മരണ ഗ്രൂപ്പില്ലാത്ത ലോകകപ്പ്; ആര് വാഴും ആര് വീഴും?

ബ്രസീല്‍, അര്‍ജന്റീന, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് , ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്

32 രാജ്യങ്ങള്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുന്ന അവസാനത്തെ ലോകകപ്പാണ് ഖത്തറിലേത്. അടുത്ത ലോകകപ്പ് മുതല്‍ 48 ടീമുകളാകും ഫൈനല്‍ റൗണ്ടില്‍ മത്സരിക്കുക. നാല് ടീമുകളുള്ള എട്ട് ഗ്രൂപ്പുകളാണ് മത്സരിക്കുന്നത്. മരണ ഗ്രൂപ്പുകളില്ല എന്നതാണ് ഖത്തറിലെ പ്രത്യേകത.

നെതര്‍ലന്‍ഡ്സ്,സെനഗല്‍, ഇക്വഡോര്‍, ഖത്തര്‍ എന്നിവരാണ് ആദ്യ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, ഇറാന്‍, യു എസ് എ, വെയ്ല്‍സ്. അര്‍ജന്റീനയുള്‍പ്പെട്ട മൂന്നാം ഗ്രൂപ്പില്‍ സൗദി അറേബ്യ, പോളണ്ട്, മെക്സിക്കോ എന്നീ ടീമുകളുണ്ട്. ഗ്രൂപ്പ് ഡിയിലാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് . ഓസ്ട്രേലിയ ഡെന്‍മാര്‍ക്ക് ടുണീഷ്യ എന്നീ ടീമുകള്‍ ഒപ്പം. കരുത്തരായ സ്പെയിനും ജര്‍മ്മനിയും മുഖാമുഖമെത്തുന്നു എന്നതാണ് ഗ്രൂപ്പ് ഇ യുടെ പ്രത്യേകത. കോസ്റ്റാറിക്കയും ജപ്പാനുമാണ് മറ്റ് അംഗങ്ങള്‍. ബെല്‍ജിയം കാനഡ മൊറോക്കോ ക്രൊയേഷ്യാ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിലുള്ളത്. ബ്രസീല്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ, കാമറൂണ്‍ സ്വിറ്റ്സര്‍ലന്‍ഡ് എന്നീ ടീമുകള്‍ ഇടംപിടിച്ചു. അവസാന ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ ഘാന ഉറുഗ്വേ ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് ഉള്ളത്.

ലോകകപ്പ് ഫുട്ബോളിന്റെ കഴിഞ്ഞ 21 പതിപ്പുകളില്‍ കിരീടം ചൂടിയ എട്ട് രാജ്യങ്ങളില്‍ ഇറ്റലി മാത്രമാണ് അറബ് നാട്ടിലേക്ക് ഇല്ലാത്തത്. മറ്റുള്ള ടീമുകള്‍, അതായത് ബ്രസീല്‍, ജര്‍മനി, ഫ്രാന്‍സ്, യുറുഗ്വായ്, അര്‍ജന്റീന, സ്പെയിന്‍, ഇംഗ്ലണ്ട് എന്നിവര്‍ കളത്തിലുണ്ട്.

ലയണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, നെയ്മര്‍, കരീം ബെന്‍സേമ, അന്റോയിന്‍ ഗ്രീസ്മാന്‍, വീനീഷ്യസ് ജൂനിയര്‍, കാസിമിറോ, പൗളോ ഡിബാല, റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, സാദിയോ മാനെ, ലൂക്കാ മോഡ്രിച്ച്, ഹാരി കെയ്ന്‍, എയ്ഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡിബ്രുയ്ന്‍, റൊമേലു ലുക്കാക്കു, തുടങ്ങി വമ്പന്‍ നിരയുണ്ട് അറബിക് ലോക കപ്പില്‍ താരങ്ങളാക്കാന്‍.

നാലു തവണ ജേതാക്കളായ ഇറ്റലിയും അവരുടെ സൂപ്പര്‍ താരങ്ങളും അടക്കം ഖത്തറിന്റെ നഷ്ടങ്ങളാണ്. ആരാകും ഇത്തവണ കിരീടം ചൂടുക, ആരാകും താരരാജാവ് ? കാത്തിരിക്കാം ഖത്തറിലേക്ക് കണ്ണ് നട്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in