ഗഗന്‍യാന്‍: രണ്ടാം വിക്ഷേപണത്തിന്‌ ഇസ്രോ; പരീക്ഷിക്കുന്നത് കടലിൽ വീഴുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിക്കുന്നത്

ഗഗന്‍യാന്‍: രണ്ടാം വിക്ഷേപണത്തിന്‌ ഇസ്രോ; പരീക്ഷിക്കുന്നത് കടലിൽ വീഴുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിക്കുന്നത്

ക്രൂ മൊഡ്യൂള്‍ ശരിയായ രീതിയില്‍ പൊങ്ങിനില്‍ക്കുന്നത് ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി സംവിധാനങ്ങളാണ് ഐഎസ്ആര്‍ഒ പരീക്ഷിക്കുന്നത്

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ യാഥാര്‍ഥ്യമാക്കുന്നതിന് മുന്നോടിയായുള്ള പരീക്ഷണങ്ങളില്‍ രണ്ടാമത്തേതിന് തയാറെടുത്ത് ഐഎസ്ആര്‍ഒ. കടലില്‍ വീഴ്ത്തുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിച്ച് പൊങ്ങിനില്‍ക്കുന്നത് ഉറപ്പാക്കാനുള്ള പരീക്ഷണമാണ് ഉടന്‍ നടത്താനിരിക്കുന്നത്.

അടുത്ത വര്‍ഷം ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ടിവി ഡി-2 ദൗത്യത്തില്‍ ക്രൂ മൊഡ്യൂള്‍ ശരിയായ രീതിയില്‍ പൊങ്ങിനില്‍ക്കുന്നത് ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി സംവിധാനങ്ങളാണ് ഐഎസ്ആര്‍ഒ പരീക്ഷിക്കുന്നത്.

ഗഗന്‍യാന്‍ 2025 ആദ്യത്തോടെ വിക്ഷേപിക്കാനുള്ള തയാറെടുപ്പിലാണ് ഐഎസ്ആര്‍ഒ. ദൗത്യം മനുഷ്യയാത്രയ്ക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുന്നതിന് നിരവധി പരീക്ഷണങ്ങളും കടമ്പകളും താണ്ടേണ്ടതുണ്ട്. ക്രൂ എസ്‌കേപ്പ് സിസ്റ്റം ഉള്‍പ്പെടുന്ന ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ -1 (ടിവി ഡി-1) ഒക്‌ടോബര്‍ 21ന് വിജയകരമായി പരീക്ഷിച്ചിരുന്നു. റോക്കറ്റില്‍നിന്ന് ക്രൂ മൊഡ്യൂള്‍ മാതൃക ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തുകയും തുടര്‍ന്ന് വീണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ പരീക്ഷണം.

പരീക്ഷണദൗത്യങ്ങളിലേതുപോലെ യഥാര്‍ഥ ദൗത്യത്തിലും പേടകം ബംഗാള്‍ ഉള്‍ക്കടലില്‍ വീഴ്ത്തിയശേഷം വീണ്ടെടുക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനാല്‍ കടലില്‍ വീഴുന്ന പേടകം തലകീഴായി മറിഞ്ഞുപോകാതെ ശരിയായ സ്ഥാനം കൈവരിക്കേണ്ടത് ബഹിരാകാശ യാത്രികരുടെ സുരക്ഷ സംബന്ധിച്ച് പ്രധാനമാണ്. ഇത് ഉറപ്പാക്കുന്നതിനാണ് ടിവി ഡി-2 രണ്ടാം പരീക്ഷണം. അടുത്ത വര്‍ഷം ആദ്യം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ദൗത്യത്തില്‍ ഇതിനൊപ്പം മറ്റു നിരവധി സംവിധാനങ്ങളും ഐഎസ്ആര്‍ഒ പരീക്ഷിക്കും.

ഗഗന്‍യാന്‍: രണ്ടാം വിക്ഷേപണത്തിന്‌ ഇസ്രോ; പരീക്ഷിക്കുന്നത് കടലിൽ വീഴുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിക്കുന്നത്
ചന്ദ്രയാൻ-3, ആദിത്യ-എൽ1 എന്നിവയ്ക്കുശേഷം വമ്പൻ ദൗത്യങ്ങളുടെ പരമ്പരയുമായി ഐഎസ്ആർഒ; ഡിസംബറിനുള്ളിൽ രണ്ട് വിക്ഷേപണം

''നിവര്‍ന്നുനില്‍ക്കുന്നതും തലകീഴായി നില്‍ക്കുന്നതുമാണ് ദൗത്യത്തിലെ സ്ഥിരതയുള്ള രണ്ട് സ്ഥാനങ്ങൾ. യാത്രികര്‍ തലകീഴായി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ യഥാര്‍ത്ഥ ക്രൂ മൊഡ്യൂളില്‍ വാതക ബലൂണുകള്‍ പോലെയുള്ള നിവര്‍ന്നുനില്‍ക്കാന്‍ സഹായിക്കുന്ന സംവിധാനമുണ്ടാകും. കാറുകളിലെ എയര്‍ബാഗുകള്‍ക്ക് സമാനമായതായിരിക്കും ഈ സംവിധാനം,''ടിവി-ഡി1 പരീക്ഷണ ദൗത്യത്തിന്റെ ഡയരക്ടര്‍ എസ് ശിവകുമാറിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ദൗത്യത്തിനൊടുവില്‍ കടലില്‍ പതിക്കുന്ന ക്രൂ മൊഡ്യൂള്‍ മറിഞ്ഞുവീഴുകയാണെങ്കില്‍ ശരിയായ സ്ഥാനം കൈവരിക്കാന്‍ വേണ്ടിയാണ് ബലൂണ്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ടിവി-ഡി1 പരീക്ഷണത്തില്‍ ബലൂൺ സംവിധാനമുണ്ടായിരുന്നില്ല. കാറ്റും തിരമാലകള്‍ കാരണമുള്ള പ്രശ്‌നവും കാരണം മൊഡ്യൂളിന് ശരിയായ സ്ഥാനം കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മൊഡ്യൂള്‍ ഏതാണ്ട് തലകീഴായുള്ള അവസ്ഥയില്‍നിന്നാണ് പേടകത്തെ വീണ്ടെടുക്കാന്‍ കഴിഞ്ഞത്.

പ്രധാന ക്രൂ മൊഡ്യൂള്‍ ശരിയായ ദിശയിലെത്തുന്നതിലെ പരാജയം ഒഴിവാക്കാന്‍ ക്രൂ മൊഡ്യൂളിന് റിഡന്‍ഡന്‍സി സംവിധാനവും ഉണ്ടായിരിക്കുമെന്ന് എസ് ശിവകുമാര്‍ പറഞ്ഞു. മൊഡ്യൂള്‍ പതിച്ച സ്ഥലം വ്യക്തമാക്കുന്നതിനായി, അത് കടലിന്റെ അടിത്തട്ടില്‍ മുങ്ങിപ്പോകുന്നതിന് മുന്‍പ് ബീക്കണുകള്‍ പോലുള്ള വീണ്ടെടുക്കല്‍ സഹായക ഘടകങ്ങള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗഗന്‍യാന്‍: രണ്ടാം വിക്ഷേപണത്തിന്‌ ഇസ്രോ; പരീക്ഷിക്കുന്നത് കടലിൽ വീഴുന്ന ക്രൂ മൊഡ്യൂള്‍ ശരിയായ സ്ഥാനം കൈവരിക്കുന്നത്
സൗരജ്വാലകളുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ- എല്‍1; വിവരം പുറത്തുവിട്ട് ഐഎസ്ആര്‍ഒ

2024ന്റെ ആദ്യ പാദത്തിലാണ് ടിവി ഡി-2 പരീക്ഷണദൗത്യം ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ക്രൂ മൊഡ്യൂള്‍ ശരിയായ ദിശയില്‍ പൊങ്ങിനില്‍ക്കുന്നത് ഉറപ്പാക്കുന്നതിനൊപ്പം ക്രൂ സീറ്റ്, സസ്‌പെന്‍ഷന്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിയന്ത്രണ സംവിധാനങ്ങളുള്ള ക്രൂ മൊഡ്യൂള്‍ അനുകരിക്കും. ക്രൂ എസ്‌കേപ്പ് സംവിധാന പരീക്ഷണത്തില്‍ ഹൈ, ലോ ആള്‍റ്റിറ്റിയൂഡ് എസ്‌കേപ്പ് മോട്ടോറുകള്‍ ഉപയോഗിക്കുമെന്നതും ഇത്തവണത്തെ പരീക്ഷണത്തിന്റെ പ്രത്യേകതയാണ്. ടിവി ഡി-1ല്‍ ഉയര്‍ന്ന ഹൈ ആള്‍റ്റിറ്റിയൂഡ് എസ്‌കേപ്പ് മോട്ടോറുകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്.

ടിവി ഡി-1ല്‍ ആദ്യമായി പരീക്ഷിച്ച വിക്ഷേപണ വാഹനം, ക്രൂ എസ്‌കേപ്പ് സംവിധാനം, ക്രൂ മൊഡ്യൂള്‍ എന്നീ മൂന്ന് ഘടകങ്ങളും വിജയമായിരുന്നു. ഗന്‍യാന്‍ വിക്ഷേപണത്തിനുശേഷം അബോര്‍ട്ട് ചെയ്യേണ്ടി വന്നാല്‍ യാത്രികരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത് ഉറപ്പാക്കുന്നതിനാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷിച്ചത്. ഇതിനായി അത്തരം സാഹചര്യം പരീക്ഷണ ദൗത്യത്തില്‍ സൃഷ്ടിക്കുകയായിരുന്നു. റോക്കറ്റിന് അപ്രതീക്ഷിത തകരാര്‍ സംഭവിച്ചാല്‍ ബഹിരാകാശയാത്രികര്‍ ഇരിക്കുന്ന ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായ ദൂരത്തേക്ക് വേഗത്തില്‍ മാറ്റുന്ന തരത്തിലാണ് സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in