മോദിയെ പ്രതിരോധിക്കുന്ന ഒറ്റയാൾ സൈന്യങ്ങൾ

ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി മാത്രമല്ല, സര്‍ക്കാരിന്റെ കള്ളങ്ങള്‍ പൊളിച്ചടക്കുകയെന്ന ദൗത്യം ഏറ്റെടുത്തവർ, ഏകാംഗ സൈന്യങ്ങളായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലുകൾ

അധികാരികളുടെ തലോടലേറ്റ് മടിയിലിരിക്കുന്ന അനുസരണയുള്ള അടിമകളാണ് ഇന്ത്യന്‍ മാധ്യമങ്ങളെന്നാണ് ആക്ഷേപം. ഗോഡി മീഡിയ എന്ന പ്രയോഗം തന്നെ മാധ്യമങ്ങളെക്കുറിച്ചുണ്ട്. ഇത് മുഖ്യധാര മാധ്യമങ്ങളുടെ കഥ. എന്നാല്‍ സര്‍ക്കാരിനെ നിരന്തരം ചോദ്യം ചെയ്യുന്ന, ഏകാംഗ സൈന്യങ്ങളായി പ്രവര്‍ത്തിക്കുന്നവരുണ്ട്. മാധ്യമ ആക്ടിവിസത്തിന്റെ പുതിയ മുഖങ്ങള്‍. ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി മാത്രമല്ല, സര്‍ക്കാരിന്റെ കള്ളങ്ങള്‍ പൊളിച്ചടക്കുന്നവര്‍. അവരുടെ വീഡിയോകള്‍ കാണുന്നത് ദശലക്ഷങ്ങളാണ്. മറ്റു ചിലരാവട്ടെ, സര്‍ക്കാരിന്റെയും അതിന്റെ മടിയില്‍ കിടക്കുന്ന മാധ്യമങ്ങളുടെ കള്ളങ്ങളെ പൊളിച്ചുകാട്ടുന്നു. ധ്രുവ് റാഠി, മുഹമ്മദ് സുബൈര്‍ തുടങ്ങിയവര്‍. ജനാധിപത്യത്തിന്റെ ഡിജിറ്റല്‍ പോരാളികള്‍.

ധ്രുവ് റാഠി

സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി എന്ന പ്രൊപ്പഗണ്ട സിനിമ പ്രചരിപിച്ച കള്ളത്തരങ്ങള്‍ ഒന്നൊന്നായി പൊളിച്ചടുക്കിയാണ് ധ്രുവ് റാഠിയെന്ന യൂട്യൂബര്‍ മലയാളികള്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ പരിചിതനാകുന്നത്. രണ്ടുകോടിയിലധികം പേരാണ് ഇതിനോടകം ആ വീഡിയോ കണ്ടത്.

പിന്നീട് എത്രയെത്ര വീഡിയോകള്‍, ഇലക്ടറല്‍ ബോണ്ടിനെകുറിച്ച്, ഇന്ത്യയിലെ ഔഷധ വ്യവസായവും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്... അങ്ങനെ പലതും. ഈയടുത്ത് അദ്ദേഹം തന്റെ വീഡിയോയിലൂടെ ചോദിച്ചു. "ഇന്ത്യ സര്‍വാധിപത്യത്തിലേക്കോ?" എന്ന്. പിന്നീട് കേജ്‌രിവാള്‍ അറസ്റ്റിലായപ്പോള്‍, ഇന്ത്യയില്‍ സര്‍വാധിപത്യം സ്ഥിരീകരിച്ചോ എന്നായിരുന്നു ചോദ്യം. ദശലക്ഷങ്ങള്‍ ഈ വrഡിയോകള്‍ കണ്ടു. മോദി വേഴ്‌സസ് ഫാര്‍മേഴ്‌സ് എന്ന വീഡിയോ കോടിയിലേറെ പേരാണ് കണ്ടത്. ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ധ്രുവ് റാഠി എൻജിനീയറിങ് വിദ്യാഭ്യാസത്തിനുശേഷമാണ് ഈ മേഖലയിലെത്തിയത്.

ധ്രുവ് റാഠി
ധ്രുവ് റാഠി

2014ല്‍ ട്രാവല്‍ വ്ളോഗാറായാണ് ധ്രുവിന്റെ തുടക്കം. പിന്നീട് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന തരത്തിലേക്ക് ചാനല്‍ മാറി. പത്ത് വര്‍ഷം കൊണ്ട് ചാനല്‍ 17.6 മില്യണ്‍ കാഴ്ചക്കാരെ സമ്പാദിച്ചു. ഇലക്ടറല്‍ ബോണ്ട്, ലഡാക്ക് വിഷയം, കര്‍ഷക സമരം, രാമക്ഷേത്രം, മണിപ്പുര്‍ തുടങ്ങി ഇസ്രയേല്‍ ഗാസ സംഘര്‍ഷവും പാകിസ്താനിലെ പ്രശ്നങ്ങളുമടക്കം ധ്രുവിന്റെ ചര്‍ച്ചാ വിഷയങ്ങളായി. ഏത് സര്‍ക്കാര്‍ അധികാരത്തില്‍വന്നാലും അവരെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുമെന്നാണ് തന്റെ മാധ്യമ ദര്‍ശനമായി റാഠി എടുത്തുപറയുന്നത്.

മുഹമ്മദ് സുബൈര്‍

നുണപ്രചാരണങ്ങള്‍ അരങ്ങുവാഴുന്ന കാലത്ത് ഫാക്റ്റ് ചെക്കിങ്ങിനെ ഒരു രാഷ്ട്രീയ ആയുധമാക്കി, ജനാധിപത്യത്തിന് പ്രതിരോധം തീര്‍ത്ത പോരാളി. പേര് മുഹമ്മദ് സുബൈര്‍. അണ്‍ ഒഫിഷ്യല്‍ സുസു സ്വാമിയെന്ന സറ്റയർ പരിപാടി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയതും ഈയൊരു പ്രവര്‍ത്തന ശൈലി കാരണമാണ്. ഇതില്‍ വിറളി പൂണ്ടവര്‍ സുബൈറിനെ കുടുക്കാന്‍ പലതവണ ശ്രമിച്ചു. പോക്സോ കേസുകള്‍ ഉള്‍പ്പെടെ സുബൈറിന് മേല്‍ ചുമത്തി. ഏറ്റവുമൊടുവില്‍ 2022ല്‍ പഴയൊരു കേസിന്റെ പേരില്‍ അറസ്റ്റും ചെയ്തു.

ബിജെപി ഐടി സെല്ലുകളുടെ ഉറക്കം കെടുത്തുന്ന, അവരുടെ സകലതന്ത്രങ്ങളെയും സത്യമെന്ന പരിചകൊണ്ട് തടുത്തുനിര്‍ത്തുന്നവരില്‍ പ്രമുഖനാണ് ഇന്ന് മുഹമ്മദ് സുബൈര്‍. ബിജെപി നേതാവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശം പൊതുജനങ്ങളിലെത്തിച്ചതിന് പിന്നില്‍ സുബൈറായിരുന്നു. ആഗോളതലത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയായ സംഭവമായിരുന്നു ഇത്. എക്‌സില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സുള്ള സുബൈര്‍ പുറത്തുകൊണ്ടുവന്ന വിവരങ്ങള്‍ വ്യാജപ്രചാരണത്തിന്റെ കാലത്തെ യാഥാര്‍ത്ഥ്യങ്ങളെ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നു.

മുഹമ്മദ് സുബൈര്‍
മുഹമ്മദ് സുബൈര്‍
മോദിയെ  പ്രതിരോധിക്കുന്ന  ഒറ്റയാൾ സൈന്യങ്ങൾ
പലതവണ പൊളിഞ്ഞ ലവ്ജിഹാദ് എന്ന കള്ളകഥ; എന്തായിരുന്നു ഷഹൻ ഷാ v/s സ്റ്റേറ്റ് ഓഫ് കേരള കേസ്?

രവീഷ് കുമാര്‍

എന്‍ഡിടിവിയിലെ പ്രൈം ടൈം, ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്ത് ഉള്‍പ്പെടെയുള്ള പരിപാടികളിലൂടെയും രാഷ്ട്രീയ നിലപാടുകളിലൂടെയും ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍. രമണ്‍ മഗ്സസെ അവാര്‍ഡ് ലഭിച്ച ചുരുക്കം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍.

1994 മുതല്‍ 2022 വരെ ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ ഭാഗമായിരുന്ന രവീഷ്, സ്ഥാപനം അദാനി ഏറ്റെടുക്കുന്നതോടെയാണ് പടിയിറങ്ങുന്നത്. പിന്നീട് സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചു. അദാനിക്കു കീഴില്‍ പണിയെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ രവീഷ് 9.6 മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ തന്റെ യൂട്യൂബ് ചാനലിലൂടെ സ്വന്തമാക്കി. 22 മാസം കൊണ്ട് 90.20 ലക്ഷം പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്.

ദേശീയ മാധ്യമങ്ങളെപ്പോലും പിന്തള്ളിയുള്ള വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ 'രാവിഷ് കുമാർ ഒഫീഷ്യൽ' എന്ന യൂട്യൂബ് ചാനലിന് ഉണ്ടായത്. വാഴ്ത്തുപാട്ടുകളുമായി അനുചരസംഘം ആര്‍പ്പുവിളിക്കുമ്പോള്‍ രവീഷ് കുമാര്‍ തന്റെ സ്വന്തം ചാനലിലൂടെ സത്യം വെളിപ്പെടുത്തി കൊണ്ടിയിരിക്കുന്നു.

രവീഷ് കുമാര്‍
രവീഷ് കുമാര്‍

ആകാശ് ബാനര്‍ജി

ആക്ഷേപഹാസ്യത്തിലൂടെ രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശിച്ചാല്‍ എങ്ങനെയിരിക്കും? അതിന്റെ ഉത്തമ ഉദാഹരണമാണ് ആകാശ് ബാനര്‍ജി അഥവാ ദ ദേശ്ഭക്ത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിലാണ് 'ദ ദേശ്ഭക്ത്' എന്ന യൂട്യൂബ് ചാനലിലൂടെ ആകാശ് ബാനര്‍ജി ശ്രദ്ധ കേന്ദ്രീകരിച്ചത്.

മാധ്യമപ്രവര്‍ത്തകനും റേഡിയോ ജോക്കിയും യുട്യുബറുമാണ് ആകാശ് ബാനര്‍ജി. നാല്‍പത് ലക്ഷം സബ്സ്‌ക്രൈബേര്‍സിലൂടെ സ്വന്തമായൊരു ആരാധക സംഘത്തെ തന്നെ ആകാശ് ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ യുട്യൂബ് ചാനലുകളില്‍ ഒന്നായി ദേശ്ഭക്തിനെ വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ വിശേഷിപ്പിച്ചിരുന്നു.

ആകാശ് ബാനര്‍ജി
ആകാശ് ബാനര്‍ജി

റേഡിയോ മിര്‍ച്ചി, ടൈംസ് നൗ എന്നീ സ്ഥാപനങ്ങളിലാണ് ആകാശ് ബാനര്‍ജി തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇന്ത്യാ ടുഡേയില്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായി ജോലി ചെയ്യവെ 2008 ലെ മുംബൈ ഭീകരാക്രമണം, നക്‌സല്‍ കലാപം തുടങ്ങിയ സുപ്രധാന വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. ടിവി ജേര്‍ണലിസത്തില്‍ നിരാശ പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം റേഡിയോയിലേക്ക് മാറുന്നത്.

2018 ല്‍ ജോലി രാജി വെച്ച് യുട്യൂബ് ചാനല്‍ തുടങ്ങി. തമാശ കലര്‍ത്തിയുള്ള അവതരണം അതിവേഗം ജനശ്രദ്ധ പിടിച്ചുപറ്റി. ബി.ജെ.പി ഗവണ്‍മെന്റിന്റെ പിന്തുണച്ച് പ്രത്യക്ഷപ്പെടുന്ന 'ദേശഭക്ത്' എന്ന കാരിക്കേച്ചര്‍ സ്വഭാവമുള്ള കഥാപാത്രം വളരെ പെട്ടെന്ന് ശ്രദ്ധേയവുമായിരുന്നു... സമീപകാലത്ത് ഇന്ത്യയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചും ഇന്ത്യയിലെ ബ്രോഡ്കാസ്റ്റ് ടെലിവിഷന്റെ ആന്തരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും 2013 ല്‍ 'ടെയില്‍സ് ഫ്രം ഷൈനിംഗ് ഇന്ത്യ ആന്‍ഡ് സിങ്കിങ് ഇന്ത്യ' എന്ന പുസ്തകവും ആകാശ് ബാനര്‍ജി പുറത്തിറക്കിയിട്ടുണ്ട്.

മോദിയെ  പ്രതിരോധിക്കുന്ന  ഒറ്റയാൾ സൈന്യങ്ങൾ
കേന്ദ്ര ഏജന്‍സികളുടെ റഡാറും, ഇലക്ടറല്‍ ബോണ്ട് വാങ്ങിയ കമ്പനികളും

സമൂഹമാധ്യമങ്ങളെ കൃത്യമായരീതിയില്‍ രാഷ്ട്രീയ പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ഇന്ത്യയിലെ അനേകം പേരിലെ ചില പേരുകാര്‍ മാത്രമാണ് ഇവര്‍. തങ്ങളുടെ കഴിവുകളെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി ഉപയോഗിക്കുന്ന നിരവധി ആളുകള്‍ ഇന്ന് ഈ രാജ്യത്തുണ്ട്. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയമാരായ വീര്‍ ദാസ്, കുനാല്‍ കംറയൊക്കെ ഇക്കൂട്ടത്തില്‍ പെടുന്നു. മടിയില്‍ കിടക്കുന്ന എത്ര വന്‍കിട മാധ്യമങ്ങളുണ്ടെന്നുപറഞ്ഞാലും, ഇവരൊക്കെ ഉയർത്തുന്ന പ്രതിരോധം അധികാരികളെ നിരന്തരം അസ്വസ്ഥരാക്കികൊണ്ടേയിരിക്കുന്നു

Related Stories

No stories found.
logo
The Fourth
www.thefourthnews.in