ബഹിരാകാശ പര്യവേഷണത്തിന് ആണവ എൻജിൻ; ഭാഭാ അറ്റോമിക് റിസർച്ച് സെന്ററുമായി കൈകോർത്ത് ഐഎസ്ആർഒ

ബഹിരാകാശ പര്യവേഷണത്തിന് ആണവ എൻജിൻ; ഭാഭാ അറ്റോമിക് റിസർച്ച് സെന്ററുമായി കൈകോർത്ത് ഐഎസ്ആർഒ

വിദൂര ബഹിരാകാശ പര്യവേഷണത്തിലെ ഊർജ പ്രതിസന്ധിക്ക് പരിഹാരമാകുന്ന പദ്ധതി

ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തന്‍ കുതിപ്പേകുന്ന പുതിയ എന്‍ജിന്‍ വികസിപ്പിക്കാൻ ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആണവ ഗവേഷണ കേന്ദ്രമായ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററുമായി കൈകോര്‍ത്ത് ആണവ എന്‍ജിന്‍ വികസിപ്പിക്കാനാണ് പദ്ധതി. വിദൂര ബഹിരാകാശ ഗവേഷണത്തിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതി, ഈ മേഖലയിലെ ഇന്ധന പ്രതിസന്ധിക്കും പരിഹാരമാകും.

റേഡിയോ തെര്‍മോഇലക്ട്രിക് ജെനറേറ്ററുകള്‍ (ആര്‍ടിജി) എന്നാണ് ഐഎസ്ആര്‍ഒയും ബാര്‍ക്കും സംയുക്തമായി വികസിപ്പിക്കുന്ന എന്‍ജിന്റെ പേര്

നിലവില്‍ രാസ എന്‍ജിനുകളാണ് ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നത്. വിദൂര ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് ഇവ അപര്യാപ്തമാണ്. ഇത്രയും ദൂരം സഞ്ചരിക്കാനുള്ള ഇന്ധനം വഹിക്കാനാകില്ല, സൂര്യനില്‍ നിന്ന് വളരെ അകലെയായതിനാല്‍ സൗരോര്‍ജം ഉപയോഗപ്പെടുത്താനാകില്ല എന്നിവയാണ് നിലവിലെ എന്‍ജിനുകള്‍ വിദൂര ബഹിരാകാശ യാത്രയില്‍ നേരിടുന്ന പ്രതിസന്ധി. ആണവ എന്‍ജിനുകള്‍ ഇതിന് പരിഹാരമാകുമെന്നാണ് കണക്കാക്കുന്നത്.

റേഡിയോ തെര്‍മോഇലക്ട്രിക് ജെനറേറ്ററുകള്‍ (ആര്‍ടിജി) എന്നാണ് ഐഎസ്ആര്‍ഒയും ബാര്‍ക്കും സംയുക്തമായി വികസിപ്പിക്കുന്ന എന്‍ജിന്റെ പേര്. എന്‍ജിന്‍ നിര്‍മാണം ഇതിനകം ആരംഭിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ഭാഗങ്ങളാണ് എന്‍ജിനില്‍ ഉണ്ടാകുക. ആദ്യത്തേത് റേഡിയോഐസോടോപിക് ഹീറ്റര്‍ യൂണിറ്റ് . ഇത് ആണവപ്രവര്‍ത്തനത്തിലൂടെ താപോര്‍ജം ഉണ്ടാക്കുന്നു. ഈ താപോര്‍ജം വൈദ്യുതോര്‍ജമാക്കുന്നതാണ് രണ്ടാമത്തെ ഭാഗം.

ആണവ എന്‍ജിനില്‍ അണുകേന്ദ്ര വിഘടനമോ സംയോജനമോ (nuclear fission or nuclear fusion) അല്ല നടക്കുന്നത്. മറിച്ച് റോഡിയോ ആക്റ്റീവായ പദാര്‍ത്ഥങ്ങളുടെ റോഡിയോ ആക്റ്റിവിറ്റി ഇതിനായി ഉപയോഗിക്കുന്നു. റേഡിയോ ആക്റ്റിവിറ്റിയുട ഭാഗമായി താപോര്‍ജം പുറപ്പെടുവിക്കുന്ന പ്ലൂട്ടോണിയം- 238 (Pu 238) സ്‌ട്രോന്‍ഷ്യം 90(Sr 90) എന്നിവയാണ് ഉപയോഗിക്കുക. ഇവ പ്രസരിപ്പിക്കുന്ന താപം, തെര്‍മോകപ്പിളിലേക്ക് (Thermocouple) കൈമാറുകയും അവയില്‍ നിന്ന് വൈദ്യുതോര്‍ജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അഞ്ച് വാട്ട് ആര്‍ടിജി ആണ് ഐഎസ്ആര്‍ഒയ്ക്കായി നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെര്‍മോകപ്പില്‍ താപവ്യതിയാനത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വസ്തുക്കളാണ് തെര്‍മോകപ്പിള്‍. സീബെക്ക് പ്രഭാവം അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഗ്രഹങ്ങള്‍ എങ്ങനെയാണ് അണിനിരക്കുന്നതെന്നോ സൂര്യന് അടുത്താണോ സ്ഥിതി ചെയ്യുന്നത് എന്നോ ഉള്ള കാര്യങ്ങള്‍ ആര്‍ടിജിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല എന്നതാണ് പ്രത്യേകത. ലോഞ്ച് വിന്‍ഡോയിൽ മാത്രമേ വിക്ഷേപണം സാധ്യമാകൂ എന്ന പരിമിതികള്‍ അതിനാല്‍ ഇത്തരം എന്‍ജിനുകള്‍ക്ക് ഇല്ല.

ലോകത്ത് ഇതാദ്യമായല്ല ആര്‍ടിജികള്‍ ബഹിരാകാശ പര്യവേഷണത്തിന് ഉപയോഗിക്കുന്നത്. അമേരിക്കന്‍ പേടകങ്ങളായ വോയേജര്‍, കാസിനി,ക്യൂരിയോസിറ്റി തുടങ്ങിയവ ആര്‍ടിജികളില്‍ പ്രവര്‍ത്തിക്കുന്നവയാണ്.

logo
The Fourth
www.thefourthnews.in