സ്വര്‍ണം കൈവിട്ട് ശ്രീശങ്കര്‍, ജിന്‍സണ് വെങ്കലം; ഇന്ത്യയുടെ മെഡല്‍നേട്ടം 50 കടന്നു

സ്വര്‍ണം കൈവിട്ട് ശ്രീശങ്കര്‍, ജിന്‍സണ് വെങ്കലം; ഇന്ത്യയുടെ മെഡല്‍നേട്ടം 50 കടന്നു

ഇന്ന് അത്‌ലറ്റിക്‌സില്‍ ഇന്ത്യ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ് സ്വന്തമാക്കിയത്

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെന്ന മലയാളി താരം എം ശ്രീശങ്കറിന്റെ സ്വപ്‌നം വെള്ളയിലൊതുങ്ങി. ഇന്നു ഹാങ്ഷുവില്‍ നടന്ന പുരുഷന്മാരുടെ ലോങ്ജമ്പില്‍ 8.19 മീറ്റര്‍ താണ്ടിയ ശ്രീശങ്കറിന് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. ആതിഥേയരായ ചൈനയുടെ ജിയാനന്‍ വാങ്ങിനാണ് സ്വര്‍ണം. ആദ്യ ശ്രമത്തില്‍ കണ്ടെത്തിയ 8.22 മീറ്റര്‍ ദൂരമാണ് ചൈനീസ് താരത്തിന് തുണയായത്. ചൈനയുടെ തന്നെ യുഹാവോ ഷിയ്ക്കാണ് വെങ്കലം.

വൈകിട്ട് നടന്ന ലോങ്ജമ്പ് ഫൈനലില്‍ ഫൗളോടെയായിരുന്നു ശ്രീശങ്കര്‍ തുടങ്ങിയത്. പിന്നീട് രണ്ടാം ശ്രമത്തില്‍ 7.87 മീറ്റര്‍ താണ്ടിയ ശ്രീ മൂന്നാം ശ്രമത്തില്‍ 8.01 ദൂരം കണ്ടെത്തി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പിന്നീട് നാലാം ശ്രമത്തില്‍ മികച്ച പ്രകടനം കാഴ്ച മലയാളി താരം 8.19 മീറ്റ താണ്ടിയാണ് വെള്ളി ഉറപ്പാക്കിയത്. ശേഷിച്ച രണ്ടു ശ്രമങ്ങളിലും സ്വര്‍ണത്തിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശ്രീശങ്കറിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ജെസ്വിന്‍ ആള്‍ഡ്രിന് എട്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. 7.76 മീറ്റര്‍ മാത്രമാണ് ജെസ്വിന്‍ താണ്ടിയത്.

ശ്രീശങ്കറിനു പുറമേ ഇന്ന് പുരുഷന്മാരുടെ 1500 മീറ്റര്‍ ഫൈനലില്‍ മത്സരിച്ച മറ്റൊരു മലയാളി താരം ജിന്‍സണ്‍ ജോണ്‍സണും സ്വര്‍ണനേട്ടം കരസ്ഥമാക്കാനായില്ല. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ ജിന്‍സണ്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 39.74 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്. അതേസമയം ഈയിനത്തില്‍ വെള്ളിയും ഇന്ത്യക്കാണ്. മൂന്ന് മിനിറ്റ് 38.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അജയ് കുമാര്‍ സരോജ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഖത്തറിന്റെ മുഹമ്മദ് അല്‍ഗാര്‍നി സ്വര്‍ണം സ്വന്തമാക്കി. വനിതകളുടെ കളുടെ വിഭാഗത്തില്‍ ഹര്‍മിലന്‍ ബയിന്‍സും വെള്ളി നേടി. നാല് മിനുറ്റ് 12.74 സെക്കന്‍ഡിലായിരുന്നു ഹര്‍മിലിന്‍ മെഡലിലേക്ക് ഓടിയെത്തിയത്.

വനിതകളുടെ ഹെപ്റ്റാത്തലണിലാണ് മറ്റൊരു വെങ്കലമെഡല്‍. 5712 പോയിന്റുമായി നന്ദിനി അഗസാരയാണ് വെങ്കലമണിഞ്ഞത്. വനിതകളുടെ ഡിസ്കസ് ത്രോയില്‍ സീമ പൂനിയ നേടിയ വെങ്കലമാണ് അത്ലറ്റിക്സിലെ മറ്റൊരു മെഡല്‍. 58.62 മീറ്ററെറിഞ്ഞാല്‍ മെഡല്‍ നേട്ടം. സീമയുടെ സീസണിലെ മികച്ച ദൂരമാണിത്.

ഇന്ന് അത്‌ലറ്റിക്‌സില്‍ ഇന്ത്യ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമാണ് സ്വന്തമാക്കിയത്. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ അവിനാഷ് സാബിളും ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങ് തൂറുമാണ് സ്വര്‍ണം നേട്ടക്കാര്‍. 20.36 മീറ്റര്‍ ദൂരമെറിഞ്ഞ് തന്റെ അവസാന ശ്രമത്തിലായിരുന്നു തജീന്ദര്‍ 'സ്വര്‍ണദുരം' കണ്ടെത്തിയത്. കസാക്കിസ്ഥാന്റെ ടോലൊ മുഹമ്മദിനാണ് വെള്ളി (20.18 മീറ്റര്‍). ചൈനയുടെ ലിയു യാങ് വെങ്കലവും നേടി (19.97 മീറ്റര്‍). ഇരുവരുടേയും സീസണിലെ ഏറ്റവും മികച്ച പ്രകടനമാണിത്.

അത്‌ലറ്റിക്‌സിലെ പ്രകടനത്തോടെ ഇന്ത്യയുടെ സ്വര്‍ണ നേട്ടം 13 ആയി ഉയര്‍ന്നു. 13 സ്വര്‍ണവും 19 വെള്ളിയും 19 വെങ്കലവുമടക്കം 51 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ചൈനയ്ക്ക് 125 ഉം കൊറിയയ്ക്ക് 30ഉം ജപ്പാന് 29ഉം സ്വര്‍ണമാണുള്ളത്.

logo
The Fourth
www.thefourthnews.in