ഞായറും തിങ്കളും ആകാശത്ത് 'പൂത്തിരി' കത്തും; നേരിട്ടുകാണാം ഉല്‍ക്കമഴ വിസ്മയം

ഞായറും തിങ്കളും ആകാശത്ത് 'പൂത്തിരി' കത്തും; നേരിട്ടുകാണാം ഉല്‍ക്കമഴ വിസ്മയം

13, 14 തീയതികളിലാണ് പെഴ്‌സിയിഡ്‌സ് ഉല്‍ക്കമഴ അതിന്റെ പാരമ്യത്തിലെത്തുന്നത്

വര്‍ഷം തോറും ആകാശത്ത് വിസ്മയം തീര്‍ക്കുന്ന പെഴ്‌സിയിഡ്‌സ് ഉല്‍ക്കമഴ ഈ ആഴ്ചയില്‍ കൂടുതല്‍ ദൃശ്യമാകും. ജൂലൈ 17ന് ആരംഭിച്ച ഉല്‍ക്കമഴ ഓഗസ്റ്റ് 24 നാണ് അവസാനിക്കുക. എന്നാല്‍ ഇത് ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുക ഈ ആഴ്ചയിലാണ്. 13, 14 തീയതികളിലാണ് ഉല്‍ക്കമഴ അതിന്റെ പാരമ്യത്തിലെത്തുന്നത്.

ആകാശത്ത് റേഡിയന്‍ എത്ര ഉയര്‍ന്നതാണോ അത്രയധികം ഉല്‍ക്കകളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും

വര്‍ഷം തോറും പെയ്തിറങ്ങുന്ന പെഴ്‌സീയിഡ്‌സ് ഉല്‍ക്കകളെ കാണാൻ വെളിച്ചമില്ലാത്ത ആകാശം ആവശ്യമാണ്. പ്രകാശമലിനീകരണത്തില്‍ നിന്ന് അകലെയുള്ള ഒരു സ്ഥലം ഇതിനായി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഉല്‍ക്കകള്‍ ഉത്ഭവിക്കുന്ന സ്ഥലമായ റേഡിയന്‍ എത്ര ഉയര്‍ന്നതാണോ അത്രയധികം ഉല്‍ക്കകളെ കാണാനാവും.

സാധാരണ ദൂരദര്‍ശിനി പോലുള്ള ഉപകരണങ്ങളൊന്നുമില്ലാതെ ഇരുട്ടില്‍ നഗ്നമായ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുമെന്നതാണ് പെഴ്‌സീയിഡ്‌സ് ഉല്‍ക്കമഴയുടെ പ്രത്യേകത. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ ഇത് വളരെ വ്യക്തമായി കാണാം. ഇത്തവണ ഓഗസ്റ്റ് 16 ന് അമാവാസിയായതിനാൽ ഉൽക്കകളെ കൂടുതൽ വ്യക്തമായി കാണാം.

ഞായറും തിങ്കളും ആകാശത്ത് 'പൂത്തിരി' കത്തും; നേരിട്ടുകാണാം ഉല്‍ക്കമഴ വിസ്മയം
വഴിത്തിരിവായ ഛിന്നഗ്രഹ പ്രതിരോധം

എങ്ങെനെയാണ് ഉല്‍ക്കമഴകള്‍ ഉണ്ടാകുന്നത്?

ധൂമകേതുക്കളോ ഛിന്നഗ്രഹങ്ങളോ അവശേഷിപ്പിച്ച അവശേഷിപ്പുകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തുമ്പോഴാണ് ഉല്‍ക്കവര്‍ഷങ്ങള്‍ സംഭവിക്കുന്നത്. ഓരോ 130 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ് ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നുപോകാറുണ്ട്. ആ സമയം അതില്‍ നിന്ന് തെറിച്ചുപോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തില്‍ തങ്ങിനില്‍ക്കും.

വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്നുപോകുമ്പോഴാണ് പെഴ്‌സീയിഡ്‌സ് ഉല്‍ക്കമഴ ഉണ്ടാകുന്നത്. വാല്‍നക്ഷത്രത്തില്‍നിന്ന് തെറിച്ച ചെറുമണല്‍ത്തരിയോളമുള്ള ഭാഗങ്ങളും മഞ്ഞുകട്ടകളുമൊക്കെയാണ് വര്‍ഷങ്ങളായി സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളവയായിരിക്കും ചിലപ്പോള്‍ നമ്മള്‍ കാണുന്ന ഉല്‍ക്കകള്‍.

ഓഗസ്റ്റ് 16ന് അമാവസി ആയതിനാല്‍ ഒന്നു കൂടി വ്യക്തമായി ഉല്‍ക്കമഴ കാണാന്‍ സാധിക്കുമെന്നാണ് കരുതുന്നത്

ആകാശത്ത് പെഴ്‌സീയിഡ്‌സ് നക്ഷത്രസമൂഹം നിലകൊള്ളുന്ന ദിശയില്‍നിന്നാണ് വരുന്നതെന്നതിനാലാണ് ഇവയ്ക്ക് പെഴ്‌സീയിഡ്‌സ് എന്ന പേര് വന്നത്. എത്ര ഉല്‍ക്കമഴ പൊഴിയുമെന്ന് പ്രവചിക്കാനാകില്ല. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉല്‍ക്കമഴകളുടെ തീവ്രത ഓരോ വര്‍ഷവും വ്യത്യാസപ്പെട്ടിരിക്കും.

സെക്കന്റില്‍ 60 കിലോമീറ്റര്‍ വേഗതയിലാണ് ഉല്‍ക്കകള്‍ പായുന്നത്. അതിനാല്‍ ഒന്ന് കണ്ണുചിമ്മി തുറക്കും മുന്‍പേ ഉല്‍ക്കകള്‍ ആകാശത്തുനിന്ന് അപ്രതീക്ഷിതമാകും. ഒന്നോ രണ്ടോ സെക്കന്റ് മാത്രമേ നമുക്കതിനെ കാണാന്‍ സാധിക്കൂ. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും നന്നായി ഉല്‍ക്കമഴ കാണാന്‍ സാധിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്ത്യ. ആകാശത്ത് വടക്കുകിഴക്കന്‍ ദിശയിലേക്കായിരിക്കണം നമ്മുടെ നോട്ടം.

logo
The Fourth
www.thefourthnews.in