കഥയെഴുതും ബോട്ട് മുതൽ മറവി രോഗത്തിന് വാക്‌സിൻ വരെ

കഥയെഴുതും ബോട്ട് മുതൽ മറവി രോഗത്തിന് വാക്‌സിൻ വരെ

ശാസ്ത്ര ലോകത്തെ 2022-ലെ നാഴികക്കല്ലുകൾ

ശാസ്ത്ര ലോകം നിരവധി ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങൾക്ക് സാക്ഷിയായ വർഷമാണ് കടന്നുപോകുന്നത്. നമ്മുടെയൊക്കെ നിത്യജീവിതം കൂടുതൽ ആയാസരഹിതമാക്കാൻ ഉതകുന്ന കണ്ടുപിടിത്തങ്ങളാണ് ഇവയൊക്കെ. ആണവ സംയോജനം വഴി ഊർജ പ്രതിസന്ധിക്കു പ്രതീക്ഷിക്കാവുന്ന ശാശ്വത പരിഹാരം മുതൽ ഹൃദ്രോഗത്തിനു കൂടുതൽ ഫലപ്രദമായ ചികിത്സ വരെ ഈ പട്ടികയിലുണ്ട്.

ന്യൂക്ലിയർ ഫ്യൂഷനും അളവറ്റ ഊർജവും

അടുത്ത കാലത്തായി തന്നെ ലോകം നേരിടാൻ പോകുന്ന ഊർജ്ജ പ്രതിസന്ധിക്കുള്ള ഏറ്റവും ഫലപ്രദമായ പരിഹാരം എന്നാണ് ന്യൂക്ലിയർ ഫ്യൂഷനെ ശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കുന്നത്. സൂര്യൻ ഉൾപ്പെടെ ഉള്ള നക്ഷത്രങ്ങളിൽ നടക്കുന്ന ഊർജ ഉൽപ്പാദന പ്രക്രിയ ആണ് ന്യൂക്ലിയർ ഫ്യൂഷൻ.  ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ  പല ദശലക്ഷം മടങ്ങ് ഊർജം തത്തുല്യ അളവിലുള്ള  ഫ്യൂഷൻ ഇന്ധനങ്ങളിൽനിന്ന് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അത് മാത്രമല്ല ഈ പ്രക്രിയയിൽ ഹരിതഗൃഹ വാതകങ്ങൾ,  റേഡിയോ ആക്ടീവ് മാലിന്യങ്ങൾ മുതലായ ഉപോല്പന്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നുമില്ല. ഈ കാരണങ്ങൾ കൊണ്ടാണ് ഭാവിയിലേക്കുള്ള ശുദ്ധമായ അളവറ്റ ഊർജ സ്രോതസ്സ് ആയി ഫ്യൂഷൻ കണക്കാക്കപ്പെടുന്നത്.

അതേ സമയം, ഈ പ്രക്രിയ നിയന്ത്രിതമായ രീതിയിൽ ലാബുകളിൽ പുനഃസൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ല. ശക്തമായ കാന്തികമണ്ഡലമോ ലേസറോ ആണ് ഫ്യൂഷന് വേണ്ട ഊർജ സ്രോതസ് ആയി ഈ ഗവേഷണങ്ങളിൽ ഉപയോഗിച്ചു വരുന്നത്. 1950കൾ മുതൽ ഈ വിഷയത്തിൽ ഗവേഷണം നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും നാം ലക്ഷ്യത്തിൽ നിന്നും വളരെ അകലെയാണ്. ഇത് വരെയും കൊടുക്കുന്നതിനേക്കാൾ കൂടുതൽ ഊർജം ഉൽപ്പാദിപ്പിക്കത്തക്ക രീതിയിൽ ലബോറട്ടറികളിൽ ഫ്യൂഷൻ നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷം ഡിസംബറിൽ കലിഫോർണിയ  നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റിയിലെ ഗവേഷകർ ഈ വിഷയത്തിൽ അതിപ്രധാനമായ ഒരു ചുവടുവെയ്പ് നടത്തി. ലേസർ ഉപയോഗിച്ച് ഫ്യൂഷൻ ഇന്ധനം ജ്വലിപ്പിച്ച്, കൊടുക്കുന്നതിനേക്കാൾ കൂടുതൽ ഊർജം പുറത്തുവിടുന്ന അവസ്ഥ നേടിയെടുക്കാൻ ആദ്യമായി ഈ ശാസ്ത്രജന്മാർക്ക് കഴിഞ്ഞു (Net Energy Gain). ഫ്യൂഷൻ ഉപയോഗിച്ച് ലോകത്തിലെ ഊർജ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ  ഒരു നാഴികക്കല്ല് ആയാണ് ഈ വിജയത്തെ കണക്കാക്കുന്നത്.

ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്

ലോകത്തിൽ ഇന്ന് വരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും വലുതും ശക്തിയേറിയതും സങ്കീർണവും ആയ സ്പേസ് ടെലസ്കോപ് ആണ് ജെയിംസ് വെബ് ടെലസ്കോപ്. 10 ബില്യൺ യു എസ്  ഡോളർ ചിലവിൽ 20 വർഷത്തോളം സമയമെടുത്തു നിർമിച്ച ഈ ടെലസ്കോപ് വിജയകരമായി അതിന്റെ ഓർബിറ്റിൽ എത്തിയത് 2022 ജനുവരി 24 ന് ആണ്. ആറ് മാസത്തെ കമ്മീഷനിങ്ങിനു ശേഷം ജൂലൈ 12 നു നാസ ജെയിംസ് വെബ് ടെലസ്കോപ് എടുത്ത ആദ്യ അഞ്ച് ചിത്രങ്ങൾ പുറത്തുവിട്ടു. ഇത് വരെയുള്ള ചരിത്രത്തിൽ ലഭ്യമായതിനേക്കാൾ വളരെ മികച്ചതും ക്വാളിറ്റി കൂടിയതുമായ ഈ ചിത്രങ്ങൾ ശൂന്യാകാശ ഗവേഷണ രംഗത്ത് ഒരു പുതിയ വിപ്ലവത്തിന്റെ തുടക്കം ആയിരുന്നു. കഴിഞ്ഞ ആറു മാസങ്ങളിൽ ജെയിംസ് വെബ് ടെലസ്കോപ് പകർത്തിയ ചിത്രങ്ങൾ വഴി വളരെ പഴയ ഗാലക്സികൾ, ശൂന്യാകാശത്തിന്റെ രാസഘടന തുടങ്ങി വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ നിർണായകമായ തെളിവുകൾ നൽകി. മിനിമം അഞ്ച് വർഷം ആയുസ് പ്രതീക്ഷിക്കുന്ന ഈ ടെലിസ്കോപിന്റെ വരും വർഷങ്ങളിലുള്ള പ്രകടനത്തെ ഉറ്റു നോക്കുകയാണ് ശാസ്ത്രലോകം.

ഹൃദ്രോഗ ചികിത്സ ഇനി ഈസി ആവും  

ഈ വർഷം ഉണ്ടായ രണ്ടു ഗവേഷണ വഴിത്തിരിവുകൾ ഹൃദ്രോഗ ചികിത്സയിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയ കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ഒരു ചികിത്സാരീതി ഇപ്പോഴും നിലവിലില്ല. ശരീരത്തിന്റെ മറ്റു പല ഭാഗങ്ങളെയും പോലെ നശിച്ചുപോകുന്ന കോശങ്ങൾക്കു പകരം പുതിയ കോശങ്ങൾ ഹൃദയത്തിൽ രൂപപ്പെടാറില്ല എന്നതാണ് അതിനു കാരണം. എന്നാൽ ലണ്ടനിലെ കിംഗ്‌സ്‌ കോളജിലെ ഗവേഷകർ നശിച്ചുപോകുന്ന ഹൃദയ കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ വളർത്താൻ കഴിയുന്ന ചികിത്സാരീതി വികസിപ്പിച്ചിട്ടുണ്ട്. കേടുപറ്റിയ കോശങ്ങൾക്കു മേൽ പുതിയ ഹൃദയപേശികൾ സാവധാനം വളർന്നുവരുന്ന ചികിത്സാരീതിയിലേക്ക് നയിക്കാൻ ഈ കണ്ടുപിടിത്തത്തിനാകും. കോവിഡ് വാക്‌സിന് വേണ്ടി നാനോ ടെക്നോളജി സാങ്കേതിക വിദ്യ ഉപയോഗിച്ച് മൈക്രോ ആർ എൻ എ കോശങ്ങളിൽ എത്തിച്ച ഇടപെടലിന് സമാനമായ രീതിയിൽ മൈക്രോ ആർ എൻ എ ഹൃദയകോശങ്ങളിൽ എത്തിച്ചാണ് നവ കോശങ്ങളെ സൃഷ്ടിക്കുന്നത്.

എൽ ഡി എൽ കൊളെസ്ട്രോൾ രക്തത്തിൽ അടിഞ്ഞുകൂടുന്നതിന് ഇടയാക്കുന്ന ജീനിനെ നിർവീര്യമാക്കാനുള്ള കണ്ടുപിടിത്തമാണ് ബോസ്റ്റണിലെ ബയോ ടെക് കമ്പനിയായ വെർവ്വ് തെറാപ്യൂട്ടിക്‌സിലെ ശാസ്ത്രജ്ഞർ നടത്തിയിരിക്കുന്നത്. ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഒക്കെ ഇടയാക്കുന്ന ചീത്ത കൊളസ്‌ട്രോൾ ആയ എൽ ഡി എൽ 70 ശതമാനം വരെ കുറക്കാൻ ജീൻ തെറാപ്പിയിലൂടെ കഴിയുമെന്നാണ് കുരങ്ങന്മാരിൽ നടത്തിയ പരീക്ഷണം തെളിയിക്കുന്നത്.

മറവിരോഗങ്ങൾക്കുള്ള വാക്‌സിൻ

അൽഷൈമേഴ്‌സ് പോലുള്ള മറവിരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കുക എന്നത് മരുന്ന് ഗവേഷണ രംഗം നേരിടുന്ന ഒരു വലിയ വെല്ലുവിളി ആണ്. ദശാബ്ദങ്ങൾ ആയി ഇതിനുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും പലപ്പോഴും പരാജയം ആയിരുന്നു ഫലം. പല കാരണങ്ങൾ കൊണ്ട് അൽഷൈമേഴ്‌സ് ഉണ്ടാകാമെങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം തലച്ചോറിൽ അടിഞ്ഞു കൂടുന്ന ബീറ്റ അമൈലോയിഡ് എന്ന പ്രോടീൻ ആണ്. ഈ അടുത്ത കാലത്തായി കണ്ടെത്തിയ  lecanemab എന്ന മരുന്നിന് ചെറിയ തോതിൽ ഈ അവസ്ഥക്ക് മാറ്റം വരുത്താൻ കഴിയും എന്ന് പരീക്ഷണങ്ങൾ തെളിയിക്കുന്നു. അൽഷൈമേഴ്സിന്റെ ആദ്യ ഘട്ടത്തിലുള്ള 1795 രോഗികളിൽ പതിനെട്ടു മാസങ്ങളിൽ ആയി നടത്തിയ പഠനങ്ങളിൽ മറവി ഉണ്ടാകുന്നത്  നാലിലൊന്നായി കുറയ്ക്കാൻ ഈ മരുന്നിനു കഴിയുമെന്ന് കണ്ടെത്തി. ഫേസ് 3 ട്രയൽ കഴിഞ്ഞ ഈ മരുന്നിനു ഉടനെ തന്നെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയത്തിലെ ഏറ്റവും പുതിയതും പ്രധാനവുമായ മുന്നേറ്റം അൽഷൈമേഴ്സിന് എതിരെ ഉള്ള വാക്‌സിൻ ആണ്. ഈ വാക്‌സിന്റെ ഫേസ് 1 ട്രയലിന്റെ ആദ്യ സൂചനകൾ വളരെ പോസിറ്റീവ് ആണെങ്കിലും വാക്‌സിൻ യാഥാർഥ്യം ആകാൻ വർഷങ്ങൾ ആകും എന്നാണ് കരുതപ്പെടുന്നത്.

ChatGPT: 2022 ലെ ഏറ്റവും മികച്ച AI Chatbot

ഭാഷാപരമായ ആവശ്യങ്ങൾക്ക് വേണ്ടി OpenAI വികസിപ്പിച്ചെടുത്ത, 2022 ഇൽ പുറത്തിറങ്ങിയ ഒരു AI Chatbot ആണ് ChatGPT. ഇപ്പോൾ ലഭ്യമായതിൽ ഏറ്റവും വലുതും നൂതനവുമായ GPT-3 (Generative Pretrained Transformer 3) എന്ന മോഡൽ അടിസ്ഥാനമാക്കിയാണ് ഈ chatbot പ്രവർത്തിക്കുന്നത്. കൊടുക്കുന്ന വിഷയം അനുസരിച്ച് മനുഷ്യർ സൃഷിക്കുന്നത് പോലെ വാചകങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനമായും ഈ chatbot ചെയ്യുന്നത്. കസ്റ്റമർ സർവീസ് ഫീൽഡിലും ഓൺലൈൻ ഫോറങ്ങളിൽ മറുപടി പൂരിപ്പിക്കുന്നതിനും തുടങ്ങി ഭാഷാപരമായ പ്രധാന മേഖലകളിൽ ഈ chatbot വരുംവർഷങ്ങളിൽ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

logo
The Fourth
www.thefourthnews.in