ചന്ദ്രയാന്‍ 3 ഓഗസ്റ്റ് അഞ്ചിനകം ചാന്ദ്രഭ്രമണപഥത്തില്‍; ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ വിജയം

ചന്ദ്രയാന്‍ 3 ഓഗസ്റ്റ് അഞ്ചിനകം ചാന്ദ്രഭ്രമണപഥത്തില്‍; ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ വിജയം

പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ 22 മിനുറ്റ് ജ്വലിപ്പിച്ചാണ് ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് പേടകത്തെ പുറത്തുകടത്തിയത്. ഓഗസ്റ്റ് അഞ്ചിനകം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യം ചന്ദ്രയാന്‍ മൂന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു. ഐഎസ്ആർഒ ഇന്ന് പുലർച്ചെ നടത്തിയ ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ വിജയകരമായി പൂര്‍ത്തിയായതോടെ പേടകം ഭൂമിയെ വലംവയ്ക്കുന്നത് അവസാനിപ്പിച്ച് ചാന്ദ്രഭ്രമണപഥം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.

രാത്രി 12-ന് ശേഷം ആരംഭിച്ച ഭ്രമണപഥമാറ്റം 22 മിനുറ്റ് കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. പേടകത്തിലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ലാം എന്‍ജിന്‍ ജ്വലിപ്പിച്ചാണ് ഭ്രമണപഥമാറ്റം സാധ്യമാക്കിയത്. ഓഗസ്റ്റ് അഞ്ചിനകം പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ ട്വീറ്റ് ചെയ്തു.

ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ഇത്രയും ദിവസം ഭൂഗുരുത്വ ബലത്തിന്റെ സ്വാധീനത്തിലായിരുന്നു. ഭൂമിക്ക് അടുത്തുള്ള പാര്‍ക്കിങ് ഓര്‍ബിറ്റില്‍ വിക്ഷേപിച്ച പേടകത്തെ അഞ്ച് ഘട്ടമായി ഉയർത്തി ഭൂമിയില്‍നിന്ന് ദൂരെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. ജൂലൈ 15, 17,18, 20,25 തീയതികളിലായാണ് ഭ്രമണപഥമുയര്‍ത്തിയത്.

അഞ്ചാമത്തെയും അവസാനത്തെയും ഉയർത്തലിലൂടെ ഭൂമിയിൽനിന്ന് കൂടിയ അകലം 1,27,603 കിലോ മീറ്ററും കുറഞ്ഞ അകലം 236 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലായിരുന്നു. ഇവിടെ നിന്നാണ് ഇന്ന് പുലർച്ചെ ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ നടത്തി പേടകത്തെ ചന്ദ്രനിലേക്ക് വഴിതിരിച്ചുവിട്ടത്.

ഇന്നുമുതല്‍ നാലു ദിവസം ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലൂടെ ചന്ദ്രന്റെ അടുത്തേക്ക് നീങ്ങുന്ന പേടകത്തെ ഓഗസ്റ്റ് അഞ്ചോടെ ചന്ദ്രന് ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ എത്തും. പിന്നീട് ഘട്ടം ഘട്ടമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രന് 100 കിലോ മീറ്റർ അടുത്തുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തിലേക്ക് മാറ്റും. തുടർന്നാണ് സോഫ്റ്റ് ലാൻഡിങ് നടത്തുക. ഓഗസ്റ്റ് 23നാണ് വൈകീട്ട് 5.47 നാണ് നിലവില്‍ സോഫ്റ്റ് ലാന്‍ഡിങ് നിശ്ചയിച്ചിരിക്കുന്നത്.

ചന്ദ്രയാന്‍ 3 ഓഗസ്റ്റ് അഞ്ചിനകം ചാന്ദ്രഭ്രമണപഥത്തില്‍; ട്രാന്‍സ് ലൂണാര്‍ ഇന്‍ജെക്ഷന്‍ വിജയം
വിജയകരമായി യാത്ര തുടങ്ങി ചന്ദ്രയാന്‍ 3; ഇനി കടമ്പകൾ എന്തൊക്കെ?
logo
The Fourth
www.thefourthnews.in