്ഥലത്ത് ചൂട് കൂടുന്നു എന്ന് കരുതുക. അവിടുത്തെ വായു വികസിക്കുകയും മുകളിലേക്ക് പോകുകയും ചെയ്യും. ഇത് മര്‍ദം കുറയാന്‍ കാരണമാകും.

കടലിന് മുകളിലെ താപനില തുടര്‍ച്ചയായി 26.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരുന്നതാണ് ന്യൂനമര്‍ദ രൂപീകരണത്തിന് അനുകൂലമായ സാഹചര്യം

ഉയര്‍ന്ന മര്‍ദ മേഖലയില്‍ നിന്ന് താഴ്ന്ന മര്‍ദ മേഖലയിലേക്കാണ് വായുവിന്റെ സഞ്ചാരം. അങ്ങനെ ചൂട് കൂടുന്നതിനനുസരിച്ച് ഒരു പ്രദേശത്ത് മര്‍ദം കുറഞ്ഞ് ന്യൂനമര്‍ദ മേഖല രൂപപ്പെടുന്നു. ചുറ്റുമുള്ള ഉയര്‍ന്ന മര്‍ദ പ്രദേശങ്ങളില്‍ നിന്ന് ഈ ഭാഗത്തേക്ക് വായുവിന്‌റെ പ്രവാഹമുണ്ടാകുന്നു. ഉയര്‍ന്ന വേഗത്തില്‍, ദൂരെ നിന്ന് വരുന്ന വായു, ന്യൂനമര്‍ദ മേഖലയെ നിറയ്ക്കുന്നതിന് പകരം വട്ടത്തില്‍ കറങ്ങുന്നു. ഇതാണ് ചുഴലിക്കാറ്റിന്റെ അടിസ്ഥാനം.

ചുഴലിക്കാറ്റ് ഉണ്ടാകുന്നതെങ്ങനെ?
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത; അഞ്ച് ദിവസം അതിശക്ത മഴ

ഭൂമധ്യരേഖയ്ക്ക് ഇരുവശവും ഉത്തരായന- ദക്ഷിണായന രേഖകള്‍ക്ക് ഇടയിലുള്ള ഭാഗമാണ് ഉഷ്ണമേഖലാ പ്രദേശം. ഏറ്റവും അധികം ചൂട് അനുഭവപ്പെടുന്ന പ്രദേശം മാത്രമല്ല, സൂര്യ രശ്മി ലംബമായി പതിക്കുന്ന ഭാഗം കൂടിയാണ് ഇത്. കടലിന് മുകളിലെ താപനില തുടര്‍ച്ചയായി 26.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരുന്നതാണ് ന്യൂനമര്‍ദ രൂപീകരണത്തിന് അനുകൂലമായ സാഹചര്യം. ഇത് സാധ്യമാകുക ഉഷ്ണമേഖലാ പ്രാദേശങ്ങളിലായതിനാല്‍ ചുഴലിക്കാറ്റ് ഈ മേഖലയിലാണ് ഉണ്ടാകാറ്. പൊതുവില്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍ എന്ന് ഇവ അറിയപ്പെടുന്നതും ഇതിനാല്‍ തന്നെ.

ഭൂമി സ്വയം പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് കറങ്ങുന്നുണ്ടെന്ന് നമുക്കറിയാം. അതുകൊണ്ടാണ് സൂര്യനും മറ്റ് നക്ഷത്രങ്ങളും കിഴക്ക് ഉദിച്ച് പടിഞ്ഞാറ് അസ്തമിക്കുന്നതായി തോന്നുന്നത്. ഈ കറക്കത്തിന്‌റെ പ്രഭാവം മൂലം ഭൂമിയില്‍ സഞ്ചരിക്കുന്ന വസ്തുക്കളുടെ പാതയില്‍ വ്യതിചലനമുണ്ടാുന്നു. ഉത്തരാര്‍ധഗോളത്തില്‍ സഞ്ചരിക്കുന്ന വസ്തുക്കളെ ഇത് വലത്തോട്ട് തിരിച്ചുവിടുന്നു. ദക്ഷിണാര്‍ധ ഗോളത്തില്‍ ഇടത്തോട്ടും. ഇങ്ങനെ കൊറിയോലിസ് പ്രഭാവം മൂലം അണ് വയുവിന് ചാക്രിക ചലനം ഉണ്ടാകുന്നതും ചുഴലിക്കാറ്റ് രൂപംകൊള്ളുന്നതും.

ഒരു ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ ഏഴ് ദിവസം വരെ നിലനില്‍ക്കാം. ചുഴലിക്കാറ്റിന്റെ കേന്ദ്രം ഈ ന്യൂനമര്‍ദ മേഖലയാണ്. ഇതിന്റെ ഐ ഓഫ് സ്റ്റോം എന്നാണ് വിളിക്കുന്നത്

ന്യൂനമര്‍ദ മേഖലയിലേക്ക് ഉച്ചമര്‍ദ പ്രദേശത്ത് നിന്ന് വരുന്ന വായു ഉത്തരാര്‍ധഗോളത്തില്‍ നേര്‍രേഖയ്ക്ക് പകരം വലത്തോട്ട് വളയുന്നു അങ്ങനെ ഘടികാര ദിശയ്ക്ക് വിപരീതമായി കറങ്ങുന്നു. ദക്ഷിണാര്‍ധഗോളത്തില്‍ ഘടികാരദിശയിലാകും ചുഴലിക്കാറ്റിന്‌റെ കറക്കം. കടലിന് മുകളിലായതിനാല്‍ ഈ വായുവില്‍ ജലാംശം കൂടുതലായിരിക്കും. ജലാംശം കൂടിയ ഈ വായു ചൂടുകൂടിയ ന്യൂനമര്‍ദ മേഖലയില്‍ എത്തുന്നു. ഉയര്‍ന്ന ചൂടുമൂലം നീരാവിയായി മുകളിലേക്ക് ഉയര്‍ന്ന് ഘനീഭവിച്ച് മേഘമായി മഴയ്ക്ക് കാരണമാകുന്നു.

ഒരു ന്യൂനമര്‍ദം രൂപപ്പെട്ടാല്‍ ഏഴ് ദിവസം വരെ നിലനില്‍ക്കാം. ചുഴലിക്കാറ്റിന്റെ കേന്ദ്രം ഈ ന്യൂനമര്‍ദ മേഖലയാണ്. ഇതിന്റെ ഐ ഓഫ് സ്റ്റോം എന്നാണ് വിളിക്കുന്നത്. ഇത് വായുവിനെ ആകര്‍ഷിക്കുകയും കാറ്റിനെ കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. ബഷ്പാംശമുള്ള വായുവാണ് ചുഴലിക്കാറ്റിന്റെ ആധാരം. കര തൊടുമ്പോള്‍ ജലാംശമുള്ള വായുവിന്റെ പ്രവാഹം കുറയും. അതുകൊണ്ടാണ് കരയിലെത്തിയാല്‍ ചുഴലി ദുര്‍ബലമാകുന്നത്. കഴിഞ്ഞ 1000 വര്‍ഷത്തില്‍ 12,000 ത്തോളം സൈക്ലോണുകള്‍ ലോകത്ത് രൂപപ്പെട്ടിട്ടുണ്ട്. ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശക്തമായത് 1979 ല്‍ സൗത്ത് പസഫിക് സമുദ്രത്തില്‍ രൂപംകൊണ്ട ചുഴലിക്കാറ്റാണ്. മണിക്കൂറില്‍ 305കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിച്ച ഈ ചുഴലിക്കാറ്റ് 20 ദിവസം നീണ്ടുനിന്നു.

അമേരിക്കയില്‍ ഹരിക്കേനും ചൈനയില്‍ ടൈഫൂണും ഇന്ത്യയില്‍ സൈക്ലോണും എന്നെല്ലാം അറിയപ്പെടുന്നത് യഥാര്‍ഥത്തില്‍ ഉഷ്ണമേലാ ചുഴലിക്കാറ്റ് തന്നെയാണ്. രൂപപ്പെടുന്ന സമുദ്രത്തിനനുസരിച്ചാണ് ഈ മാറ്റം എന്നുമാത്രം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in