റോവറിലെ രണ്ടാം പേലോഡും ചന്ദ്രനിലെ സൾഫർ സാന്നിധ്യം ഉറപ്പിച്ചെന്ന് ഐഎസ്ആർഒ;  ലാൻഡർ പകർത്തിയ റോവറിന്റെ ദൃശ്യങ്ങളും പുറത്ത്

റോവറിലെ രണ്ടാം പേലോഡും ചന്ദ്രനിലെ സൾഫർ സാന്നിധ്യം ഉറപ്പിച്ചെന്ന് ഐഎസ്ആർഒ; ലാൻഡർ പകർത്തിയ റോവറിന്റെ ദൃശ്യങ്ങളും പുറത്ത്

റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക്ഡൗൺ സ്‌പെക്ട്രോസ്‌കോപ് (ലിബ്‌സ്) നടത്തിയ പരിശോധനയിൽ രണ്ടുദിവസങ്ങൾക്ക് മുൻപ് സൾഫർ കണ്ടെത്തിയിരുന്നു

ചാന്ദ്രരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ഇന്ത്യ അയച്ച ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സള്‍ഫര്‍ സാന്നിധ്യം വീണ്ടും ഉറപ്പിച്ചു. പ്രഗ്യാന്‍ റോവറില്‍ ഘടിപ്പിച്ചിട്ടുള്ള ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ് റേ സ്‌പെക്ട്രോസ്‌കോപ്പാണ് സള്‍ഫര്‍ ഉള്‍പ്പെടെയുള്ള മൂലകങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചത്. ഇതിന് പുറമെ സഞ്ചാരത്തിന് മികച്ച വഴി കണ്ടെത്താനുള്ള റോവറിന്റെ കറക്കത്തിന്റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ ഇന്ന് പുറത്തുവിട്ടു.

റോവറിലുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്‌കോപ് (ലിബ്സ്) രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍ കണ്ടെത്തിയിരുന്നു. ചന്ദ്രന്റെ മണ്ണില്‍ പഠനം നടത്തി ആദ്യമായി സള്‍ഫര്‍ സ്ഥിരീകരിച്ചത് ലിബ്‌സാണ്. ലിബ്സിന്റെ കണ്ടെത്തൽ ശരിവയ്ക്കുകയാണ് റോവറിലെ രണ്ടാമത്തെ പേലോഡ്. സള്‍ഫര്‍ സന്നിധ്യം ചന്ദ്രനെ കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായകമാണ്. ചന്ദ്രനില്‍ ജലസാന്നിധ്യമടക്കം സൂചിപ്പിക്കുന്നതാകാം സള്‍ഫര്‍ സാന്നിധ്യം. അഗ്നിപര്‍വതങ്ങളുടെ പ്രവര്‍ത്തനഫലമോ ഉല്‍ക്കകളില്‍ നിന്നോ അതോ തനതായോ ഉണ്ടായതാകാം സള്‍ഫര്‍ എന്നാണ് ഇസ്രോയുടെ വിലയിരുത്തല്‍. ഉറവിടം കണ്ടെത്താൻ കൂടുതൽ പഠനം ആവശ്യമാണ്.

ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോസ്‌കോപ്പിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ലഘുവീഡിയോയും ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡര്‍ പകര്‍ത്തിയ വീഡിയോ ആണിത്. ഇതിന് പുറമെയാണ് ലാന്‍ഡര്‍ സഞ്ചാരപാത തിരയുന്ന വീഡിയോ ഐഎസ്ആര്‍ഒ എക്സിൽ പോസ്റ്റ് ചെയ്തത്. ലാന്‍ഡര്‍ ഇമേജര്‍ ക്യാമറയാണ് ഈ ദൃശ്യങ്ങളും പകര്‍ത്തിയത്.

സുരക്ഷിതമായ വഴികണ്ടെത്താന്‍ വട്ടം കറങ്ങുന്ന റോവറെ ദൃശ്യത്തില്‍ കാണാം. ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ ഒരു കുഞ്ഞ് കളിക്കുമ്പോള്‍ സ്‌നേഹത്തോടെ വീക്ഷിക്കുന്ന അമ്മയെ പോലെ തോന്നുന്നുവെന്ന വിവരണത്തോടെയാണ് ഐഎസ്ആര്‍ഒ എക്‌സില്‍ അവതരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in