രണ്ടു വര്‍ഷമായി കിരീടവരള്‍ച്ച; സിന്ധുവിന് ഇതെന്ത് പറ്റി?

രണ്ടു വര്‍ഷമായി കിരീടവരള്‍ച്ച; സിന്ധുവിന് ഇതെന്ത് പറ്റി?

24 മാസത്തോളം നീണ്ടുനിന്ന മോശം ഫോമില്‍ നിന്നു താന്‍ കരകയറിയെന്നു തോന്നിപ്പിക്കുന്ന പ്രകടനമാണ് മലേഷ്യന്‍ മാസ്‌റ്റേഴ്‌സിന്റെ ആദ്യ റൗണ്ടുകളും സിന്ധു പുറത്തെടുത്തത്

രണ്ട് തവണ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷനാണ് പിവി സിന്ധു. വീണ്ടുമൊരു ഒളിമ്പിക്‌സ് പടിവാതിലില്‍ എത്തിനില്‍ക്കെ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയുമായിരുന്നു സിന്ധു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം സിന്ധുവില്‍ നിന്നുണ്ടാകുന്നില്ലെന്നത് കായികപ്രേമികളെ നിരാശപ്പെടുത്തു. ഈ കാലയളവില്‍ ഒരു കിരീടം പോലും സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരത്തിനായിട്ടില്ല.

ഒളിമ്പിക്‌സിന് തൊട്ടുമുമ്പ് ഈ ദുര്യോഗത്തിന് അന്ത്യം കുറിക്കാനാണ് സിന്ധു ഇന്ന് മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരിനിറങ്ങിയത്. എന്നാല്‍ ഒരിക്കല്‍ക്കൂടി താരത്തിന് കാലിടറി. ക്വാലാലംപൂരില്‍ നടന്ന ഫൈനലില്‍ ചൈനയുടെ ലോക ഏഴാം നമ്പര്‍ താരം വാങ് ഷി യിയോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു തോറ്റ് സിന്ധു തലകുനിക്കുകയായിരുന്നു. 79 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം, സ്‌കോര്‍:- 21-16, 5-21, 16-21.

കഴിഞ്ഞ 24 മാസത്തോളം നീണ്ടുനിന്ന മോശം ഫോമില്‍ നിന്നു താന്‍ കരകയറിയെന്നു തോന്നിപ്പിക്കുന്ന പ്രകടനമാണ് മലേഷ്യന്‍ മാസ്‌റ്റേഴ്‌സിന്റെ ആദ്യ റൗണ്ടുകളും സിന്ധു പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക ആറാം നമ്പര്‍ താവും ടൂര്‍ണമെന്റിന്റെ ടോപ് സീഡുമായ ഹാന്‍ യൂവിനെയും സെമിയില്‍ മാരത്തണ്‍ പോരാട്ടത്തിനൊടുവില്‍ ചിരവൈരിയായ തായ്‌ലന്‍ഡ് താരം ബുസാനന്‍ ഒങ്ബാമൃങ്ഫനെയും കീഴടക്കിയ സിന്ധുവിന് കലാശപ്പോരില്‍ കീഴടങ്ങുകയായിരുന്നു.

ടൂര്‍ണമെന്റിലുടനീളം അറ്റാക്കിങ് ഗെയിം പ്ലാനിലൂന്നിയാണ് സിന്ധു കളിച്ചിരുന്നത്. കോര്‍ട്ടിനുള്ളിലെ ചടുലമായ നീക്കങ്ങളിലുടെ എതിരാളികളെ അമ്പരപ്പിച്ചിരുന്ന സിന്ധുവിന് ഫൈനലില്‍ ആ മികവൊന്നും പുറത്തെടുക്കാനായില്ല. ബോക്‌സില്‍ നിന്ന് ബോക്‌സിലേക്കുള്ള സിന്ധുവിന്റെ ചടുലനീക്കങ്ങള്‍ക്കെതിരേ ബോഡിലൈന്‍ സ്മാഷ് തന്ത്രം പ്രയോഗിച്ച ചൈനീസ് താരത്തിന്റെ ടാക്റ്റിക്‌സ് ഫലം കാണുകയും ചെയ്തു.

2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ സിന്ധു അതേ വര്‍ഷം നടന്ന സിംഗപ്പൂര്‍ ഓപ്പണിലാണ് അവസാനമായി കിരീടം ചൂടിയത്. പിന്നാലെ പരുക്കിന്റെ പിടിയിലായ താരം ഏറെ വൈകാതെ ഫിറ്റ്‌നെസ് വീണ്ടെടുത്ത് കോര്‍ട്ടില്‍ തിരിച്ചെത്തിയെങ്കിലും തന്റെ പഴയ മികവിലേക്ക് ഉയരാനായിട്ടില്ല. ഇന്ന് നടന്ന മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഫൈനല്‍ മാറ്റിനിര്‍ത്തിയാല്‍ മാര്‍ച്ചില്‍ മാഡ്രിഡ് മാസ്‌റ്റേഴ്‌സ് ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നതാണ് ഈ സീസണില്‍ സിന്ധുവിന്റെ മികച്ച പ്രകടനം.

logo
The Fourth
www.thefourthnews.in