ക്രിസ്റ്റോഫ് കോച്ചും ഡേവിഡ് ചാൽമേഴ്‌സും
ക്രിസ്റ്റോഫ് കോച്ചും ഡേവിഡ് ചാൽമേഴ്‌സും

മനുഷ്യന്റെ ബോധാവസ്ഥയ്ക്ക് പിന്നിലെ രഹസ്യമെന്ത്? 25 വർഷം നീണ്ട ശാസ്ത്ര തർക്കത്തിന്റെ കഥ

തത്വചിന്തകനായ ഡേവിഡ് ചാൾമേഴ്‌സും ന്യൂറോ സയന്റിസ്റ്റ് ആയ ക്രിസ്റ്റോഫ് കോച്ചും തമ്മിലാണ് 1998-ൽ ബെറ്റ് വയ്ക്കുന്നത്

പലതരത്തിലുള്ള ബെറ്റുകൾ നാം കണ്ടിട്ടുണ്ട്. ആഴ്ചകളോ മാസങ്ങളോ നീളുന്ന ബെറ്റുകൾ. എന്നാൽ ന്യൂയോർക്കിലെ ഒരു സയൻസ് ബെറ്റ് അവസാനിച്ചത് 25 വർഷം സമയമെടുത്താണ്. തലച്ചോറിലെ ന്യൂറോണുകൾ ബോധാവസ്ഥ സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് 2023 ഓടെ ശാസ്ത്രം കണ്ടെത്തുമോ ഇല്ലയോ എന്നതായിരുന്നു ബെറ്റിന് ആസ്പദമായ വിഷയം. ഒടുവിൽ ഇത് സംബന്ധിച്ച് ഇപ്പോഴും പഠനങ്ങൾ പുരോഗമിക്കുകയാണെന്ന് കണക്കാക്കിയാണ് 25 വർഷങ്ങൾക്ക് ശേഷം ബെറ്റ് അവസാനിപ്പിച്ചത്.

ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ശാസ്ത്ര രംഗത്ത് അതിവേഗത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ശാസ്ത്രം ഈ പ്രശ്‌നത്തിന് ഉടൻ തന്നെ ഉത്തരം കണ്ടെത്തുമെന്നും ചാൾമേഴ്‌സ് സമ്മതിക്കുന്നു.

തത്വചിന്തകനായ ഡേവിഡ് ചാൾമേഴ്‌സും ന്യൂറോ സയന്റിസ്റ്റ് ആയ ക്രിസ്റ്റോഫ് കോച്ചും തമ്മിലാണ് 1998-ൽ ജർമ്മൻ നഗരമായ ബ്രെമെനിലെ ഒരു ബാറിൽ വെച്ച് ബെറ്റുവയ്ക്കുന്നത്. 2023 ഓടെ ശാസ്ത്രം മനുഷ്യന്റെ ബോധാവസ്ഥയുടെ ചുരുളഴിക്കുമെന്നതായിരുന്നു ക്രിസ്റ്റോഫ് കൊച്ചിന്റെ വാദം. ഇല്ലെന്ന് ചാൾമേഴ്‌സും പറഞ്ഞു.

ബോധത്തിന്റെ ന്യൂറൽ അടിസ്ഥാനത്തെക്കുറിച്ചുള്ള രണ്ട് പ്രമുഖ സിദ്ധാന്തങ്ങൾ വിശകലനം ചെയ്യുന്ന പഠനം ന്യൂയോർക്ക് സിറ്റിയിലെ അസോസിയേഷൻ ഫോർ സയന്റിഫിക് സ്റ്റഡി ഓഫ് കോൺഷ്യസ്‌നസിന്റെ (ASSC) വാർഷിക മീറ്റിംഗിൽ അവതരിപ്പിച്ചാണ് പന്തയം അവസാനിപ്പിച്ചത്. അങ്ങനെ ഡേവിഡ് ചാൾമേഴ്‌സിനെ വിജയിയായി പ്രഖ്യാപിച്ചു, കാരണം ഈ രഹസ്യം കണ്ടെത്താനുള്ള പഠനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്.

ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഈ മേഖലയില്‍ അതിവേഗത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ശാസ്ത്രം ഈ പ്രശ്‌നത്തിന് ഉടൻ തന്നെ ഉത്തരം കണ്ടെത്തുമെന്നും ചാൾമേഴ്‌സ് സമ്മതിക്കുന്നു. ന്യൂയോർക്ക് സർവകലാശാലയിലെ സെന്റർ ഫോർ മൈൻഡ്, ബ്രെയിൻ ആൻഡ് കോൺഷ്യസ്‌നസ് കോ-ഡയറക്ടറാണ് ഡേവിഡ് ചാൾമേഴ്‌സ്.

ജർമ്മൻ-അമേരിക്കൻ ന്യൂറോ ഫിസിയോളജിസ്റ്റും കമ്പ്യൂട്ടേഷണൽ ന്യൂറോ സയന്റിസ്റ്റുമായ കോച്ച് 1980 മുതൽ ബോധത്തിന്റെ ന്യൂറൽ അടിസ്ഥാനത്തെക്കുറിച്ച് പഠനങ്ങൾ നടത്തുന്നയാളാണ്.

ബെറ്റ് വെച്ച കാലയളവിൽ പഠനത്തിലുണ്ടായ ചില സാങ്കേതിക മുന്നേറ്റങ്ങൾ അധികം വൈകാതെ തന്നെ ഈ രഹസ്യം കണ്ടെത്താനാകുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയിരുന്നു. " അക്കാലത്തുണ്ടായ ചില സാങ്കേതിക മുന്നേറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. 25 വർഷം കഴിയുമ്പോഴേക്കും അത് ഉറപ്പായിട്ടും കണ്ടെത്തുമെന്ന് ഞാൻ കരുതി, " കോച്ച് പറയുന്നു.

ബോധാവസ്ഥ എന്ന വാക്ക് ഒരു വ്യക്തിക്ക് ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള അനുഭവങ്ങളും ചേർന്നതാണ്. അതിൽ നമ്മൾ കാണുന്നതും കേൾക്കുന്നതും ആസ്വദിക്കുന്നതും ഉൾപ്പെടുന്നു. അതാണ് നമ്മുടെ ജീവിതത്തിന് യഥാർത്ഥ അർത്ഥവും മൂല്യവും നൽകുന്നതെന്ന് ചാൾമേഴ്‌സ് പറയുന്നു.

എന്നാൽ ഇരുപത്തിയഞ്ച് വർഷം കഠിന പ്രയത്നം നടത്തിയെങ്കിലും ഗവേഷകർക്ക് നമ്മുടെ മസ്തിഷ്കം ബോധാവസ്ഥ എങ്ങനെ സൃഷ്ടിക്കുന്നുവെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അത് ഇപ്പോഴും നിഗൂഢമായി , ശാസ്ത്രത്തിന് ഭാഗികമായി മാത്രം മനസിലാക്കാൻ കഴിയുന്ന ഒന്നായി നിലനിൽക്കുകയാണ്.

logo
The Fourth
www.thefourthnews.in