സാത്വിക്-ചിരാഗ് സഖ്യം നാലാം റാങ്കില്‍; പ്രണോയ് എട്ടാമത്
SH_WB

സാത്വിക്-ചിരാഗ് സഖ്യം നാലാം റാങ്കില്‍; പ്രണോയ് എട്ടാമത്

ഇക്കഴിഞ്ഞ ദിവസം മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടിയതിനു പിന്നാലെയാണ് പ്രണോയിയുടെ നേട്ടം. മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം ചൂടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രണോയ്.

പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം കൊയ്ത് ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം. ഇന്നു ബിഡബ്ല്യുഎഫ് പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരം നാലാം സ്ഥാനത്താണ് അവര്‍. 74651 പോയിന്റുമായാണ് അവര്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടം കൊയ്തത്.

കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാക്കളായ സാത്വിക്-ചിരാഗ് സഖ്യം നിലവില്‍ ഫ്രഞ്ച് ഓപ്പണ്‍, സ്വിസ് ഓപ്പണ്‍ ജേതാക്കള്‍ കൂടിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച സഖ്യത്തിന് ഇനിയും മികച്ച റാങ്കിങ്ങിലേക്ക് ഉയരാനാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

ഇവര്‍ക്കു പുറമേ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എ്‌സ്. പ്രണോയിയും നേട്ടം കൊയ്തു. പുതിയ റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ് പ്രണോയ്. ഇക്കഴിഞ്ഞ ദിവസം മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം നേടിയതിനു പിന്നാലെയാണ് പ്രണോയിയുടെ നേട്ടം. മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം ചൂടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് പ്രണോയ്.

പ്രണോയ്ക്കു പുറമേ മറ്റൊരു ഇന്ത്യന്‍ താരമായ കിഡംബി ശ്രീകാന്തും പുരുഷ സിംഗിള്‍സില്‍ റാങ്കിങ് മെച്ചപ്പെടുത്തി. നാലു സ്ഥാനം ഉയര്‍ന്ന ശ്രീകാന്ത് നിലവില്‍ 20-ാം സ്ഥാനത്താണ്. എന്നാല്‍ മലേഷ്യ മാസ്‌റ്റേഴ്‌സില്‍ സെമി കാണാതെ തോറ്റുപുറത്തായ ലക്ഷ്യ സെന്‍ 23-ാം റാങ്കിലേക്കു പിന്തള്ളപ്പെട്ടു. വനിതാ റാങ്കില്‍ 13-ാം സ്ഥാനത്തുള്ള പി.വി. സിന്ധുവാണ് മുന്നിലുള്ള ഇന്ത്യന്‍ താരം.

logo
The Fourth
www.thefourthnews.in