സുവര്‍ണ സ്മാഷുമായി സാത്വിക്-ചിരാഗ് സഖ്യം; ബാഡ്മിന്റണില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

സുവര്‍ണ സ്മാഷുമായി സാത്വിക്-ചിരാഗ് സഖ്യം; ബാഡ്മിന്റണില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം

ഇന്നു നടന്ന ഫൈനലില്‍ ദക്ഷിണകൊറിയന്‍ ജോഡിയായ സോള്‍ഗ്യു ചോയ്-വോന്‍ഹോ കിം എന്നിവരെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 21-18, 21-16

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ബാഡ്മിന്റണില്‍ പൊന്നണിഞ്ഞ് ഇന്ത്യ. പുരുഷന്മാരുടെ ഡബിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജോഡിയായ സാത്വിക് സായ്‌രാജ് റെങ്കി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യമാണ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഇന്നു നടന്ന ഫൈനലില്‍ ദക്ഷിണകൊറിയന്‍ ജോഡിയായ സോള്‍ഗ്യു ചോയ്-വോന്‍ഹോ കിം എന്നിവരെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 21-18, 21-16.

ഇവരുടെ നേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 101 ആയി. 26 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമായി ഇന്ത്യ മെഡല്‍പട്ടികയില്‍ നാലാം സ്ഥാനത്താണ്. 192 സ്വര്‍ണമെഡലുകളുമായി ചൈനയാണ് ഒന്നാമത്.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്താണിത്. 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ് ഇന്ത്യ മെഡല്‍ വേട്ടയില്‍ മൂന്നക്കം തികയ്ക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് 2018-ല്‍ ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ ഇന്ത്യയുടെ റെക്കോഡ്. അന്ന് 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലുമാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. ഒരു ഏഷ്യാഡില്‍ 100 മെഡലുകള്‍ എന്ന നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

നേരത്തെ അമ്പെയ്ത്തില്‍ ഒരു സ്വര്‍ണമുള്‍പ്പടെ രണ്ടു മെഡലുകള്‍ കൂടി സ്വന്തമാക്കിയാണ് ഗെയിംസിന്റെ 13-ാം ദിനം ഇന്ത്യ ആരംഭിച്ചത്. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ കോംപൗണ്ട് റൗണ്ടില്‍ ഓജസ് ആണ് സ്വര്‍ണം നേടിയത്. ഈയിനത്തില്‍ വെള്ളിയും ഇന്ത്യക്ക് തന്നെയാണ്. സഹതാരം അഭിഷേകാണ് വെള്ളിയണിഞ്ഞത്.

രണ്ടു പോയിന്റ് വ്യത്യാസത്തിലായിരുന്നു ഓജസിന്റെ സ്വര്‍ണനേട്ടം. ഫൈനലില്‍ ഓജസ് 149 പോയിന്റ് കരസ്ഥമാക്കിയപ്പോള്‍ 147 പോയിന്റാണ് അഭിഷേകിന് നേടാനായത്. പിന്നീട് വനിതകളുടെ കബഡിയിലും പൊന്നണിഞ്ഞിരുന്നു. ആവേശകരാമായ ഫൈനലില്‍ ചൈനീസ് തായ്പേയിയെ 26-25 എന്ന സ്‌കോറില്‍ തോല്‍പിച്ചായിരുന്നു ഇന്ത്യന്‍ വനിതകളുടെ സുവര്‍ണനേട്ടം.

logo
The Fourth
www.thefourthnews.in