ഏഷ്യന്‍ ഗെയിംസ്: റെക്കോഡ് തകര്‍ത്ത് അവിനാഷ് സാബിള്‍, ഇന്ത്യക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ്: റെക്കോഡ് തകര്‍ത്ത് അവിനാഷ് സാബിള്‍, ഇന്ത്യക്ക് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം

എട്ട് മിനിറ്റ് 19.53 സെക്കന്‍ഡിലായിരുന്നു അവിനാഷിന്റെ ഫിനിഷിങ്

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഇന്നു നടന്ന പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ദേശീയ റെക്കോഡുടമ അവിനാഷ് സാബിളാണ് പൊന്നണിഞ്ഞത്.

എട്ട് മിനിറ്റ് 19.50 സെക്കന്‍ഡില്‍ ഗെയിംസ് റെക്കോഡോടെയായിരുന്നു അവിനാഷിന്റെ ഫിനിഷിങ്. ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ഇറാന്‍ താരം ഹൊസൈന്‍ കെയ്ഹാനി സ്ഥാപിച്ച റെക്കോഡാണ് അവിനാഷ് മറികടന്നത്. 8:22.29 സെക്കന്‍ഡിലായിരുന്നു ഇറാന്‍ താരം അന്ന് ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡ് ഉടമകൂടിയാണ് അവിനാഷ്.

ജപ്പാന്‍ താരങ്ങള്‍ക്കാണ് വെള്ളിയും വെങ്കലവും. 8:23.75 മിനിറ്റില്‍ അയോകി റിയോമ വെള്ളി നേടിയപ്പോള്‍ 8:26.47 സെക്കന്‍ഡില്‍ സിയ സുനാഡയ്ക്കാണ് വെങ്കലം. ഗെയിംസിന്റെ ട്രാക്ക് ഇനത്തില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് ഇന്ന് അവിനാഷ് നേടിയത്. ഈയിനത്തില്‍ നിലവിലെ ദേശീയ റെക്കോഡ് ഉടമകൂടിയാണ് താരം.

അവിനാഷിന്റെ നേട്ടത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 12 ആയി ഉയര്‍ന്നു. 12 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവുമടക്കം 44 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ചൈനയ്ക്ക് 120 ഉം കൊറിയയ്ക്ക് 30ഉം ജപ്പാന് 29ഉം സ്വര്‍ണമാണുള്ളത്.

logo
The Fourth
www.thefourthnews.in