ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

ഭീമന്‍ സൗരകളങ്കത്തെത്തുടർന്നുണ്ടായ ശക്തമായ സൗരജ്വാലകളുടെയും ഭൗമകാന്തിക കൊടുങ്കാറ്റിന്റെയും സാന്നിധ്യം

ആകാശത്ത് അസാധാരണമായൊരു പ്രകാശപ്രതിഭാസത്തിനാണ് മേയ് 10, 11 തീയതികളിലായി ലോകം സാക്ഷ്യം വഹിച്ചത്. ധ്രുവമേഖല വര്‍ണാഭമാകുന്ന ഈ പ്രതിഭാസം ധ്രുവദീപ്തി (അറോറ) എന്നാണ് വിശേഷിപ്പിക്കുന്നത്. ഭൂമിയിലേക്കുള്ള ശക്തമായ സൗരജ്വാലകളുടെ പ്രവാഹമാണ് ധ്രുവദീപ്തിക്കു കാരണമാകുന്നത്. ഇവയുടെ സാന്നിധ്യം പകർത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ.

ഭീമന്‍ സൗരകളങ്കത്തെത്തുടർന്നുണ്ടായ ശക്തമായ സൗരജ്വാലകളുടെ സാന്നിധ്യം ഐഎസ്ആർഒ സൗരദൗത്യ പേടകമായ ആദിത്യ-എൽ1ഉം രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2ലെ ഓർബിറ്ററുമാണ് പകർത്തിയിരിക്കുന്നത്. ഭൂമിയിൽനിന്ന് 15 ലക്ഷം കിലോ മീറ്റർ അകലെ എൽ1 പോയിന്റിൽ (ലഗ്രാഞ്ച് പോയിന്റ് 1) സ്ഥിതിചെയ്താണ് ആദിത്യ-എൽ1 സൂര്യനെ നിരീക്ഷിക്കുന്നത്.

സൂര്യനിലെ പ്രഭാമണ്ഡല(ഫോട്ടോസ്ഫിയര്‍)ത്തില്‍ ചുറ്റുമുള്ള പ്രദേശത്തേക്കാള്‍ ഇരുണ്ടതായി കാണുന്ന താല്‍കാലിക പാടുകളാണ് സൗരകളങ്കം (സണ്‍ സ്‌പോട്ട്). ഇപ്പോൾ പ്രകടമായ ഭീമൻ സൗരകളങ്കത്തിന് എആര്‍ 13664  എന്നാണ് ശാസ്ത്രലോകം പേര് നൽകിയിരിക്കുന്നത്. ഈ മേഖലയിൽനിന്ന് എക്സ് ക്ലാസ് സൗരജ്വാല(ഏറ്റവും ശക്തമായ വിഭാഗത്തിൽപ്പെട്ട സൗരജ്വാലകൾ)കളുടെയും വലിയതോതില്‍ വാതകങ്ങള്‍ പുറംതള്ളുന്ന കൊറോണൽ മാസ് ഇജക്ഷൻ്റെ(സിഎംഇ)യും പരമ്പരയാണ് ഭൂമിയിലേക്കു നയിക്കപ്പെട്ടത്. തത്ഫലമായുണ്ടാകുന്ന ഭൗമകാന്തിക കൊടുങ്കാറ്റ് 2003നു ശേഷമുള്ള ഏറ്റവും തീവ്രതയുള്ളതായിരുന്നു.

മേയ് 11 ന് പുലർച്ചെ നിരീക്ഷിക്കപ്പെട്ട ഭൗമകാന്തിക കൊടുങ്കാറ്റിനു കാരണമായ ഉയർന്ന ഊർജകണങ്ങളുള്ള ഹാലോ സിഎംഇകൾക്കൊപ്പം എക്സ് ക്ലാസ് ജ്വാലകൾക്കുപുറമെ നിരവധി 10 മടങ്ങ് ശക്തി കുറഞ്ഞ എം ക്ലാസ്, അതിനേക്കാൾ 10 മടങ്ങ് ശക്തി കുറഞ്ഞ സി ക്ലാസ് ജ്വാലകളും ഭൂമിയിലേക്ക് പ്രവഹിക്കപ്പെട്ടു.

ചാര്‍ജ് കണങ്ങളുടെ മഹാപ്രവാഹമായ ഈ സൗരജ്വാലകള്‍ ഭൂമിക്കു മുകളിലെ അന്തരീക്ഷ വാതകങ്ങളില്‍ പതിക്കുന്നതിന്‌റെ ഫലമാണ് രാത്രിയില്‍ ആകാശത്ത് വര്‍ണാഭമായ പ്രകാശം അഥവാ ധ്രുവദീപ്തി പ്രത്യക്ഷമാകുന്നത്. അക്ഷാംശ പ്രദേശങ്ങളിലാണ് ഇവ കൂടുതലായും കാണാന്‍ സാധിക്കുക. അടുത്തിടെ ലോകത്തിന്‌റെ പല ഭാഗങ്ങളിലും ദൃശ്യമായ ധ്രുവദീപ്തി ലഡാക്ക് ഒഴികെയുള്ള ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കാണാന്‍ സാധിച്ചിരുന്നില്ല. എന്നാൽ ഇതിനു കാരണമായ സൗരജ്വാലകള്‍ ആദിത്യ-എൽ1ഉം ചന്ദ്രയാൻ-2 ഓർബിറ്ററും കണ്ടെത്തിയതായി ഐഎസ്ആർഒ വ്യക്തമാക്കി.

ആദിത്യ എല്‍ 1 പേടകതത്തിലെ പേലോഡുകളിലൊന്നായ ആസ്‌പെക്‌സാണ് സൗരജ്വാലകളുടെയും സൗരക്കൊടുങ്കാറ്റിന്റെയും കാര്യത്തിൽ പ്രധാന നിരീക്ഷണം നടത്തിയത്. അതിവേഗവേഗതയിലുള്ള സൗരക്കാറ്റ്, കൂടിയ താപനിലയിലുള്ള സൗരക്കാറ്റ് പ്ലാസ്മ (സൂര്യനില്‍ നിന്നു പുറത്തുവരുന്ന ചാര്‍ജ്‌ഡ് കണികകള്‍), വൈദ്യുതകണങ്ങളുടെ പ്രവാഹം എന്നിവയുടെ സാന്നിധ്യം ആസ്‌പെക്‌സ് പിടിച്ചെടുത്തു.

സോളാർ വിൻഡ് അയോൺ സ്പെക്ട്രോമീറ്റർ (സ്വിസ്), സ്റ്റെപ്സ് (സുപ്ര തെർമൽ ആൻഡ് എനെർജിറ്റിക് പാർട്ടിക്കിൾ സ്പെക്ട്രോമീറ്റർ) എന്നീ നിരീക്ഷണ ഉപകരണങ്ങളടങ്ങിയതാണ് ആസ്‌പെക്‌സ് പേലോഡ്. സ്വിസിൽ ടിഎച്ച്എ-1 (ടോപ് ഹാറ്റ് അനലൈസർ-1), ടിഎച്ച്എ- 2 (ടോപ്പ് ഹാറ്റ് അനലൈസർ- 2) എന്നീ ഉപകരണങ്ങളാണുള്ളത്.

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും
രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക്; ഉപഗ്രഹങ്ങളെയും മൊബൈൽ സിഗ്നലുകളെയും ബാധിച്ചേക്കും

ആദിത്യ-എൽ1ലെ എക്‌സ്-റേ പേലോഡുകളായ സോലെക്സും എച്ച്ഇഎൽ1ഒഎസും അനവധി എക്‌സ്, എം ക്ലാസ് സൗരജ്വാലകള്‍ നിരീക്ഷിച്ചു. ഇൻ-സൈറ്റു മാഗ്നെറ്റോമീറ്റർ (എംഎജി) പേലോഡും സൗരജ്വാലകള്‍ എൽ1 പോയിൻ്റിലൂടെ കടന്നുപോകുമ്പോൾ നിരീക്ഷിച്ചു.

ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്നാണ് സൗരജ്വാലകളെയും ഭൗമകാന്തിക കൊടുങ്കാറ്റിനെയും ചന്ദ്രയാൻ-2 ഓർബിറ്റർ നിരീക്ഷിച്ചത്. ഓർബിറ്ററിലെ സോളാർ എക്‌സ്-റേ മോണിറ്റർ (എക്‌സ്എസ്എം) ഭൗമകാന്തിക കൊടുങ്കാറ്റുമായി ബന്ധപ്പെട്ട രസകരമായ നിരവധി പ്രതിഭാസങ്ങൾ നിരീക്ഷിച്ചു. വലിയ ജ്വാലകള്‍ സ്വയം തിരിച്ചറിയാനും ഡിറ്റക്ടറിനു മുന്നില്‍ ഒരു ഫില്‍റ്റര്‍ സംവിധാനം സജീവമാക്കാനും സജ്ജീകരിച്ചിരിക്കുന്നതാണ് ഈ ഉപകരണം. മേയ് ഒന്‍പത് മുതലുള്ള ലോക്കല്‍ ചാര്‍ജ് കണികകളുടെ സാന്ദ്രതയെക്കുറിച്ചുള്ള വിവരങ്ങളും ഇത് ശേഖരിച്ചു.

ആന്ധ്രാപ്രദേശിലെ ഗാഡങ്കിയിൽ സ്ഥിതിചെയ്യുന്ന നാഷണൽ അറ്റ്‌മോസ്ഫെറിക് റിസർച്ച് ലബോറട്ടറിയിലെ ജിഎൻഎസ്എസ് നെറ്റ്‌വർക്ക് ഒബ്‌സർവേഷൻസും പ്രതിഭാസം നിരീക്ഷിച്ചിരുന്നു.

2003നുശേഷം കണ്ട ഏറ്റവും തീവ്രമായ ഭൗമകാന്തിക കൊടുങ്കാറ്റ് ആശയവിനിമയത്തിലും ജിപിഎസ് സംവിധാനങ്ങളിലും തടസങ്ങള്‍ സൃഷ്ടിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. എന്നാൽ, മേയ് 11ന് പുലര്‍ച്ചെയുണ്ടായ കൊടുങ്കാറ്റിന്‌റെ ആഘാതം അയണോസ്ഫിയര്‍ പൂര്‍ണമായി വികസിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യന്‍ ഭാഗങ്ങളില്‍ അനുഭവപ്പെട്ടില്ല. താഴ്ന്ന അക്ഷാംശങ്ങളിലായതിനാല്‍ ഇന്ത്യയില്‍ വ്യാപകമായ തകരാറുകളും റിപ്പോര്‍ട്ട് ചെയ്തില്ല. പസഫിക്, അമേരിക്കന്‍ മേഖലകളില്‍ അയണോസ്ഫിയര്‍ പ്രക്ഷുബ്ധമായിരുന്നതായി ഇസ്രോ പറഞ്ഞു.

സൗരജ്വാലകളും ഭൗമകാന്തിക കൊടുങ്കാറ്റും മൂലമുണ്ടാകുന്ന ഭൗമകാന്തിക പ്രവർത്തനങ്ങൾ ഉപഗ്രഹങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതിൽ ഐഎസ്ആർഒയുടെ മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (എംസിഎഫ്) സംഘം അതീവ ജാഗ്രതിലായിരുന്നു. എന്നാൽ അസാധാരണമായതൊന്നും സംഭവിച്ചില്ല. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇൻസാറ്റ്-3ഡിഎസ് ഉപഗ്രഹത്തിലെ സ്റ്റാർ സെൻസറും (എസ്എസ്-2) ഇൻസാറ്റ്-3ഡിആറിലെ സ്റ്റാർ സെൻസറും (എസ്എസ്-3) ഓഫാക്കിയിരുന്നു.

ഇന്ത്യയുടെ ദിശാനിർണയ സംവിധാനമായ നാവിക് സേവനത്തിൽ കാര്യമായ വ്യത്യാസമുണ്ടായില്ല. ഇത് ഭൗമകാന്തിക കൊടുങ്കാറ്റിൽനിന്നുള്ള ആഘാതം ഉണ്ടായില്ലെന്നോ അല്ലെങ്കിൽ നിസ്സാരമാണെന്നോ ആണ് സൂചിപ്പിക്കുന്നുതെന്നും ഐഎസ്ആർഒ അറിയിച്ചു.

logo
The Fourth
www.thefourthnews.in