ഇനി സൂര്യനിലേക്ക്; ആദിത്യ എൽ1 വിക്ഷേപണം ശനിയാഴ്ച

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ1 വിക്ഷേപണം ശനിയാഴ്ച

വിക്ഷേപണ വാഹനം പിഎസ്എൽവി; വിക്ഷേപണ ശേഷം 125 ദിവസമടുത്താണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക

സൂര്യനെകുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ 1 ന്റെ വിക്ഷേപണം സെപ്റ്റംബർ രണ്ടിന്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമെന്ന നേട്ടത്തിന് പിന്നാലെയാണ് ആദിത്യ എൽ-1ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ശനിയാഴ്ച രാവിലെ 11.50 നാണ് വിക്ഷേപണം. പിഎസ്എൽവി- സി57 ആണ് വിക്ഷേപണ വാഹനമെന്നും ഐഎസ്ആർഒ അറിയിച്ചു. വിക്ഷേപണ ശേഷം 125 ദിവസമടുത്താണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക

ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ഗവേഷണ കേന്ദ്രമെന്ന ഗണത്തിൽ പെടുന്ന പേടകമാണ് ഇന്ത്യയുടെ ആദിത്യ എൽ1. ഭൂമിയിൽ നിന്ന് ഏകദേശം 15.1 കോടി കിലോമീറ്റർ അകലെയണ് സൂര്യൻ സ്ഥിതി ചെയ്യുന്നത്. സൂര്യന്റെയും ഭൂമിയുടെയും ഇടയിലുള്ള ആദ്യത്തെ ലഗ്രാൻഷെ (എൽ 1) പോയിന്റിലെ ഹാലോ പരിക്രണപഥത്തിലാണ് ആദിത്യ എൽ1 പേടകത്തെ സ്ഥാപിക്കുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ ദൂരത്തിലാണ് ഇത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ ഏതാണ്ട് നാല് ഇരട്ടിയോളം വരും ഇത്. ഗ്രഹണങ്ങളുടെ തടസമില്ലാതെ സൂര്യനെ തുടർച്ചയായി നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും.

Aditya L1
Aditya L1ISRO

സൗരോർജ പ്രവർത്തനങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനത്തെക്കുറിച്ചും നിർണായകമായ വിവരങ്ങൾ ശേഖരിക്കുകയുമാണ് ആദിത്യ ദൗത്യത്തിന്റെ ലക്ഷ്യം. സൗരക്കാറ്റിന്റെയും ബഹിരാകാശ കാലാവസ്ഥയുടെയും രൂപീകരണത്തിനും ഘടനയ്ക്കും പിന്നിലെ കാരണങ്ങൾ മനസ്സിലാക്കുക, കൊറോണൽ മാസ് എജക്ഷനുകളുടെ (സിഎംഇ) ചലനാത്മകത പഠിക്കുക, സോളാർ ഡിസ്ക് നിരീക്ഷിക്കുക എന്നിവയെല്ലാം പഠന ലക്ഷ്യങ്ങളാണ്. സിഎംഇകളും സൗരജ്വാലകളും എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ ഈ നിരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും.

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ1 വിക്ഷേപണം ശനിയാഴ്ച
ചന്ദ്രനുശേഷം സൂര്യൻ; മറ്റൊരു വമ്പൻ ദൗത്യത്തിന് ഐഎസ്ആർഒ, ആദിത്യ- എൽ1 വിക്ഷേപണത്തിന് സജ്ജം

ഏഴ് പേലോഡുകളാണ് പേടകത്തിലുള്ളത്. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറം പാളിയായ കൊറോണ എന്നിവയെ വ്യത്യസ്ത തരംഗബാൻഡുകളിൽ നിന്ന് നിരീക്ഷിക്കാൻ ഏഴ് പേലോഡുകൾ പേടകത്തിലുണ്ട്. ഇവയിൽ നാലെണ്ണം സൂര്യനെ നേരിട്ട് നിരീക്ഷിക്കും, ബാക്കി മൂന്നെണ്ണം എൽ 1 പോയിന്റിലെ കണികകളെയും കാന്തിക മണ്ഡലങ്ങളെയും കുറിച്ച് പഠനം നടത്തും. ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പിരിമെന്റ് (ആസ്പെക്സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ), അഡ്വാൻസ്ഡ് ട്രൈ-ആക്സിയൽ റസലൂഷൻ ഡിജിറ്റൽ മാഗ്നെറ്റോമീറ്റേഴ്സ് എന്നിവയാണ് പ്രധാന പേലോഡുകൾ.

ഇനി സൂര്യനിലേക്ക്; ആദിത്യ എൽ1 വിക്ഷേപണം ശനിയാഴ്ച
ചന്ദ്രോപരിതലത്തിലെ താപനില വ്യതിയാനം പഠിച്ച് ചന്ദ്രയാൻ 3

ഭൂമിയിൽനിന്ന് സൂര്യന്റെ അതേ ദിശയിലായിരിക്കും പേടകം ഏപ്പോഴും സ്ഥിതി ചെയ്യുക. അതിനാൽ ഭൂമി കറങ്ങുമ്പോൾ പേടകത്തെ നിരീക്ഷിക്കാൻ ഇന്ത്യയിലെ ഒറ്റ ഭൂതല കേന്ദ്രം മാത്രം പോരാ. ഭൂമിയുടെ ഭ്രമണത്തിനനുസരിച്ച് ഭൂതലകേന്ദ്രത്തിന്റെ കാഴ്ചയിൽ നിന്ന് പേടകം മറയുന്നതാണ് കാരണം. അതിനാൽ . ഡേറ്റയും കമാൻഡുകളും കൈമാറാൻ ആഗോള ബഹിരാകാശ ഗവേഷണ നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്.

logo
The Fourth
www.thefourthnews.in