തലച്ചോര്‍ ചിന്തകളെ തീരുമാനിക്കുന്നതെങ്ങനെ ?

തലച്ചോര്‍ ചിന്തകളെ തീരുമാനിക്കുന്നതെങ്ങനെ ?

ഡിഫോള്‍ട്ട് മോഡ് നെറ്റ്‌വര്‍ക്ക് സജീവമായിരിക്കുന്ന് സമയത്ത് തീരുമാനമെടുക്കല്‍, ശ്രദ്ധ, ജോലി സംബന്ധമായ ഓര്‍മ എന്നിവയെ സംബന്ധിക്കുന്ന തലച്ചോറിന്റെ ഭാഗം മന്ദഗതിയിലാകും

ഒരു ദിവസം ആറായിരത്തോളം ചിന്തകള്‍ മനുഷ്യ മനസില്‍ ഉണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിന്തകള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വളരെ രസകരമായൊരു കാര്യം മനസിലാകും. ചിലപ്പോള്‍ ഏറ്റവും മനോഹരമായൊരു സ്ഥലത്ത് വിശ്രമിക്കുമ്പോഴാകും സുഹൃത്തുമായി മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ഒരു വഴക്കിനെക്കുറിച്ച് ഓര്‍മ വരിക. എന്തുകൊണ്ടാണ് വര്‍ത്താമാനകാലവുമായി തീര്‍ത്തും ബന്ധമില്ലാത്ത ചിന്തകള്‍ കടന്നുവരുന്നത് ? നമ്മുടെ മനസ് ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയും മറ്റ് ചിലത് ഓര്‍ക്കാതിരിക്കുകയും ചെയ്യുന്നതും ദിവാസ്വപ്‌നങ്ങള്‍ കാണുന്നത് എന്തുകൊണ്ടാവാം?

2000ത്തിന്റെ തുടക്കത്തില്‍ നടത്തിയ പഠനത്തില്‍ ന്യൂറോളജിസ്റ്റ് മാര്‍ക്കസ് റെയ്ചലിന്റെ കണ്ടെത്തല്‍ പ്രകാരം 'ഡിഫോള്‍ട്ട് മോഡ് നെറ്റ്‌വര്‍ക്ക്‌' എന്ന് വിളിക്കുന്ന മസ്തിഷ്‌ക ശൃംഖലയുടെ പ്രത്യേക പ്രവര്‍ത്തനമാണ് ഇത്തരത്തില്‍ ചിന്തകള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണം. നമ്മളെക്കുറിച്ചോ മറ്റുള്ളവരെക്കുറിച്ചോ ചിന്തിക്കുമ്പോഴോ മറ്റെന്തെങ്കിലും ഓര്‍ക്കുമ്പോഴോ ഭാവി കാര്യങ്ങള്‍ സങ്കല്‍പ്പിക്കുമ്പോഴോ ഈ പ്രവര്‍ത്തനം സ്വാധീനിക്കും. സാധാരണയായി ഒരു ജോലിയിലോ ലക്ഷ്യത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴല്ല, മറിച്ച് നമ്മള്‍ വിശ്രമിക്കുന്ന അവസ്ഥയിലായിരിക്കുമ്പോഴാണ് ഡിഫോള്‍ട്ട് മോഡ് നെറ്റ്‌വര്‍ക്ക് സജീവമാകുക. ഈ സമയത്ത് തീരുമാനമെടുക്കല്‍, ശ്രദ്ധ, ജോലി സംബന്ധമായ ഓര്‍മ എന്നിവ സംബന്ധിക്കുന്ന തലച്ചോറിന്റെ ഭാഗം മന്ദഗതിയിലാവുന്നു.

ചില ഓര്‍മകള്‍ മാത്രം സജീവമാകുന്നതെന്തുകൊണ്ട്?

ഏറ്റവും അടുത്ത് നടന്ന സംഭവങ്ങളോ വൈകാരികമായ ഓര്‍മകളോ തുടര്‍ച്ചയായി സംഭവിക്കുന്ന കാര്യങ്ങളോ നമ്മുടെ സ്വത്വവുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങളെക്കുറിച്ചുള്ള ഓര്‍മകളാണ് എപ്പോഴും സജീവമായിരിക്കുക. ശാരീരികവും സാമൂഹികവുമായ ചുറ്റുപാടുകളുമായി ഇടപഴകുന്നതിന് ഇത്തരത്തിലുള്ള ഓര്‍മ്മകളുടെ സ്വാധീനം നിര്‍ണായകമാണ്. അതിനാല്‍ അവ നമ്മുടെ നിലനില്‍പ്പിനെ തന്നെ സഹായിക്കുന്നു.

എല്ലാ ഓര്‍മകളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഓരോ ചെറിയ വിവരങ്ങളും മറ്റൊരു ഓര്‍മയെ പ്രവര്‍ത്തനക്ഷമമാക്കുന്ന തരത്തിലാണ് തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയൊരു ശബ്ദമോ ചിത്രമോ ഗന്ധമോ വരെ നമ്മളെ മറ്റ് ഓര്‍മകളിലേക്ക് കൊണ്ടെത്തിക്കും. ചിലപ്പോള്‍ ബോധപൂര്‍വമല്ലാത്ത കാര്യങ്ങളും മറ്റ് ഓര്‍മകളിലേക്ക് നയിക്കും. അതായത് തലച്ചോര്‍ നിരന്തരമായി വിവരങ്ങളെ പുതുക്കി, ഒരോ ഓര്‍മകളുമായി ബന്ധപ്പെടുത്തുന്നു.

ചിന്തകള്‍ മോശമാകുമ്പോള്‍..

ഡിഫോള്‍ട്ട് മോഡ് നെറ്റ്‌വര്‍ക്കിലൂടെ സൃഷ്ടിക്കപ്പെടുന്ന ചിന്തകളുടെയും ഓര്‍മ്മകളുടെയും സ്വതസിദ്ധമായ സ്വഭാവമാണ് ഭാവനയെയും സര്‍ഗാത്മകതയെയും പിന്തുണയ്ക്കുന്നത്. എന്നാല്‍ സ്വതസിദ്ധമായ ചിന്തകള്‍ എല്ലായ്‌പ്പോഴും നല്ലതല്ല. നുഴഞ്ഞുകയറുന്ന ചില ഓര്‍മകള്‍ പലപ്പോഴും അസ്വസ്ഥതയുളവാക്കുന്നതോ വൈകാരികതയിലേക്ക് നയിക്കുന്നതോ ആണ്. അവയ്ക്ക് ഉത്കണ്ഠ, ഭയം, ലജ്ജ എന്നീ വികാരങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് മാത്രമല്ല, ചിലപ്പോള്‍ ആ വ്യക്തി ഓര്‍മിക്കാനോ ചിന്തിക്കാനോ ആഗ്രഹിക്കാത്ത അസ്വസ്ഥജനകമായ കാര്യങ്ങളും അടങ്ങിയിരിക്കാം.

ഉദാഹരണത്തിന്, പ്രസവത്തിന് ശേഷമുള്ള ഉത്കണ്ഠയിലും വിഷാദത്തിലും അമ്മമാര്‍ക്ക് അവരുടെ കുഞ്ഞിനെ ദ്രോഹിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ ഉണ്ടായേക്കാം. ഇത്തരം ചിന്തകളുടെ തുടക്കത്തില്‍ തന്നെ ആവശ്യമെങ്കില്‍ മനശാസ്ത്രജ്ഞരുടെ സഹായം തേടുന്നതാണ് നല്ലത്. കോഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി അനാവശ്യ ചിന്തകളെ നേരിടാന്‍ സഹായിക്കും.

തലച്ചോറിനെ വിശ്രമിക്കാന്‍ അനുവദിക്കുന്നതിലൂടെ സൃഷ്ടിപരമായ ചിന്തകളും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളും കണ്ടെത്താന്‍ സാധിക്കും. അനാവശ്യ ചിന്തകള്‍ ഉയര്‍ന്നുവരുമ്പോള്‍ ശ്രദ്ധാപൂര്‍വമായ സമീപനം സ്വീകരിക്കുന്നതാണ് നല്ലത്. ചിന്തയെ നിരീക്ഷിച്ച് അത്തരം ചിന്തകളെ ബോധപൂര്‍വം ഒഴിവാക്കാനാകും.

logo
The Fourth
www.thefourthnews.in