ചന്ദ്രനില്‍ സൂര്യോദയം; ലാന്‍ഡറിനെയും റോവറിനെയും  ഉണർത്താൻ ശ്രമമാരംഭിച്ച് ഐഎസ്ആർഒ

ചന്ദ്രനില്‍ സൂര്യോദയം; ലാന്‍ഡറിനെയും റോവറിനെയും ഉണർത്താൻ ശ്രമമാരംഭിച്ച് ഐഎസ്ആർഒ

പൂര്‍ണമായും ഉണര്‍ന്നാല്‍ ലാന്‍ഡറിനും റോവറിനും ഒരു ചാന്ദ്രപ്പകൽ അഥവാ 14 ഭൗമദിനങ്ങളെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിക്കും

ചന്ദ്രയാൻ-3ലേക്കും ഐഎസ്ആർഒയിലേക്കും വീണ്ടും ഉറ്റുനോക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തില്‍ രാത്രി അവസാനിച്ച സാഹചര്യത്തിൽ വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും വീണ്ടുമുണർത്താൻ ഐഎസ്ആർഒ ശ്രമമാരംഭിച്ചു.

ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തില്‍ സൂര്യനുദിച്ചെങ്കിലും പകലിന് ചൂടും വെളിച്ചവും കൂടിയാല്‍ മാത്രമേ റോവറിലെയും ലാന്‍ഡറിലെയും സോളാര്‍ ചാനലുകള്‍ പ്രവര്‍ത്തിക്കൂ. നല്ല സൂര്യപ്രകാശം ലഭിച്ചാല്‍ ലാന്‍ഡര്‍, റോവര്‍ മൊഡ്യൂള്‍സ്, ഓണ്‍-ബോര്‍ഡ് ഉപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ ഗ്രൗണ്ട് സ്റ്റേഷനുകള്‍ ശ്രമിക്കുമെന്ന് ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു.

ചന്ദ്രനില്‍ സൂര്യോദയം; ലാന്‍ഡറിനെയും റോവറിനെയും  ഉണർത്താൻ ശ്രമമാരംഭിച്ച് ഐഎസ്ആർഒ
ലാൻഡറും റോവറും ഞായറാഴ്ചയോടെ മിഴികളടയ്ക്കും: ചന്ദ്രയാൻ- 3 ദൗത്യം അവസാനിക്കുന്നു

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പകൽ അവസാനിക്കുന്ന ഘട്ടത്തിലാണ് ഈ മാസം ആദ്യം വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും ഐഎസ്ആർഒ സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് ലാൻഡറും റോവറും. ഓഗസ്റ്റ് 23ന് ചന്ദ്രനിലെത്തിയ ഇവ ഏറെക്കുറെ ഒരു ചാന്ദ്രപ്പകൽ (14 ഭൗമദിനം) അവിടെ പരീക്ഷണങ്ങൾ നടത്തി വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറിയിരുന്നു.

ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തനക്ഷമമാക്കുകയെന്നത് അത്ര എളുപ്പമല്ല. എങ്കിലും നിരാശാജനകമായ സാഹചര്യമുണ്ടാവില്ലെന്നാണ് ഐഎസ്ആർഒയുടെ പ്രതീക്ഷ. രണ്ടിൽ ഏതെങ്കിലും ഒന്ന് ഓണാക്കാൻ കഴിഞ്ഞാലും വന്നാലും അതിനെ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിഞ്ഞെന്നുവരില്ല.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഏകദേശം -200 ഡിഗ്രിയില്‍ താഴെ രാത്രികാല ശൈത്യനിലയുള്ള പ്രദേശത്താണ് ചന്ദ്രയാന്‍-3 ഇറക്കിയിരിക്കുന്നത്. അത്രയും അധികം തണുപ്പിനെ നേരിടാനുള്ള സജ്ജീകരണങ്ങള്‍ ചാന്ദ്രയാന്‍-3 ല്‍ ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ലാൻഡറിനെയും റോവറിനെയും ഐഎസ്ആർഒ 'ഉറക്കിയത്.'

ബാറ്ററികള്‍ പൂര്‍ണമായി ചാര്‍ജ് ആയതിന് ശേഷം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

ചന്ദ്രനിലെ രാത്രിയിലെ അതിശൈത്യം കണക്കിലെടുത്ത് സ്വയം ചൂടാക്കാനുള്ള സംവിധാനങ്ങള്‍കൂടി ബഹിരാകാശപേടകങ്ങളില്‍ സാധാരണയായി സജ്ജീകരിക്കാറുണ്ട്. ചന്ദ്രനില്‍ ഇറങ്ങുന്നത് പരാജയപ്പെട്ട റഷ്യയുടെ ലൂണ-25 ലും ഇത്തരത്തിലുള്ള സംവിധാനമുണ്ടായിരുന്നു. എന്നാല്‍ ഒരു ചാന്ദ്രദിനത്തിനപ്പുറം ആയുസ് ലക്ഷ്യമിട്ടല്ല ചന്ദ്രയാന്‍-3 നിര്‍മിച്ചത്. എങ്കിലും ചന്ദ്രയാന്‍ 3 പ്രധാനലക്ഷ്യങ്ങള്‍ കൈവരിച്ച സാഹചര്യത്തിൽ ലാന്‍ഡറിന്റെയും റോവറിന്റെയും ആയുസ് വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ ഐഎസ്ആർഒ തേടുകയായിരുന്നു. അതനുസരിച്ചാണ് സൂര്യാസ്തമയത്തിന് അല്പം മുന്‍പ് എല്ലാ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തുകയും സ്ലീപിങ്‌മോഡില്‍ ഇടുകയും ചെയ്തത്.

ലാൻഡറിലെയും റോവറിലെയും ബാറ്ററികള്‍ പൂര്‍ണമായി ചാര്‍ജായശേഷം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ലീപ്പിങ് മോഡിലാക്കുന്നതിന് മുന്‍പേ രണ്ടിന്റെയും സൗരോര്‍ജ പാനലുകള്‍ സൂര്യപ്രകാശം എത്തുന്ന ദിക്കിലേക്ക് ക്രമീകരിച്ചിരുന്നു.

ചന്ദ്രനില്‍ സൂര്യോദയം; ലാന്‍ഡറിനെയും റോവറിനെയും  ഉണർത്താൻ ശ്രമമാരംഭിച്ച് ഐഎസ്ആർഒ
ചന്ദ്രോപരിതലത്തിലെ താപനില വ്യതിയാനം പഠിച്ച് ചന്ദ്രയാൻ 3

പൂര്‍ണമായും ഉണര്‍ന്നാല്‍ ലാന്‍ഡറിനും റോവറിനും കുറഞ്ഞത് 14 ഭൗമദിനങ്ങളെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിക്കും. അങ്ങനെവന്നാല്‍ അവ വീണ്ടും ഗ്രൗണ്ട് സ്റ്റേഷനുകളിലേക്ക് പുതിയ വിവരങ്ങള്‍ എത്തിച്ചുതുടങ്ങും. ചന്ദ്രയാന്‍-3 വഴി ഇതിനോടകം തന്നെ പല നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ചാസ്‌തേ (ചന്ദ്രാസ് സർഫേസ് തെര്‍മോഫിസിക്കല്‍ എക്‌സ്‌പിരിമെന്റ്) ഉപകരണം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ താപനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തിയിരുന്നു.

സ്ലീപ്പിങ് മോഡിലേക്ക് മാറ്റുന്നതിന് മുന്‍പ് ഒരു പരീക്ഷണം എന്ന നിലയില്‍ ലാന്‍ഡറിനെ ഒന്നുകൂടി ഉയർത്തി സോഫ്റ്റ്‌ലാന്‍ഡ് ചെയ്യിച്ചിരുന്നു. ഉയർത്തിയശേഷം ഏകദേശം 30-40 സെന്റീമീറ്റര്‍ അകലെയാണ് വീണ്ടും ലാന്‍ഡ് ചെയ്യിച്ചത്.

കഴിഞ്ഞമാസം 23 ന് വൈകിട്ട് 6.04 ന് ആയിരുന്നു റോവര്‍ അടക്കം ചെയ്ത ലാന്‍ഡര്‍ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ചന്ദ്രനില്‍ സൂര്യപ്രകാശം ലഭിച്ച് രണ്ടാം ദിനമായിരുന്നു സോഫ്റ്റ് ലാന്‍ഡിങ്. ശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാനുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് ലാന്‍ഡറും റോവറും മിഴിയടച്ചത്. ഇരുപേടകങ്ങളും അതികഠിനമായ തണുപ്പിനെ മറികടന്ന് വീണ്ടും പ്രവര്‍ത്തിച്ചാല്‍ അത് ചരിത്രമാകും.

logo
The Fourth
www.thefourthnews.in