ഫൗളിൽ തുടക്കം, പിന്നീട് സംഭവിച്ചത് ചരിത്രം;
ചോപ്രയെന്ന ഇന്ത്യയുടെ കുന്തമുന

ഫൗളിൽ തുടക്കം, പിന്നീട് സംഭവിച്ചത് ചരിത്രം; ചോപ്രയെന്ന ഇന്ത്യയുടെ കുന്തമുന

ഒളിംപിക്‌സിലും ലോക അത്ലറ്റിക്സിലും സ്വര്‍ണമെഡല്‍ കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അത്യപൂര്‍വനേട്ടവും നീരജ് ചോപ്ര സ്വന്തം പേരിലാക്കി

ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ഗോൾഡൻ ബോയ് ചരിത്രത്തിൽ തന്റെ പേര് വീണ്ടും രേഖപ്പെടുത്തിയിരിക്കുകയാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്ര നേട്ടത്തിലേക്കാണ് നീരജ് എത്തിയിരിക്കുന്നത്. 2003-ൽ പാരീസിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോങ്ജമ്പിൽ അഞ്ജു ബോബി ജോർജ് വെങ്കലം നേടിയതാണ് മറ്റൊരു ഇന്ത്യൻ മെഡൽ ജേതാവ്. 88.17 മീറ്റർ അകലേക്കുപറന്ന ചോപ്രയുടെ ജാവലിൻ കീഴടക്കിയത് 140 കോടി ഇന്ത്യക്കാരുടെ ഹൃദയം കൂടിയാണ്. ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.

ബുഡാപെസ്റ്റില്‍ ഒരു ഇന്ത്യന്‍ അത്‌ലറ്റും ഇതുവരെ കൈവരിക്കാത്ത നേട്ടമാണ് നീരജ് സ്വന്തമാക്കിയത്. 2020 ലെ ടോക്കിയോ ഒളിംപിക്‌സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയതിന് ശേഷം നീരജ് നേടുന്ന രണ്ടാമത്തെ മെഗാ നേട്ടമാണിത്. ഒറിഗോണില്‍ 88.13 മീറ്റര്‍ ദൂരമാണ് അന്ന് അദ്ദേഹം എറിഞ്ഞത്. ഇത്തവണ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വര്‍ണം കരസ്ഥമാക്കിയത്. യോഗ്യത റൗണ്ടില്‍ 88.77 മീറ്റര്‍ ദൂരം എറിഞ്ഞാണ് ചോപ്ര ഫൈനല്‍ ഉറപ്പിച്ചത്. പാരിസ് ഒളിംപിക്‌സിന് ഇതിനകം നീരജ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. 

ലോക കായിക ഭൂപടത്തില്‍ ഒന്നുമല്ലാതിരുന്ന ഇന്ത്യയ്ക്ക് ടോക്കിയോ ഒളിംപിക്‌സിലൂടെയാണ് ചോപ്ര പ്രതീക്ഷയുടെ സ്വര്‍ണത്തിളക്കം സമ്മാനിച്ചത്. ടോക്കിയോയിലൂടെ കായിക രംഗത്തെ ഇന്ത്യയുടെ മേല്‍വിലാസമായി മാറുകയായിരുന്നു അദ്ദേഹം. ടോക്കിയോ ഒളിംപിക്‌സിൽ, ജർമൻ സൂപ്പർതാരം ജൊഹാനസ് വെറ്ററുമായി കടുത്ത മത്സരമാണ് ചോപ്ര നേരിട്ടത്. അവിടുന്നിങ്ങോട്ട് ചോപ്ര ഇന്ത്യയ്ക്കായി അഭിമാനത്തിന്റെ സുവര്‍ണനേട്ടങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരുന്നു. ഒളിംപിക്‌സിലും ലോക അത്‌ലറ്റിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഡയമണ്ട് ലീഗിലും സ്വര്‍ണം നേടിയ മറ്റൊരു ഇന്ത്യന്‍ താരമില്ല. അതിനിടെ ലോക അത്‌ലറ്റിക് റാങ്കിലെ ഒന്നാം റാങ്കും ചോപ്ര കൈയ്യടക്കിയിരുന്നു.

നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമാണ് ഹരിയാനയിലെ പാനിപത്തുകാരനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ഖന്ദ്ര ഗ്രാമത്തിൽ വളർന്ന നീരജ് ചോപ്ര, ഇന്ത്യൻ അത്‌ലറ്റിക്‌സിലെ മുൻനിരക്കാരനാകുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ല. ഭക്ഷണമായിരുന്നു കുട്ടിക്കാലത്ത് നീരജിന്റെ ബലഹീനത. അമിതവണ്ണത്തിന്റെ പേരിൽ പലപ്പോഴും കളിയാക്കലും നേരിട്ടിരുന്നു. മകന്റെ ശരീരഭാരം കുറയ്ക്കാനായി നീരജിനെ അച്ഛന്‍ ജിമ്മില്‍ ചേര്‍ത്തു. എന്നാല്‍ ജിമ്മിലേക്കുള്ള യാത്രയ്ക്കിടയിൽ ശിവാജി സ്റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളിലേക്കാണ് കുഞ്ഞ് ചോപ്രയുടെ ശ്രദ്ധയെത്തിയത്. പിന്നീട് നീരജിന്റെ ജീവിതം തന്നെ ജാവലിന്‍ ത്രോ ആയി മാറി. പാനിപ്പത്ത് സ്‌പോർട്‌സ് അതോറിറ്റിയിലാണ് നീരജിന്റെ കഴിവ് ജാവലിൻ ത്രോ താരം ജയ്‌വീർ ചൗധരിയുടെ ശ്രദ്ധയിൽപ്പെട്ടത്. ജയ്‌വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവ്.

തുടർന്ന്, നീരജ് പഞ്ച്കുലയിലെ തൗ ദേവി ലാൽ സ്‌പോർട്‌സ് കോംപ്ലക്‌സിൽ ചേർന്നു. അവിടെ നസീം അഹമ്മദിൽ നിന്ന് പരിശീലനം നേടി. അഹമ്മദിന്റെ കീഴിൽ, ദീർഘദൂര ഓട്ടത്തിലും ജാവലിൻ ത്രോയിലും നീരജ് തന്റെ കഴിവുകൾ മെച്ചപ്പെടുത്തി. തുടക്കത്തിൽ 55 മീറ്റർ ത്രോ റേഞ്ച് നേടി. 2012-ൽ ലഖ്‌നൗവിൽ നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പിൽ 68.40 മീറ്റർ എറിഞ്ഞ് റെക്കോർഡ് തകർത്ത് നീരജ് എല്ലാവരെയും അത്ഭുതപ്പെടുത്തി.

ഫൗളിൽ തുടക്കം, പിന്നീട് സംഭവിച്ചത് ചരിത്രം;
ചോപ്രയെന്ന ഇന്ത്യയുടെ കുന്തമുന
ചരിത്രം എറിഞ്ഞിട്ട് നീരജ്; ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം

2013 ൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തുകൊണ്ട് അന്താരാഷ്ട്ര വേദിയിലേക്ക് ആദ്യമായി നീരജ് എത്തി. 2014ൽ ബാങ്കോക്കിൽ നടന്ന യൂത്ത് ഒളിമ്പിക്‌സ് യോഗ്യത മത്സരത്തിൽ വെള്ളിയുടെ രൂപത്തിലായിരുന്നു നീരജിന്റെ ആദ്യ മെഡൽ. ദക്ഷിണേഷ്യൻ ഗെയിംസിൽ അദ്ദേഹത്തിന്റെ പ്രതിഭ തിളങ്ങി. അവിടെ അവിശ്വസനീയമായ 87.3 മീറ്റർ എറിഞ്ഞ് സ്വർണ മെഡൽ ഉറപ്പിച്ചു. 2017ൽ ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻ. 2018-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ നീരജ് ചോപ്ര സ്വർണം നേടി. അവിടെ അദ്ദേഹം 88.06 മീറ്റർ എന്ന പുതിയ ഇന്ത്യൻ ദേശീയ റെക്കോർഡ് സ്ഥാപിച്ചു. ഉദ്ഘാടന ചടങ്ങിൽ പതാക വാഹകനുമായിരുന്നു. 2021 ലെ ഇന്ത്യൻ ഗ്രാൻഡ് പ്രിക്സിൽ 88.07 മീറ്റർ എറിഞ്ഞ് നീരജ് ചോപ്ര സ്വന്തം റെക്കോർഡ് തകർത്തു. ഗോൾഡ് കോസ്റ്റ് 2018 കോമൺവെൽത്ത് ഗെയിംസിലും നീരജ് സ്വർണം നേടി. 2016 ലെ IAAF വേൾഡ് U20 ചാമ്പ്യനായിരുന്നു. കൂടാതെ 86.48 മീറ്റർ എന്ന ലോക ജൂനിയർ റെക്കോർഡ് സ്ഥാപിച്ചു.

നീരജിന്റെ കരിയറില്‍ തന്നെ നിര്‍ണായകമായിരുന്നു വിദേശ കോച്ചുമാരുടെ സേവനം. ലോക റെക്കോർഡുകാരനായ ഉവെ ഹോഹ്നയും വെര്‍ണര്‍ ഡാനിയല്‍സിനും ഗാരി കാല്‍വേര്‍ട്ടിനും ക്ലൗസ് ബര്‍ട്ടോനിയെറ്റ്‌സിന്റേയുമായിരുന്നു നീരജിന്റെ പരിശീലകർ. കായിക ചരിത്രത്തിൽ 100 മീറ്ററിൽ കൂടുതൽ ജാവലിൻ എറിഞ്ഞ ഏക ജാവലിൻ ത്രോ താരമാണ് ജർമനിയുടെ ഉവെ ഹോൺ.

2016-ൽ നീരജിന് ഇന്ത്യൻ ആർമിയിൽ ജെസിഒ ആയി ജോലി ലഭിച്ചു. എന്നാൽ നീരജ് ചോപ്രയുടെ കഴിവ് തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ സൈന്യത്തിൽ നിന്ന് അവധിയെടുക്കാനും കായിക ജീവിതം തുടരാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ഈ പിന്തുണയാണ് അദ്ദേഹത്തെ ഒളിംപിക്‌സിൽ വിജയിപ്പിച്ചത്. അത്‌ലറ്റിക്‌സിലെ മികച്ച കഴിവുകൾക്കും പ്രകടനത്തിനും നീരജ് ഇന്ത്യൻ സർക്കാരിന്റെ നിരവധി അവാർഡുകളും നേടിയിട്ടുണ്ട്. കായികരംഗത്തെ മികച്ച നേട്ടങ്ങൾക്ക് നീരജ് ചോപ്രയ്ക്ക് 2018-ൽ അർജുന അവാർഡ് ലഭിച്ചു. റിപ്പബ്ലിക് ദിന ബഹുമതികളുടെ ഭാഗമായി 2020 ൽ അദ്ദേഹത്തിന് വിശിഷ്ട സേവാ മെഡൽ ലഭിച്ചു. 2022-ൽ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

logo
The Fourth
www.thefourthnews.in