ചരിത്ര നേട്ടം; സിന്ധു തിളങ്ങി, ഏഷ്യ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യ

ചരിത്ര നേട്ടം; സിന്ധു തിളങ്ങി, ഏഷ്യ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യ

സെമിയില്‍ ചൈന-ജപ്പാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ നേരിടുക. ടൂര്‍ണമെന്റിലെ ഒന്നാം സീഡുകളായ ചൈനീസ് ടീമിനെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു

മലേഷ്യയില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ വനിതാ ടീം സെമിഫൈനലില്‍. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള ഇന്ത്യ ഇന്നു നടന്ന ക്വാര്‍ട്ടര്‍ഫൈനലില്‍ മൂന്നു മത്സരങ്ങളും ജയിച്ച് 3-0 എന്ന സ്‌കോറില്‍ കരുത്തരായ ഹോങ്കോങ്ങിനെ വീഴ്ത്തിയാണ് സെമിയില്‍ കടന്നത്. ഇതോടെ ചരിത്രത്തിലാദ്യമായി ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മെഡല്‍ ഉറപ്പിക്കുകയും ചെയ്തു.

രണ്ടു തവണ ഒളിമ്പിക് നേടിയിട്ടുള്ള ഐക്കണ്‍ താരം പിവി സിന്ധുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. സിംഗിള്‍സില്‍ ആദ്യം ഹോങ്കോങ്ങിന്റെ ലോ സിന്‍ യാന്‍ ഹാപ്പിയെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു തോല്‍പിച്ച സിന്ധു ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. 52 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-7, 16-21, 21-12 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.

തുടര്‍ന്ന് നടന്ന ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - ടാനിഷ്‌ക ക്രാസ്‌റ്റോ സഖ്യം തകര്‍പ്പന്‍ ജയത്തിലൂടെ ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. പിന്നാലെ അഷ്മിത ചാലിഹ ഹോങ്കോങ് താരം സം യി യ്യുങ്ങിനെ വെറും 37 മിനിറ്റിനുള്ളില്‍ ചുരുട്ടിക്കെട്ടിയതോടെ അവസാന രണ്ടു മത്സരങ്ങള്‍ക്കു കാത്തുനില്‍ക്കാതെ ഇന്ത്യ സെമിബെര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

സെമിയില്‍ ചൈന-ജപ്പാന്‍ മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ നേരിടുക. ടൂര്‍ണമെന്റിലെ ഒന്നാം സീഡുകളായ ചൈനീസ് ടീമിനെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ കെട്ടുകെട്ടിച്ചിരുന്നു. ആവേശകരമായ ആ മത്സരത്തില്‍ 3-2 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ ജയം. സെമിയിലും അത് ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിന്ധുവും കൂട്ടരും. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ പരുക്കിനെത്തുടര്‍ന്ന് കോര്‍ട്ടില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന സിന്ധു അതിനു ശേഷം ഈ ടൂര്‍ണമെന്റിലാണ് തിരിച്ചുവരവ് നടത്തിയത്.

logo
The Fourth
www.thefourthnews.in