വിരമിക്കുന്നവർക്ക് വഴി മാറാം; കൗമാര നിര തയ്യാർ

വിരമിക്കുന്നവർക്ക് വഴി മാറാം; കൗമാര നിര തയ്യാർ

ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ടീമിലും മറ്റ് ഗെയിംസ് ഇനങ്ങളിലും തലമുറമാറ്റമാണ് നടക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ പുതുതലമുറയുടെ ഉദയം കാണാനായി. ഇന്ത്യയുടെ ഭാവി താരങ്ങളാണ് തങ്ങളെന്ന സൂചന അവര്‍ നല്‍കിക്കഴിഞ്ഞു

ജപ്പാനിലെ നഗോയയിൽ ആണ് 2026-ലെ ഏഷ്യൻ ഗെയിംസ്. മൂന്നു വർഷം മാത്രം അകലെ. ഹാങ്ഷുവില്‍ മെഡൽ നേടിയ ചില സീനിയർ താരങ്ങളുടെയെങ്കിലും പ്രതീക്ഷയും അതു തന്നെ. 2022 ൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ഗെയിംസാണ് ഇപ്പോൾ നടന്നത്. ജക്കാർത്തയ്ക്കു ശേഷം അഞ്ചു വർഷം കാത്തിരുന്നവർക്ക് മൂന്നു വർഷം അത്ര വലിയ അകലമല്ല. "നിങ്ങളുടെയൊക്കെ ആഗ്രഹത്തിനും ആശംസയ്ക്കും നന്ദി. എന്റെ ശരീരം അനുവദിച്ചാൽ ഞാൻ മത്സര രംഗത്തുണ്ടാകും. അത്രയേ ഇപ്പോൾ പറയാൻ കഴിയൂ." ഹാങ്ഷുവിൽ സ്ക്വാഷ് ടീം ഇനത്തിൽ വെങ്കലം നേടിയ ശേഷം ജോഷ്ന ചിന്നപ്പ പറഞ്ഞു.

ജോഷ്നയ്ക്കു പ്രായം 37.ഹാങ്ഷുവിൽ ജോഷ്ന കാഴ്ചവച്ച പ്രകടനം, കോർട്ട് നിറഞ്ഞു കളിച്ചത്, ചടുലത ഒക്കെ കണക്കിലെടുക്കുമ്പോൾ നാല്പതു വയസ്സിലും ജോഷ്നയ്ക്ക് തിളങ്ങാനാകും എന്നു പറയാം. സ്ക്വാഷിൽ സൗരവ് ഘോഷലിനും പ്രായം 37. ഹാങ്ചോയിൽ സ്വർണവും വെള്ളിയും കിട്ടി. ഒരു തവണ കൂടി ശ്രമിക്കാം. ദീപിക പള്ളിക്കലിന് 32 വയസ്സ്. ഇരട്ടക്കുട്ടികളുടെ അമ്മയ്ക്കും അവസരം ബാക്കി.

നാല്പത്തിമൂന്നുകാരൻ ടെന്നിസ് താരം രോഹൻ ബോപ്പണ്ണ ഇനിയൊരു ഏഷ്യൻ ഗെയിംസിന് ഇല്ലെന്നു പറഞ്ഞു. മിക്സ്ഡ് ഡബിൾസിലെ സ്വർണവുമായി തല ഉയർത്തി രോഹൻ നടന്നുനീങ്ങി. ടേബിൾ ടെന്നിസ് താരം ശരത് കമലിന് നാല്‍പ്പതില്‍ നിന്ന് നാല്‍പ്പത്തിയൊന്നിലേക്ക്‌ കടന്നപ്പോൾ എന്തു പറ്റി? പോയ വർഷം കോമൺവെൽത്ത് ഗെയിംസിൽ കാഴ്ചവച്ച മികവ് ഏഷ്യൻ ഗെയിംസിൽ സാധ്യമായില്ല.

ഹോക്കിയിൽ രണ്ടാമതൊരു സ്വർണം കരസ്ഥമാക്കിയ പി.ആർ.ശ്രീജേഷ് മുപ്പത്തഞ്ചാം വയസ്സിലും മികച്ച ഫോമിലാണ്. മൻപ്രീത് സിങ്ങിനാകട്ടെ 31 വയസ് മാത്രം. വനിതാ ഹോക്കി ടീം നായിക സവിതയ്ക്കു 33 വയസ് അയി. സവിത തിളങ്ങാതെ പോയതല്ല, റാണി രാംപാലിന്റെ അസാന്നിധ്യമാണ് ടീമിനു തിരിച്ചടിയായത്. ബാഡ്മിൻറൻ താരം കെ.ശ്രീകാന്ത് തിളങ്ങിയില്ല. പക്ഷേ, 30 വയസ് അത്ര വലിയ പ്രായമല്ല. ശ്രമം തുടരാം.

ട്രാക്ക് ആൻഡ് ഫീൽഡിൽ സീനിയർ സീമാ അൻ്റിൽ പൂനിയ തന്നെ. നാല്പത് വയസ്.   ഹാങ്ചോയിൽ വെങ്കലം നേടിയ സീമ പാരിസ് ഒളിംപിക്സ് ലക്ഷ്യമിടുന്നു. അതിനപ്പുറം എളുപ്പമല്ല. ചൈനയിൽ മൽസരിച്ച ഇന്ത്യൻ താരങ്ങളിൽ ബ്രിജിൽ വെള്ളി നേടിയ ടീമിൽ കളിച്ച ജഗി ശിവദാസിനിക്കു പ്രായം 65. ചെസിൽ മൽസരിച്ച കംബോഡിയൻ താരം തേങ് സോക്കുമായി (84) താരതമ്യപ്പെടുത്തുമ്പോൾ ചെറുപ്പക്കാരൻ.

പക്ഷേ, ഇങ്ങേയറ്റത്ത് റോളർ സ്കേറ്റിങ് താരം സഞ്ജന ബാതുലെയ്ക്കു പ്രായം 15. സ്ക്വാഷ് കളിക്കാരി അനാഹത് സിങ്ങിനും 15 കഴിഞ്ഞതേയുള്ളൂ. ഷൂട്ടിങ് താരങ്ങളിൽ അര ഡസനോളം കൗമാരക്കാരാണ്. ട്രാക്ക് ആൻഡ് ഫീൽഡിൽ ഷൈലി സിങ്ങിനേപ്പോലെ ചിലർ കൂടിയുണ്ട്. വിരമിക്കുന്നവർക്കും അല്പംകൂടി തുടരാൻ ശ്രമിക്കുന്നവർക്കും വിശ്വസിക്കാം ഈ പിൻനിരയെ. അവർ നാളെ മുൻനിരയാകും.

logo
The Fourth
www.thefourthnews.in