ചന്ദ്രോപരിതലത്തിൽ ഇതാ ഇവിടെയുണ്ട് വിക്രമും പ്രഗ്യാനും; വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പുറത്ത്

ചന്ദ്രോപരിതലത്തിൽ ഇതാ ഇവിടെയുണ്ട് വിക്രമും പ്രഗ്യാനും; വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പുറത്ത്

മാര്‍ച്ച് 15ന് ഐഎസ്ആർഒ പകര്‍ത്തിയ ചിത്രങ്ങളിൽനിന്ന് സ്വതന്ത്ര ഗവേഷകൻ ചന്ദ്ര തുംഗതുര്‍ത്തിയാണ് വിക്രം ലാൻഡറിനെയും പ്രഗ്യാൻ റോവറിനെയും കണ്ടെത്തിയത്

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3ൽ നിർണായക സംഭാവനകൾ നൽകിയ വിക്രം ലാന്‍ഡറിന്‌റെയും പ്രഗ്യാന്‍ റോവറിന്‌റെയും പുതിയ ചിത്രങ്ങള്‍ പുറത്ത്. ഐഎസ്ആർഒ പുറത്തുവിട്ട, ശിവശക്തി പോയിന്റ് ഉൾപ്പെട്ട ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളിൽനിന്ന് സ്വതന്ത്ര ഗവേഷകനായ ചന്ദ്ര തുംഗതുര്‍ത്തിയാണ് വിക്രമിന്റെയും പ്രഗ്യാന്റെയും സ്ഥാനം കണ്ടെത്തിയത്.

ലാൻഡറും റോവറും സ്ഥിതി ചെയ്യുന്ന ശിവശക്തി പോയിന്റ് ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചിത്രം മാർച്ച് 15-നാണ് ഐഎസ്ആർഒ പകർത്തിയത്. ചന്ദ്രയാൻ-2ലെ ഓർബിറ്റർ ഹൈ റെസലൂഷൻ ക്യാമറ (ഒ എച്ച് ആർ സി) പകർത്തിയ ചിത്രത്തിൽ റോവർ ലാൻഡറിനു സമീപം സ്ഥിതിചെയ്യുന്നത് കാണാം.

2023 ഓഗസ്റ്റ് 23-നാണ് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം സോഫ്റ്റ് ലാൻഡിങ് നടത്തിയത്. ഇതിനു പിന്നാലെ ലാൻഡിങ് പ്രദേശത്തിന്റെയും ലാൻഡറിന്റെയും റോവറിന്റെയും ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു. ഇതിനേക്കാൾ വളരെ വിശദമായി ഈ പ്രദേശത്തെ കാണിക്കുന്നതാണ് പുതിയ ചിത്രങ്ങൾ.

100 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് 26 സെന്റീമീറ്റര്‍ റെസല്യൂഷനിലാണ് പ്രാരംഭ ചിത്രങ്ങൾ പകർത്തിയത്. പുതിയ ചിത്രങ്ങളാവട്ടെ 65 കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് 17 സെന്‌റീമീറ്റര്‍ റെസലൂഷനിൽ പകർത്തിയവയും. രണ്ട് സെറ്റ് ചിത്രങ്ങളും നിരീക്ഷിക്കുമ്പോള്‍ റെസല്യൂഷിലെ വ്യത്യാസം ശ്രദ്ധേയമാണ്. പ്രഗ്യാറോവര്‍ റോവറിന്റെ വ്യക്തമായ കാഴ്ച ചിത്രം നല്‍കുന്നു.

ചന്ദ്രോപരിതലത്തിൽ ഇതാ ഇവിടെയുണ്ട് വിക്രമും പ്രഗ്യാനും; വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പുറത്ത്
വിനിയോഗിക്കാവുന്ന തരത്തില്‍ ചന്ദ്രനില്‍ വെള്ളം; ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് ഗുണകരമാകുന്ന കണ്ടെത്തലുമായി ഐഎസ്ആര്‍ഒ

റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്കുശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. അതേസമയം, ചന്ദ്രന്‌റെ ദക്ഷിണധ്രുവത്തിനു സമീപം ഇറങ്ങുന്ന ആദ്യ രാജ്യവുമാണ്.

വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിങ്ങും അതിൽനിന്ന് പുറത്തിറങ്ങുന്ന പ്രഗ്യാന്‍ റോവറിനെ ചന്ദ്രോപരിതലത്തില്‍ സഞ്ചരിപ്പിക്കുക എന്നതുമായിരുന്നു ചന്ദ്രയാന്‍ മൂന്നിന്റെ പ്രാഥമിക ലക്ഷ്യം. ലാന്‍ഡറും റോവറും ഒരു ചാന്ദ്രപകല്‍ (14 ഭൗമദിനങ്ങള്‍) ചന്ദ്രനില്‍ സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങള്‍ നടത്തുകയും ഇതിന്റെ നിരവധി ഡേറ്റയും ചിത്രങ്ങളും ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു. ചന്ദ്രനില്‍ നിരവധി മൂലകങ്ങളുടെ സാന്നിധ്യം പ്രഗ്യാന്‍ റോവര്‍ കണ്ടെത്തിയിരുന്നു. കൂടാതെ, ആദ്യമായി ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം തെളിയിക്കുന്ന വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇത് ചാന്ദ്ര പരിസ്ഥിതിയെക്കുറിച്ച് മനസിലാക്കാനും ഭാവി ബഹിരാകാശ പര്യവേഷണ ശ്രമങ്ങള്‍ക്ക് സഹായമാകുകയും ചെയ്തു.

പരിധിക്കപ്പുറം നിന്ന് ഇസ്രോ അതിന്‌റെ കഴിവുകള്‍ വികസിപ്പിക്കുന്നതെങ്ങനെയെന്ന് സാക്ഷ്യംവഹിക്കാനായതില്‍ താന്‍ വളരെ അദ്ഭുതത്തിലാണെന്ന് ചന്ദ്ര തുംഗതുര്‍ത്തി ചാന്ദ്ര ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ബ്ലോഗില്‍ കുറിച്ചു.

logo
The Fourth
www.thefourthnews.in