പഠിക്കാൻ പോകുന്നോ? ആയുസ് കൂടും; വിദ്യാഭ്യാസം മരണസാധ്യത കുറയ്ക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ

പഠിക്കാൻ പോകുന്നോ? ആയുസ് കൂടും; വിദ്യാഭ്യാസം മരണസാധ്യത കുറയ്ക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ

സ്കൂൾ വിദ്യാഭ്യാസം ഒഴിവാക്കുന്നത് കടുത്ത പുകവലിയും മദ്യപാനവും പോലെ ദോഷകരമാണെന്ന് പഠനം പറയുന്നു

സ്‌കൂളിലും കോളേജിലും പഠിക്കാൻ പോകുന്ന ഓരോ വർഷവും ആയുർദൈർഘ്യം വർധിക്കുമെന്ന് പഠനം. യുകെ, അമേരിക്ക, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് പഠനം നടത്തിയത്. പഠനം അനുസരിച്ച്, മുഴുസമയ വിദ്യാഭ്യാസത്തിൽ ഏർപ്പെടുന്ന ഓരോവർഷവും പ്രായപൂർത്തിയായ ഒരാളുടെ മരണ സാധ്യത രണ്ട് ശതമാനം കുറയ്ക്കുന്നതായി കണ്ടെത്തി. വിദ്യാഭ്യാസം ആയുസിനെ എങ്ങനെ ബാധിക്കുമെന്ന നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെയും സിയാറ്റിലിലെ വാഷിങ്ടൺ സർവകലാശാലയുടെയും പഠനത്തിന്റെ ആദ്യ ഘട്ട സർവേ ഫലമാണ് ദി ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേർണൽ പ്രസിദ്ധീകരിച്ചത്.

സ്കൂൾ വിദ്യാഭ്യാസം ഒഴിവാക്കുന്നത് കടുത്ത പുകവലിയും മദ്യപാനവും പോലെ ദോഷകരമാണെന്ന് പഠനം പറയുന്നു. അതേസമയം പ്രാഥമിക-ദ്വിതീയ-തൃതീയ വിദ്യാഭ്യാസം പൂർത്തിയാക്കുന്നത് ജീവിതകാലം ഉടനീളം ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് തുല്യമാണ്. കൂടാതെ ഔപചാരിക വിദ്യാഭ്യാസം ഉള്ളവർക്ക്, ഇല്ലാത്തവരെ അപേക്ഷിച്ച് മരണനിരക്ക് 34 ശതമാനം വരെ കുറവുമാണ്. എല്ലാ ദിവസവും അഞ്ചോ അതിലധികമോ ലഹരിപാനീയങ്ങൾ കുടിക്കുകയോ ഒരു ദശാബ്ദക്കാലം പ്രതിദിനം പത്ത് സിഗരറ്റ് വീതം വലിക്കുകയോ ചെയ്യുന്നതുപോലെ ആരോഗ്യത്തിന് ഹാനികരമാണ് ഒരു ഘട്ടത്തിലും സ്കൂളിൽ പോകാതിരിക്കുന്നത് എന്നാണ് പഠനം കണ്ടെത്തുന്നത്.

പഠിക്കാൻ പോകുന്നോ? ആയുസ് കൂടും; വിദ്യാഭ്യാസം മരണസാധ്യത കുറയ്ക്കുമെന്ന കണ്ടെത്തലുമായി ഗവേഷകർ
കാർട്ടൂണിസ്റ്റ് താക്കറെയെ മറാത്താ വാദിയാക്കിയ മലയാളി പത്രാധിപരും മാനേജിങ് എഡിറ്ററും

രാജ്യങ്ങളുടെ സാമ്പത്തികാവസ്ഥ പഠനത്തിൽ മാറ്റം വരുത്തുന്നില്ലെന്ന കണ്ടെത്തലും നിർണായകമാണ്. ലൈംഗികത, സാമൂഹിക വർഗം, ജനസംഖ്യാശാസ്‌ത്രം എന്നിവയൊന്നും ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ മാനദണ്ഡമായി വരുന്നില്ല. ലോകമെമ്പാടുമുള്ള അറുന്നൂറിലധികം ലേഖനങ്ങളെ അടിസ്ഥാനമാക്കി കൂടിയാണ് പഠനം. കുട്ടികൾ സ്‌കൂളിൽ തുടരുന്നുവെന്ന് ഉറപ്പാക്കാൻ പല രാജ്യങ്ങളിലും ഈ പഠനമൊരു പ്രേരണയാകുമെന്നാണ് കരുതുന്നത്. സ്‌കൂൾ ഹാജർനിലയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ ഫലങ്ങൾ അടിവരയിടുന്നതായും വിദഗ്ധർ പറയുന്നു. സ്‌കൂൾ വിടുന്ന പ്രായത്തിലെ വർധനയും, തുടർ വിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും തുടരുന്ന യുവാക്കളുടെ എണ്ണം കൂടുന്നതും ഭാവിയിലെ ആയുർദൈർഘ്യ നിരക്ക് കൂട്ടുമെന്നും പഠനം സൂചിപ്പിക്കുന്നു.

നോർവീജിയൻ സർക്കാരിന്റെ ഗവേഷണ ഫണ്ടിന്റെയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെയും പിന്തുണയോടെയാണ് പഠനം നടന്നത്. ആഗോള മരണനിരക്കിലെ ഏറ്റക്കുറച്ചിലുകൾ കുറയ്ക്കുന്നതിനുള്ള ഒരു മാർഗമെന്ന നിലയിൽ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ നിക്ഷേപങ്ങൾ നടത്താനും പഠനം സഹായിക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

logo
The Fourth
www.thefourthnews.in