ശ്രീകാന്തിനെ അട്ടിമറിച്ച് പ്രിയാന്‍ഷു രജാവത്ത്; ഇനി പ്രണോയിക്കെതിരേ

ശ്രീകാന്തിനെ അട്ടിമറിച്ച് പ്രിയാന്‍ഷു രജാവത്ത്; ഇനി പ്രണോയിക്കെതിരേ

നേരത്തെ, സിഡ്‌നിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്നും പിവി സിന്ധു പുറത്തായിരുന്നു.

സിഡ്‌നിയിൽ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ പുരുഷ സിംഗിൾസ് സെമി ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച്എസ് പ്രണോയിയും പ്രിയാൻഷു രജാവത്തും ഏറ്റുമുട്ടും. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളില്‍ പ്രണോയ് ലോക രണ്ടാം നമ്പർ താരം ആന്റണി ജിൻറിംഗിനെ തോല്‍പിച്ചപ്പോള്‍ മുൻ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ചാണ് പ്രിയാൻഷു സെമിയില്‍ കടന്നത്.

ഈ വർഷമാദ്യം മലേഷ്യ മാസ്റ്റേഴ്‌സ് നേടിയ പ്രണോയ്, ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ ജിന്റിംഗിനെ 73 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 16-21, 21-17, 21-14 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്. അതേസമയം കിഡംബി ശ്രീകാന്തിനെ 21-13, 21-8 എന്ന സ്‌കോറില്‍ പുറത്താക്കാൻ പ്രിയാൻഷുവിന് കേവലം 30 മിനിറ്റ് മതിമതിയായിരുന്നു.

ഈ വര്‍ഷം ലോകറാങ്കിങ്ങില്‍ ആദ്യ 20-ലുള്ള താരങ്ങള്‍ക്കെതിരേ പ്രിയാന്‍ഷു നേടുന്ന മൂന്നാം ജയമാണിത്. വെറും 21 വയസ്സുള്ളപ്പോൾ, 2023-ൽ ഓർലിയൻസ് മാസ്റ്റേഴ്‌സിൽ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് പ്രിയാന്‍ഷു.

നേരത്തെ, സിഡ്‌നിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിലെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്നും പിവി സിന്ധു പുറത്തായിരുന്നു. അമേരിക്കയുടെ ബെയ്‌വെൻ ഷാങ്ങിനോട് 12-21, 17-21 എന്ന സ്‌കോറിനാണ് താരം പരാജയപ്പെട്ടത്.

logo
The Fourth
www.thefourthnews.in