നാളെ കാണാം 'ഹൈബ്രിഡ്' സൂര്യഗ്രഹണം

നാളെ കാണാം 'ഹൈബ്രിഡ്' സൂര്യഗ്രഹണം

ചില സ്ഥലങ്ങളിൽ പൂർണ സൂര്യഗ്രഹണമായും (total) ചിലയിടങ്ങളിൽ വലയ സൂര്യഗ്രഹണമായും (annular) ദ‍ൃശ്യമാകും

2023ലെ ആദ്യ സൂര്യഗ്രഹണം നാളെ സംഭവിക്കും. എന്നാൽ അത് സാധാരണ ഒരു സൂര്യ​ഗ്രഹണമല്ല; ഒരു സങ്കര സൂര്യഗ്രഹണ (hybrid solar eclipse)മായിരിക്കും. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഒരു സങ്കര സൂര്യഗ്രഹണം ദൃശ്യമാകുന്നത്.

ചില സ്ഥലങ്ങളിൽ പൂർണ സൂര്യഗ്രഹണമായും (total) ചിലയിടങ്ങളിൽ വലയ സൂര്യഗ്രഹണമായും (annular) ദ‍ൃശ്യമാകുന്നവയെയാണ് സങ്കര സൂര്യഗ്രഹണമെന്ന് വിളിക്കുന്നത്. ഗ്രഹണ സമയത്ത്, സൂര്യനും ഭൂമിക്കും ഇടയിലായിരിക്കും ചന്ദ്രന്റെ സ്ഥാനം. അര്‍ദ്ധവൃത്താകൃതിയിൽ ആരംഭിച്ച് പൂർണമായി മാറി തിരികെ അര്‍ദ്ധവൃത്താകൃതിയിലേക്ക് മടങ്ങുന്നതാണ് പ്രക്രിയ.

ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ നിഴൽ ഭൂമിയുടെ ഉപരിതലത്തിലൂടെയാകും നീങ്ങുക. സൂര്യനിൽ നിന്നുള്ള പ്രകാശം നിഴലിന്മേൽ പതിക്കുകയും ഒരു വൃത്തം രൂപപ്പെടുകയും ചെയ്യുന്നു. ഈ വൃത്തം ആന്റുംബ്ര എന്നറിയപ്പെടുന്നു. ചന്ദ്രൻ നീങ്ങുമ്പോൾ വൃത്തത്തിന്റെ സാന്നിധ്യം പ്രകാശവലയം പോലെ കാണപ്പെടുന്നതിനാൽ ഹൈബ്രിഡ് സൂര്യഗ്രഹണത്തെ "അഗ്നി വലയം" എന്നും വിളിക്കാറുണ്ട്.

ഹൈബ്രിഡ് സൂര്യഗ്രഹണം എവിടെ ദൃശ്യമാകും?

ഓസ്‌ട്രേലിയന്‍ തീരത്തെ നിംഗളൂവിലായിരിക്കും സൂര്യഗ്രഹണം ഏറ്റവും മികച്ച രീതിയില്‍ ദൃശ്യമാകുക. പടിഞ്ഞാറൻ ഓസ്‌ട്രേലിയ, കിഴക്കൻ ടിമോർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 7:06ന് ആരംഭിച്ച് ഉച്ചയ്ക്ക് 12:29ന് ഹൈബ്രിഡ് സൂര്യഗ്രഹണ കാഴ്ച അവസാനിക്കും. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ എക്‌സ്‌മൗത്ത് പെനിൻസുല, ടിമോർ ലെസ്റ്റ്, വെസ്റ്റ് പാപ്പുവ എന്നിവിടങ്ങളിൽ നിന്ന് മാത്രമേ ഗ്രഹണം പൂർണമായി ദൃശ്യമാകൂ.

സൂര്യഗ്രഹണത്തിന് പൂർണത സംഭവിക്കുന്നതിന് തൊട്ടുമുൻപ് ചന്ദ്രന്റെ അതിർത്തികളിലൂടെ കാണുന്ന സൂര്യപ്രകാശത്തിന്റെ അവസാന കിരണങ്ങൾക്ക് ബെയ്‌ലീസ് ബീഡ്സ് എന്നാണ് പേര്. 1800കളുടെ തുടക്കത്തിൽ ജ്യോതിശാസ്ത്രജ്ഞൻ ഫ്രാൻസിസ് ബെയ്‌ലിയാണ് ഈ പ്രതിഭാസം ആദ്യമായി കണ്ടുപിടിച്ചത്. സങ്കര സൂര്യഗ്രഹണ സമയത്ത് ചന്ദ്രൻ സൂര്യന്റെ ഏതാണ്ട് അതേ വലുപ്പത്തിൽ കാണപ്പെടുന്നതുകൊണ്ട് ബെയ്‌ലീസ് ബീഡ്സ് കൂടുതൽ സമയം ദൃശ്യമാകും.

ഹൈബ്രിഡ് സൂര്യഗ്രഹണം ഇന്ത്യയിൽ കാണാൻ സാധിക്കുമോ?

സൂര്യഗ്രഹണത്തിന്റെ ഒരു ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ആരംഭിക്കുമെങ്കിലും അത് ഇന്ത്യൻ ഉപഭൂഖണ്ഡം കടക്കില്ല. അതിനാൽ ഇന്ത്യയിൽ ഗ്രഹണം കാണാൻ സാധിക്കില്ല.

ഹൈബ്രിഡ് സൂര്യഗ്രഹണം നമുക്ക് എങ്ങനെ കാണാം?

TimeAndDate.com-ന്റെ യൂട്യൂബ് ചാനലിൽ, ഇന്ത്യൻ സമയം ഏപ്രിൽ 20ന് രാവിലെ 7 മണി മുതല്‍ ഓൺലൈനായി കാണാനാകും.

അടുത്ത സങ്കര സൂര്യഗ്രഹണം എപ്പോൾ?

100 വർഷത്തിൽ പലപ്പോഴായാണ് സങ്കര സൂര്യഗ്രഹണം സംഭവിക്കുക. 2013 നവംബറിലാണ് അവസാനമായി സംഭവിച്ചത്. അടുത്തത് 2031 നവംബറിലും പിന്നീട് 2164 മാർച്ചിലും മാത്രമാകും സംഭവിക്കുക.

logo
The Fourth
www.thefourthnews.in