'ലിഡിയ'; സഹോദരിയുടെ മകള്‍ക്ക് ഉഷ പേരിട്ടു, വേഗതയെ പ്രണയിച്ച വേഗയെ ഓര്‍ത്ത്

'ലിഡിയ'; സഹോദരിയുടെ മകള്‍ക്ക് ഉഷ പേരിട്ടു, വേഗതയെ പ്രണയിച്ച വേഗയെ ഓര്‍ത്ത്

പിടി ഉഷയും ലിഡിയ ഡി വേഗയും... 1980-കളില്‍ മറ്റൊരു ഏഷ്യന്‍ താരത്തിനും ഇവര്‍ക്കൊപ്പം ഏറ്റുമുട്ടി നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

ജീവിത വീഥിയില്‍ എന്നെങ്കിലും പരസ്പരം ഏറ്റുമുട്ടിയേ തീരൂവെന്ന് വിധി നേരത്തെ തന്നെ ഉറപ്പിച്ചിരുന്നിരിക്കണം. അല്ലാതെ ഒട്ടും ആകസ്മികമായി ആയിരിക്കില്ല പി.ടി. ഉഷയും ലിഡിയ ഡി വേഗയും ഒരേ വര്‍ഷം പിറന്നുവീണത്. വിധിഹിതം തെറ്റിയില്ല, അത്‌ലറ്റിക് ട്രാക്കില്‍ അവര്‍ പലകുറി നേര്‍ക്കുനേര്‍ വന്നു. ഓരോ തവണയും അവരുടെ മുഖാമുഖം തലക്കെട്ടുകളായി പത്രത്താളുകളില്‍ നിറഞ്ഞു. അവരവരുടെ രാജ്യത്തിന്റെ മാത്രമല്ല ഏഷ്യയുടെ തന്നെ സംസാരവിഷയമായി.

ഇന്ന് അന്തരിച്ച ലിഡിയ ഡി വേഗ എന്ന ഫിലിപ്പീന്‍സ് ഇതിഹാസവും ഇന്ത്യയുടെ ഐതിഹാസിക താരമായ പി.ടി. ഉഷയും തമ്മിലുള്ള ബന്ധം അങ്ങനെയിങ്ങനെ പറഞ്ഞു തീര്‍ക്കാവുന്നതല്ല. ഒരു കാലത്ത് വീറും വാശിയോടെയും ട്രാക്കിനെ തീപടര്‍ത്തിയവര്‍. എക്കാലത്തെയും വലിയ വൈരികള്‍ എന്നു ലോകം വിശേഷിപ്പിച്ചവര്‍. എന്നാല്‍ പരസ്പരം ഹൃദയബന്ധം കാത്തുസൂക്ഷിച്ചവര്‍. സഹോദരിയുടെ മകള്‍ക്ക് ഒരിക്കല്‍ ഉഷ പേരിട്ടു... ലിഡിയ! തന്റെ ഏറ്റവും പ്രിയപ്പെട്ട എതിരാളിയോടുള്ള അംഗീകാരമായി...

1970-ല്‍ തന്റെ ആറാം വയസില്‍ ഒരു കായിക പദ്ധതിയുടെ ഭാഗമായാണ് ലിഡിയ സ്‌പോര്‍ട്‌സ് രംഗത്തേക്കു കടന്നുവരുന്നത്. ജൂനിയര്‍ തലത്തിലെ ശ്രദ്ധേയ പ്രകടനങ്ങള്‍ക്കു ശേഷം രാജ്യാന്തര തലത്തിലെ അരങ്ങേറ്റം പിന്നെയും 11 വര്‍ഷങ്ങള്‍ക്കു ശേഷം 1981-ലായിരുന്നു. ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പായിരുന്നു വേദി.

100, 200, 400, മീറ്ററുകളിലും 4-100 മീറ്റര്‍ റിലേയിലുമാണ് ലിഡിയ മത്സരിച്ചത്. 400-ല്‍ വെങ്കലവും 200-ലും റിലേയിലും വെള്ളിയും നേടി ലിഡിയ തുടക്കം ഗംഭീരമാക്കി. അവിടെ തീര്‍ന്നില്ല, അതേ വര്‍ഷം നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ 200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണമണിഞ്ഞ ലിഡിയ അതിലൂടെ മോന സുലൈമാനു ശേഷം ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഫിലിപ്പീന്‍സിന്റെ മുഖമായി മാറി. 200 മീറ്ററില്‍ 11 വര്‍ഷം പഴക്കമുള്ള ഏഷ്യന്‍ റെക്കോഡ് തകര്‍ത്ത പ്രകടനമായിരുന്നു ലിഡിയ കാഴ്ചവച്ചത്.

അതേസമയം ഇങ്ങ് ഇന്ത്യയില്‍ 14-ാം വയസു മുതല്‍ ഓടിത്തുടങ്ങിയ ഉഷ അപ്പോഴേക്കും 100 മീറ്ററിലും 200 മീറ്ററിലും ദേശീയ റെക്കോഡ് തകര്‍ത്തു കഴിഞ്ഞിരുന്നു. അതും വലിയ വാര്‍ത്തയായതോടെ പത്രങ്ങള്‍ ഇരുവരെയും താരതമ്യം ചെയ്യാനും ആരംഭിച്ചിരുന്നു. പക്ഷേ, ഇരുവരും തമ്മിലുള്ള ഒരു പോരാട്ടത്തിനു പിന്നെയും കാത്തിരിക്കേണ്ടി വന്നു.

ഒടുവില്‍ ആ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ഇന്ത്യന്‍ കാണികള്‍ക്കു തന്നെ അവസരമൊരുങ്ങി. 1982-ലെ പ്രഥമ ഏഷ്യന്‍ ഗെയിംസ് വേദിയിലായിരുന്നു ആരാധകര്‍ കാത്തിരുന്ന ആ പോരാട്ടം.

200 മീറ്ററില്‍ ഇരുവരും ഏറ്റുമുട്ടുമെന്നായിരുന്നു ആദ്യ പ്രതീക്ഷ. എന്നാല്‍ പേശി വലിവിനെത്തുടര്‍ന്ന് ലിഡിയ പിന്മാറിയപ്പോള്‍ ജാപ്പനീസ് താരം ഹിരോമി ഇസോസാക്കിക്കു പിന്നില്‍ നേരിയ വ്യത്യാസത്തില്‍ വെള്ളിയണിഞ്ഞ് ഉഷ സ്വന്തം കാണികളുടെ ഓമനയായി.

ഏറെ കാത്തിരുപ്പിനു ശേഷം ഗ്ലാമര്‍ പോരാട്ടമായ 100 മീറ്ററില്‍ ഒടുവില്‍ ഉഷയും ലിഡയയും നേര്‍ക്കുനേര്‍ വന്നു. സ്വന്തം മണ്ണില്‍ വച്ച് ഏഷ്യയുടെ വേഗറാണിപ്പട്ടം ഏറ്റുവാങ്ങാനാണ് ഉഷ തയാറെടുത്തത്. എന്നാല്‍ ലിഡിയയുടെ മിന്നല്‍ക്കുതിപ്പില്‍ ആ സ്വപ്നങ്ങള്‍ തവിടുപൊടിയായി. ആധികാരിക ലീഡില്‍ ഫിലിപ്പീന്‍സ് താരം ഏഷ്യയുടെ സ്പ്രിന്റ് രാജ്ഞിയായപ്പോള്‍ ഉഷ രണ്ടാമതെത്തി.

ആ മത്സരം ഒരു തുടക്കം മാത്രമായിരുന്നു. തൊട്ടടുത്ത വര്‍ഷം തന്നെ ഇരുവരുടെയും വാശിയേറിയ മത്സരം കാണാന്‍ ആരാധകര്‍ക്ക് വീണ്ടും അവസരമൊരുങ്ങി. ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പായിരുന്നു വേദി. അവിടെ 400 മീറ്ററില്‍ ഉഷ ഏഷ്യന്‍ റെക്കോഡോടെ സ്വര്‍ണമണിഞ്ഞപ്പോള്‍ ലിഡിയ വെങ്കലത്തില്‍ ഒതുങ്ങി. എന്നാല്‍ 200 മീറ്ററിലും 100 മീറ്ററിലും ഉഷയെ പിന്തള്ളി സ്വര്‍ണമണിഞ്ഞ ലിഡിയ ഏഷ്യയുടെ വേഗമേറിയ വനിത താന്‍ തന്നെയെന്ന് അരക്കിട്ടുറപ്പിച്ചു.

ഈ രണ്ടു തോല്‍വികള്‍ ഉഷയുടെ വാശിയേറ്റുകയാണ് ചെയ്തത്. തിരിച്ചടിക്കണമെന്ന വാശിയോടെ തയാറെടുപ്പു നടത്തിയ ഉഷ അവസരം കാത്തിരുന്നു. ഇതിനിടയിലാണ് 1984 ഒളിമ്പിക്‌സ് കടന്നുവന്നത്. ഇന്ത്യയുടെയും ഉഷയുടെയും ഏറ്റവും വലിയ നൊമ്പരമായ ഒളിമ്പിക്‌സ്. സെക്കന്‍ഡിലെ നൂറിലൊരംശത്തിന് നഷ്ടമായ മെഡല്‍ എന്നും ഇന്ത്യയുടെ വേദനയായി തുടരും.

പക്ഷേ ആ ഒരു വര്‍ഷം ഉഷയുടേതായിരുന്നു. ഏഷ്യയിലെ എന്നല്ല ലോകത്തെ ഏതു വലിയ താരത്തെയും തോല്‍പിക്കാനാകുമെന്ന ആത്മവിശ്വാസം ആര്‍ജ്ജിക്കാന്‍ ഉഷയ്ക്കായി. അതുകൊണ്ടു തന്നയാകും. 1985-ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനു മുമ്പ് ഉഷയുടെ പരിശീലകന്‍ ഒ.എം. നമ്പ്യാര്‍ വെല്ലുവിളി നടത്താന്‍ തയാറായതും.

''ഇനി ഏഷ്യയിലെ ഏതു വലിയ താരത്തെയും തോല്‍പിക്കാന്‍ ഞങ്ങള്‍ക്കാകും. ലിഡിയ ഡി വേഗ ഇനിയൊരു എതിരാളിയേയല്ല. കണ്ടോളു, ഉഷ എന്താണ് ജക്കാര്‍ത്തയില്‍ ചെയ്യുക'' എന്നായിരുന്നു മാധ്യമങ്ങള്‍ക്കു മുമ്പില്‍ നമ്പ്യാര്‍ തുറന്നടിച്ചത്. ആ വാക്കുകള്‍ അക്ഷരംപ്രതി ട്രാക്കില്‍ ഉഷ നടപ്പിലാക്കി.

ജക്കാര്‍ത്തയില്‍ 100 മീറ്റര്‍ ട്രാക്കില്‍ ചിറകുവിരിച്ചു കാലുകളുമായി പറന്ന ഉഷ ലിഡിയയെ നിഷ്പ്രഭയാക്കി. സ്വര്‍ണം ഇന്ത്യയിലേക്കു പോന്നപ്പോള്‍ ലിഡിയയ്ക്കു മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 200 മീറ്ററില്‍ അതിലും വലിയ തിരിച്ചടിയാണ് ഉഷ നല്‍കിയത്. മിന്നുന്ന വേഗത്തില്‍ ഉഷ ഡബിള്‍ തികച്ചപ്പോള്‍ ലിഡിയ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പിന്നീട് 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 4-400 മീറ്റര്‍ റിലേ എന്നിവയില്‍ക്കൂടി ഒന്നമതെത്തിയ ഉഷ അഞ്ചു സ്വര്‍ണവുമായി മേളയുടെ തന്നെ താരമായപ്പോള്‍ ലിഡിയയ്ക്ക് വെറുമൊരു വെള്ളിയുമായി മാത്രം വീട്ടിലേക്കു മടങ്ങേണ്ടി വന്നു. ഇതോടെ ഉഷയെ ഏഷ്യയുടെ പുതിയ സ്പ്രിന്റ് റാണിയാക്കി പ്രതിഷ്ഠിച്ച പത്രങ്ങള്‍ ലിഡിയയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നു കൂടി വ്യംഗ്യമായി പറഞ്ഞുവച്ചു.

അത് ഏറെക്കുറേ ശരിയായി ഭവിക്കുകയും ചെയ്തു. പിന്നീട് ട്രാക്കില്‍ ഉഷയും ലിഡിയയും തമ്മില്‍ വാശിയേറിയ പോരാട്ടം അധികമൊന്നും നടന്നില്ല. 1986-ലെ സോള്‍ ഏഷ്യന്‍ ഗെയിംസിലായിരുന്നു അടുത്തതായി ഏറ്റുമുട്ടിയത്. അപ്പോഴേക്കും 'പയ്യോളി എക്‌സ്പ്രസ്' എന്ന പേര് സ്വന്തമാക്കിയിരുന്ന ഉഷയ്ക്കായിരുന്നു ഗെയിംസില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടത്.

400 മീറ്ററിലും 400 മീറ്റര്‍ ഹര്‍ഡില്‍സിലും അനായാസേന സ്വര്‍ണം നേടി തന്നിലുള്ള വിശ്വാസം കാത്ത ഉഷയ്ക്കു പക്ഷേ സ്പ്രിന്റ് ഇനങ്ങളില്‍ പിഴച്ചു. 100 മീറ്ററില്‍ വീണ്ടും ഉഷയും ലിഡിയയും നേര്‍ക്കുനേര്‍ വന്നു. സ്പ്രിന്റ് റാണിമാര്‍ തമ്മിലുള്ള മത്സരം. അവിടെ ഉഷയെ പിന്തള്ളിക്കൊണ്ട് തന്റെ കരിയറിനു നേര്‍ക്കു ചോദ്യചിഹ്നമുയര്‍ത്തിയവര്‍ക്കു ലിഡിയ മറുപടി നല്‍കി.

ആ ഒരൊറ്റ തോല്‍വി തുടര്‍ച്ചയായ രണ്ടാം തവണയും മത്സരിച്ച എല്ലാ ഇനത്തിലും സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കുന്നതില്‍ നിന്നു ഉഷയെ തടഞ്ഞു. പിന്നീട് 200 മീറ്ററില്‍ ലിഡിയ തോല്‍പിച്ചു സ്വര്‍ണം നേടി മധുരമായി പകവീട്ടിയ ഉഷ 4-400 മീറ്റര്‍ റിലേയിലും ഒന്നാമതെത്തി സ്വര്‍ണ നേട്ടം നാലാക്കി ഉയര്‍ത്തിയെങ്കിലും 100 മീറ്ററിലെ ആ തോല്‍വി ഉഷയ്ക്ക് എന്നും ദുഃസ്വപ്‌നമായി അവശേഷിക്കും.

സോള്‍ ഏഷ്യന്‍ ഗെയിംസ് ഉഷയെ ഏഷ്യയിലെ മികച്ച അത്‌ലറ്റാക്കി മാറ്റിയെങ്കില്‍ ലിഡിയ ഏഷ്യയിലെ വേഗമേറിയ വനിതയെന്ന സ്ഥാനം ഉറപ്പാക്കി. ഏഷ്യന്‍ ട്രാക്കിലെ റാണി ആരെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഇരുവര്‍ക്കും ഒരവസരം കൂടി വേണമായിരുന്നു. തൊട്ടടുത്ത വര്‍ഷം നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്.

സിംഗപ്പൂരില്‍ നടന്ന ആ മീറ്റില്‍ പക്ഷേ ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. 400 മീറ്ററിലും ഹര്‍ഡില്‍സിലും ഉഷ സ്വര്‍ണമണിഞ്ഞപ്പോള്‍ 200 മീറ്ററിലും ഉഷയെ വീഴ്ത്തി 100 മീറ്ററിലും സ്വര്‍ണം നേടി ലിഡിയ ഉറച്ചുനിന്നു. അതോടെ ഏഷ്യയുടെ ട്രാക്ക് റാണി ആരെന്ന ചോദ്യം ചോദ്യമായിത്തന്നെ അവസാനിച്ചു.

ഇരുവരെയും താരതമ്യം ചെയ്ത് ആരാണ് മികച്ചതെന്നു പറയുക അസാധ്യമാണ്. ഇരുവരും ഒന്നിനൊന്നു മെച്ചമാണ്. 1980-കളില്‍ മറ്റൊരു ഏഷ്യന്‍ താരത്തിനും ഇവര്‍ക്കൊപ്പം ഏറ്റുമുട്ടി നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. നാലു പതിറ്റാണ്ടോളം നീണ്ട അവരുടെ ആ വൈരത്തിന് ഇന്ന് ലിഡിയയുടെ മരണത്തോടെ അന്ത്യം കുറിക്കുമ്പോഴും ചോദ്യം ബാക്കിയാണ്... ഉഷയോ, ലിഡിയയോ? ആരാണ് മികച്ചത്... സഹോദരീപുത്രിക്കു പേരിട്ട് ഉഷ എന്നോ അതിനു മറുപടി നല്‍കിക്കഴിഞ്ഞുവെന്നു വിശ്വസിക്കാനാണ് കായികപ്രേമികള്‍ക്ക് ഇഷ്ടം.

logo
The Fourth
www.thefourthnews.in