സാന്‌റ ഫെ  തവള
സാന്‌റ ഫെ തവള

പുള്ളിപ്പുലി മുദ്രയുള്ള അപൂർവയിനം തവളകളുടെ രഹസ്യം തേടിയുള്ള യാത്ര

പൊതുവില്‍ കുഴികള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന തവളകള്‍ ഇണയെ തേടിയാണ് പുറത്തെത്താറ്

ശരീരത്തില്‍ പുള്ളിപ്പുലിക്ക് സമാനമായ മുദ്രയുള്ള അപൂര്‍വ ഇനം തവളകളാണ് സാന്റ ഫെ (Santa Fe Frog- Leptodactylus laticeps). ഒരു നൂറ്റാണ്ട് മുന്‍പ് കണ്ടെത്തിയെങ്കിലും സാന്റ ഫെയെ കുറിച്ചുള്ള വിവരങ്ങള്‍ മനുഷ്യന് അജ്ഞാതമായിരുന്നു. ഈ അപൂര്‍വയിനം തവളകളുടെ ലൈംഗിക ജീവിതമടക്കമുള്ള ഇതുവരെയറിയാത്ത വിവരങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം വനിതാ ഗവേഷകര്‍.

തവളയുടെ മാളങ്ങൾ നിരീക്ഷിക്കുന്ന ഗവേഷക സംഘം
തവളയുടെ മാളങ്ങൾ നിരീക്ഷിക്കുന്ന ഗവേഷക സംഘം

അര്‍ജന്‌റീന, പരാഗ്വായ്, ബൊളീവിയ എന്നീ രാജ്യങ്ങളിലെ ഉഷ്ണമേഖലാ വരണ്ട കാടുകളില്‍ മാത്രമാണ് സാന്റ ഫെ കാണപ്പെടുന്നത്. ഇവയുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രയത്‌നിക്കുന്ന വനിതാ സംഘമാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ലോകത്തിലെ ഏറ്റവും വരണ്ട കാടായ ഡ്രൈ ചാക്കോയിലെ വിഷ പാമ്പുകളെയും 50 ഡിഗ്രിയോളം വരുന്ന ചൂടും മറികടന്നായിരുന്നു അവരുടെ പഠനം.

സാന്‌റ ഫെ തവളയുമായി ഗവേഷക
സാന്‌റ ഫെ തവളയുമായി ഗവേഷക

ആദ്യമായി സാന്റ ഫെ വിഭാഗത്തില്‍ പെട്ട തവളകളുടെ വാല്‍മാക്രികളെ കണ്ടെത്താനും സംഘത്തിനായി. പൊതുവില്‍ കുഴികള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന തവളകള്‍ ഇണയെ തേടിയാണ് പുറത്തെത്താറ്. രാത്രികാലങ്ങളിലാണ് ഇണ ചേരല്‍. മാളങ്ങളില്‍ നിന്ന് പുറത്തു കടക്കുന്ന ആണ്‍ തവളകള്‍ താത്പര്യമുള്ള പെണ്‍ തവളകള്‍ക്ക് ഒപ്പം മടങ്ങുന്നു.

ഡ്രൈ ചാക്കോ വനമേഖല
ഡ്രൈ ചാക്കോ വനമേഖല

രാത്രിയില്‍ മണിക്കൂറുകളോളം മാളത്തില്‍ കുഴിയെടുത്താണ് തവളകളുടെ മുട്ടകളും വാല്‍മാക്രികളെയും കണ്ടെത്തിയത്. ഒരു ജീവി വിഭാഗത്തിന്‌റെ പ്രത്യുത്പാദന പ്രക്രിയ നിരീക്ഷിക്കുന്നതാണ് അവയെ സംരക്ഷിക്കാനുള്ള ആദ്യ ചുവട്. അതാണ് അത്തരം സാഹസികതകളിലേക്ക് സംഘത്തെ നയിച്ചത്. വരണ്ട കാടുകളെയും അവിടുത്ത ജൈവവൈവിധ്യങ്ങളെയും സംരക്ഷിക്കേണ്ടതിന്‌റെ ആവശ്യകത വ്യക്തമാക്കുന്നതാണ് പുള്ളിപ്പുലി മുദ്രയുള്ള തവളവര്‍ഗമെന്ന് ഗവേഷണ സംഘാംഗമായ കമീല ദേഷ് പറയുന്നു.

ഗവേഷക സംഘം
ഗവേഷക സംഘം

ലോകത്ത് വനനശീകരണ തോത് ഏറ്റവും കൂടുതലുള്ള കാടാണ് ചാകോ. ഇവിടുത്തെ ഉയര്‍ന്ന താപനിലമൂലം ഈ വന മേഖല ചിലപ്പോഴൊക്കെ ഭൂമിയിലെ നരകമെന്ന് വിളിക്കപ്പെടാറുണ്ട്. മഴ തീരെ കുറവായ ചാകോയില്‍ പക താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഇവിടെയുള്ള ഉഭയവര്‍ഗത്തിൽ പെട്ട ജീവികള്‍ പലതും വംശനാശ ഭീഷണി നേരിടുകയാണ്. വേട്ടയാടലും ആവസവ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനവും മൃഗങ്ങള്‍ ചത്തൊടുങ്ങുന്നതിന് കാരണമാകുന്നു.

logo
The Fourth
www.thefourthnews.in