പാരീസ് ഒളിമ്പിക്സിന് തിരിതെളിയാന്‍ ഇനി 200 നാള്‍; ഇന്ത്യയുടെ 10 മെഡല്‍ പ്രതീക്ഷകള്‍

പാരീസ് ഒളിമ്പിക്സിന് തിരിതെളിയാന്‍ ഇനി 200 നാള്‍; ഇന്ത്യയുടെ 10 മെഡല്‍ പ്രതീക്ഷകള്‍

ടോക്കിയോയില്‍ ഏഴ് മെഡലുകളായിരുന്നു രാജ്യത്തിന്റെ നേട്ടം. പാരീസിലേക്കെത്തുമ്പോള്‍ മെഡലുകളുടെ എണ്ണം വർധിപ്പിക്കാനുള്ള എല്ലാ ആത്മവിശ്വാസവും കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് സമ്മാനിച്ചിട്ടുണ്ട്

പാരിസില്‍ കായികമാമാങ്കത്തിന് തിരിതെളിയാന്‍ ഇനി കൃത്യം 200 നാള്‍ മാത്രം. ടോക്കിയോയില്‍ ഏഴ് മെഡലുകളായിരുന്നു രാജ്യത്തിന്റെ നേട്ടം. എന്നാല്‍ പാരീസിലേക്കെത്തുമ്പോള്‍ മെഡലുകളുടെ എണ്ണം വർധിപ്പിക്കാനുള്ള എല്ലാ ആത്മവിശ്വാസവും കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് സമ്മാനിച്ചിട്ടുണ്ട്. ചൈനയിലെ ഹാങ്ഷൂ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നക്കം കടന്നിരുന്നു. പാരീസിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാരൊക്കെയെന്ന് പരിശോധിക്കാം.

നീരജ് ചോപ്ര
നീരജ് ചോപ്ര

നീരജ് ചോപ്ര (ജാവലിന്‍ ത്രൊ)

ഒളിമ്പിക്സില്‍ അത്‌ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയ നീരജ് ചോപ്ര തന്നെയാണ് പാരീസിലെയും ഉറച്ച പ്രതീക്ഷ. ജാവലിന്‍ ത്രോയില്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് നീരജെന്നതില്‍ സംശയമില്ല. എന്നാല്‍ ദൂരക്കണക്കില്‍ നീരജിന്റെ മുന്നില്‍ ഒരു നിര തന്നെയുണ്ട്. ജോനാസ് വെട്ടർ, ആന്‍ഡേഴ്സ് പീറ്റേഴ്സ്, അർഷാദ് നദീം, യാക്കൂബ് എന്നിവരാണ് താരത്തിനെക്കാള്‍ മികച്ച ദൂരം കണ്ടെത്തിയിട്ടുള്ളത്. 87.58 മീറ്റർ ദൂരമെറിഞ്ഞായിരുന്നു നീരജ് ടോക്കിയോയില്‍ മെഡലുറപ്പിച്ചത്. 90 മീറ്റർ എന്ന മാന്ത്രിക നമ്പറാണ് നീരജിന്റെ മുന്നിലുള്ള ലക്ഷ്യം.

പിവി സിന്ധു
പിവി സിന്ധു

പിവി സിന്ധു (ബാഡ്മിന്റണ്‍)

വ്യക്തിഗത ഇനങ്ങളില്‍ മൂന്ന് ഒളിമ്പിക് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാകാനുള്ള സുവർണാവസരമാണ് പാരീസില്‍ സിന്ധുവിനെ കാത്തിരിക്കുന്നത്. എന്നാല്‍ നിലവിലെ മോശം ഫോം സിന്ധുവിന് കനത്ത വെല്ലുവിളിയാകും. 2023ല്‍ നടന്ന 19 ടൂർണമെന്റുകളില്‍ എട്ടെണ്ണത്തിലും ആദ്യ ഘട്ടത്തില്‍തന്നെ സിന്ധു പുറത്തായിരുന്നു. ടോക്കിയോയിലെ വെങ്കല നേട്ടത്തിന് ശേഷം പരുക്കും സിന്ധുവിനെ വേട്ടയാടുന്നുണ്ട്.

നിഖാത് സരീന്‍
നിഖാത് സരീന്‍

നിഖാത് സരീന്‍ (ബോക്സിങ്)

ഏഷ്യന്‍ ഗെയിംസ് സെമി ഫൈനലിലെ തോല്‍വിക്ക് ശേഷം ഇതുവരെ നിഖാത് പരാജയം രുചിച്ചിട്ടില്ല. താരം എത്രത്തോളം സ്ഥിരതപുലർത്തുന്നു എന്നതിന്റെ ഏറ്റവും മികച്ച തെളിവാണ് അപരാജിത കുതിപ്പ്. രണ്ട് തവണ ലോകചാമ്പ്യന്‍ പട്ടവും കോമണ്‍വെല്‍ത്തില്‍ സ്വർണവും നേടിയിട്ടുള്ള നിഖാതിനേയും ഒരു സുവർണ നേട്ടം കാത്തിരിപ്പുണ്ട്. ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സിങ് താരമെന്ന റെക്കോഡ്.

സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി
സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി (ബാഡ്മിന്റണ്‍)

ബാഡ്മിന്റണിലെ ഇന്ത്യയുടെ ആദ്യ സ്വർണമെന്ന പ്രതീക്ഷയാണ് സാത്വിക്കിലും ചിരാഗിലുമുള്ളത്. ഏഷ്യന്‍ ഗെയിംസ്, ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പർ 1000, ബാഡ്മിന്റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ലോക ഒന്നാം റാങ്ക് എന്നിങ്ങനെ നിരവധി നേട്ടങ്ങളോടെയാണ് ഒളിമ്പിക് വർഷത്തിലേക്ക് ഇരുവരും ചുവുടുവച്ചിരിക്കുന്നത്. 2023ല്‍ മാത്രം അഞ്ച് കിരീടങ്ങളാണ് പുരുഷ ഡബിള്‍സില്‍ സഖ്യം നേടിയത്.

പുരുഷ ഹോക്കി ടീം

ടോക്കിയോയിലെ വെങ്കലനേട്ടം ഹോക്കിയിലെ ഇന്ത്യയുടെ സുവർണകാലത്തെ ഓർമിപ്പിക്കുന്നതായിരുന്നു. ഹോക്കി ലോകകപ്പില്‍ തകർന്നടിഞ്ഞിരുന്നെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യന്‍ ഗെയിംസില്‍ സ്വർണവും നേടി തിരിച്ചുവരവ് നടത്തി. പാരീസില്‍ മെഡലിന്റെ നിറം മാറ്റാന്‍ പുരുഷ ടീമിന് കഴിഞ്ഞേക്കും.

ലോവ്‌ലീന ബോർഗോഹെയ്‌ന്‍
ലോവ്‌ലീന ബോർഗോഹെയ്‌ന്‍

ലോവ്‌ലീന ബോർഗോഹെയ്‌ന്‍ (ബോക്സിങ്)

ടോക്കിയോയില്‍ മെഡല്‍ നേടിയ ഏക ഇന്ത്യന്‍ ബോക്സറായിരുന്നു ലോവ്‍‌ലീന. 69 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന താരം 75ലേക്ക് ചുവടുമാറ്റിയിരുന്നു. പ്രസ്തുത വിഭാഗത്തില്‍ ലോകചാമ്പ്യന്‍ കൂടിയായ താരം ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു. ഒന്നിലധികം മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സിങ് താരമാകാനുള്ള അവസരമാണ് പാരീസില്‍ താരത്തെ കാത്തിരിക്കുന്നത്.

വിനേഷ് ഫോഘട്ട്
വിനേഷ് ഫോഘട്ട്

വിനേഷ് ഫോഘട്ട് (ഗുസ്തി)

പാരീസില്‍ മെഡല്‍ നേടാനായാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിത ഗുസ്തി താരങ്ങളില്‍ മുന്‍പന്തിയിലെത്താന്‍ വിനേഷിനാകും. കോമണ്‍വെല്‍ത്തില്‍ മൂന്ന് തവണയാണ് വിനേഷ് സ്വർണം നേടിയിട്ടുള്ളത്, ഏഷ്യന്‍ ഗെയിംസില്‍ ഒരു പ്രാവശ്യവും. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് തവണ വെങ്കല മെഡലും വിനേഷ് നേടി. കാല്‍മുട്ടിന്റെ ശസ്ത്രക്രിയയ്ക്കുശേഷം തിരിച്ചുവരവിന്റെ പാതയിലാണ് വിനേഷ്. ഏകദേശം ഒരു വർഷത്തോളമായി താരം ഗോദയ്ക്ക് പുറത്തുമാണ്.

മീരാഭായ് ചാനു
മീരാഭായ് ചാനു

മീരാഭായ് ചാനു (ഭാരോദ്വഹനം)

ടോക്കിയോയിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ മീരാഭായിയുടെ പേരിലായിരുന്നു. വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ മറക്കാനാഗ്രഹിക്കുന്ന 2023 ആയിരുന്നു താരത്തിന് ലഭിച്ചത്. പരുക്കുകള്‍, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ തിരിച്ചടി, ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നഷ്ടം...എന്നിങ്ങനെ നീളുന്നു നിരാശയുടെ പട്ടിക. പാരീസില്‍ മീരാഭായി കാത്തിരിക്കുന്ന ശക്തരായ എതിരാളികളുമാണ്, നോർത്ത് കൊറിയയുടെ റി സോങ്ങും (രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍), ചൈനയുടെ ഷിയാങ് ഹുയ്ഹുവ (നാല് തവണ ലോക ചാമ്പ്യന്‍), ചൈനയുടെ ഹൊ ഷിഹുയ് (ഒളിമ്പിക് ചാമ്പ്യന്‍).

എം ശ്രീശങ്കർ
എം ശ്രീശങ്കർ

എം ശ്രീശങ്കർ (ലോങ് ജമ്പ്)

ലോങ് ജമ്പില്‍ ലോക നാലാം നമ്പർ താരമാണ് മലയാളി കൂടിയായ ശ്രീശങ്കർ. മേജർ ഇവന്റുകളിലെല്ലാം ശ്രീശങ്കറിന് 2023ല്‍ തിളങ്ങാനായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പ്രകടനം പരിശോധിക്കുമ്പോള്‍ ശ്രീശങ്കറിന്റെ മെഡല്‍ സാധ്യത കൂടുതലാണ്. ഏഷ്യന്‍ ഗെയിംസിലേയും ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലേയും വെള്ളിനേട്ടം ശ്രീശങ്കറിന്റെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്യും.

സിഫ്റ്റ് കൗർ സംര
സിഫ്റ്റ് കൗർ സംര

സിഫ്റ്റ് കൗർ സംര (ഷൂട്ടിങ്)

വനിതകളുടെ 50 മീറ്റർ റൈഫിള്‍ 3 പൊസിഷനില്‍ ലോകത്തിലെതന്നെ മികച്ച താരങ്ങളിലൊരാളാണ് സംര. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ലോക ചാമ്പ്യയായ ഴാങ് ക്യോങ്യുയെ കീഴടക്കുക മാത്രമല്ല പുതിയ ലോക റെക്കോഡ് കുറിക്കുകയും ചെയ്തിരുന്നു. ഏഷ്യന്‍ റെക്കോഡ് തിരുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ലോക റെക്കോഡും സംര തകർത്തത്. ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ വനിത ഷൂട്ടിങ് താരമെന്ന അപൂർവ നേട്ടത്തിനരികെയാണ് സംര.

logo
The Fourth
www.thefourthnews.in