ചന്ദ്രയാൻ 3
ചന്ദ്രയാൻ 3

ചന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈ 13 ന്; തീയതി പ്രഖ്യാപിച്ച് ഐഎസ്ആര്‍ഒ

ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ചന്ദ്രയാന്‍ 3ന് സാധിക്കുമെന്നാണ് ഉറച്ച വിശ്വാസമെന്ന് ഐഎസ്ആർഒ അധ്യക്ഷൻ എസ് സോമനാഥ്

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 3ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ഐർഒ. ജൂലൈ 13 ന് ആദ്യ ശ്രമം നടത്തുമെന്ന് ഐഎസ്ആര്‍ഒ അധ്യക്ഷൻ എസ് സോമനാഥ് അറിയിച്ചു. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താന്‍ ചന്ദ്രയാന്‍ 3ന് സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

ജൂലൈ 12 മുതൽ 19 വരെയാണ് ചന്ദ്രയാന്‍ മൂന്നിന്‌റെ വിക്ഷേപണ വിന്‍ഡോ. ഇതില്‍ ജൂലൈ 13 ആണ് വിക്ഷേപണ തീയതിയായി തീരുമാനിച്ചത്. ജൂലൈ 19 വരെയുള്ള ദിവസങ്ങളിലേക്ക് ഇത് മാറിയേക്കാമെന്നും എസ് സോമനാഥ് പറഞ്ഞു.

ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുകയെന്ന പ്രഥമ ലക്ഷ്യവുമായാണ് ചന്ദ്രയാന്‍ മൂന്ന് കുതിച്ചുയരുക. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തിന്‍ സോഫ്റ്റ് ലോന്‍ഡിങ് നടത്തിയിട്ടുള്ളത്. ഈ നിരയിലേക്കെത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ചന്ദ്രയാന്‍ രണ്ടിലൂടെ സോഫ്റ്റ് ലാന്‍ഡിങ് നടത്താനുള്ള ശ്രമം അവസാന നിമിഷമാണ് പരാജയപ്പെട്ടത്. ലാന്‍ഡിങ്ങിന് മിനിറ്റുകള്‍ക്ക് മുന്‍പ് ലാന്‍ഡര്‍ നിയന്ത്രണം വിട്ട് ചന്ദ്രോപരിതലത്തിലേക്ക് വീഴുകയായിരുന്നു.

ചന്ദ്രയാൻ 3
പ്രതീക്ഷയോടെ രാജ്യം; ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ഒരുങ്ങി ഐഎസ്ആർഒ

ചന്ദ്രയാന്‍ രണ്ടിന്‌റെ ഓര്‍ബിറ്റര്‍ തന്നെയാണ് ചന്ദ്രയാന്‍ മൂന്നിനായി ഉപയോഗിക്കുക. അതിനാല്‍ റോവറും ലാന്‍ഡറും മാത്രം അടങ്ങിയതാണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യം. പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ ഘടിപ്പിച്ച റോവറും ലാന്‍ഡറും വിക്ഷേപിക്കുക, ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാക്ക് ത്രീയാണ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ജൂലൈ 13 ഉച്ചക്ക് ജി എസ് എല്‍ വി മാര്‍ക്ക് -3 റോക്കറ്റ് ചന്ദ്രയാന്‍ 3 നെ ആദ്യത്തെ പരിക്രമണ പാതയില്‍ എത്തിക്കും. മറ്റു തടസങ്ങള്‍ ഇല്ലെങ്കില്‍ ജൂലൈ 13 ന് തന്നെ വിക്ഷേപണം നടക്കും. കാലാവസ്ഥയടക്കം പ്രതികൂലമാകുന്ന സാഹചര്യമുണ്ടായാലാണ് ജൂലൈ 19 വരെയുള്ള മറ്റ് തീയതികള്‍ വിക്ഷേപണത്തിനായി പരിഗണിക്കുക. സതീഷ് ധവാന്‍ സ്‌പേസ് സെന്‌ററില്‍ നിലവില്‍ റോക്കറ്റ് അസംബ്ലി പൂര്‍ത്തിയായി. പേടകവും പൂർണ്ണമായും സംയോജിപ്പിച്ചു കഴിഞ്ഞു. വിക്ഷേപണത്തിന് മുന്‍പുള്ള അവസാനഘട്ട പരീക്ഷണമാണ് ഇനി ശേഷിക്കുന്നത്.

logo
The Fourth
www.thefourthnews.in