ഇന്തോനീഷ്യന്‍ ഓപ്പണ്‍; സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം

ഇന്തോനീഷ്യന്‍ ഓപ്പണ്‍; സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം

കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം നിലവില്‍ ഫ്രഞ്ച് ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ജേതാക്കള്‍ കൂടിയാണ്.

ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 1000 സീരീസിന്റെ പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം. ഇന്നു നടന്ന ഫൈനലില്‍ മലേഷ്യന്‍ ജോഡികളായ ആരോണ ചിയ-സോ വുയി യിക് സഖ്യത്തെയാണ് അവര്‍ തോല്‍പിച്ചത്.

ലോക റാങ്കിങ്ങില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യന്‍ സഖ്യം വെറും 30 മിനിറ്റിനുള്ളില്‍ 21-17, 21-18 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമിലാണ് കലാശക്കളിയില്‍ വിജയിച്ചു കയറിയത്. സാത്വിക്-ചിരാഗ് സഖ്യത്തെ ആദ്യ സൂപ്പര്‍ 1000 കിരീടമായിരുന്നു ഇത്.

സെമിയില്‍ കൊറിയന്‍ ജോഡികളായ കാങ് മിന്‍ ഹ്യൂക്ക്-സിയോ സിയോങ് ജേ സഖ്യത്തെ തോല്‍പിച്ചാണ് ഇന്ത്യന്‍ സഖ്യം ഫൈനലില്‍ എത്തിയത്. ഒരു മണിക്കൂര്‍ ഏഴു മിനിറ്റ് നീണ്ടു ആവേശപ്പോരാട്ടത്തില്‍ 17-21, 21-19, 21-18 എന്ന സ്‌കോറിനായിരുന്നു ജയം. ആദ്യ ഗെയിം 17-21ന് തോറ്റ് ഏഴാം സീഡായ ഇന്ത്യന്‍ ജോഡി മികച്ച തിരിച്ചുവരാണ് പിന്നീട് നടത്തിയത്.

കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം നിലവില്‍ ഫ്രഞ്ച് ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ജേതാക്കള്‍ കൂടിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച സഖ്യത്തിന് ഇനിയും മികച്ച റാങ്കിങ്ങിലേക്ക് ഉയരാനാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

നേരത്തെ പുരുഷ-വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. പുരുഷഷന്മാരുടെ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ് എന്നിവരും വനിതാ വിഭാഗത്തില്‍ പി.വി. സിന്ധുവും ഫൈനല്‍ കാണാതെ തോറ്റു പുറത്തായിരുന്നു.

logo
The Fourth
www.thefourthnews.in