ഇതിഹാസം പടിയിറങ്ങി; മേരി കോം ഇനി റിങ്ങിലേക്കില്ല

ഇതിഹാസം പടിയിറങ്ങി; മേരി കോം ഇനി റിങ്ങിലേക്കില്ല

ആറു തവണ ലോകചാമ്പ്യനാകുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്

ബോക്‌സിങ് റിങ്ങില്‍ ഇന്ത്യയുടെ ഇതിഹാസം എം.സി മേരി കോം വിരമിച്ചു. ആറു തവണ ലോക ചാമ്പ്യനും ഒളിമ്പിക് മെഡല്‍ ജേതാവുമായ മേരി ഇന്നു പുലര്‍ച്ചെയാണ് ഇനി റിങ്ങിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. നാല്‍പ്പത് വയസിനു മുകളിലുള്ള താരങ്ങള്‍ക്ക് രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍ നടത്തുന്ന എലീറ്റ് ലെവല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലാത്തതിനാലാണ് താന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് മേരി പറഞ്ഞു.

''റിങ്ങില്‍ നിന്ന് ഇറങ്ങാന്‍ താല്‍പര്യമുണ്ടായിട്ടല്ല, ബോക്‌സിങ്ങിനോടുള്ള പ്രണയം കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ പ്രായപരിധി കാരണം രാജ്യാന്തര മത്സരങ്ങളില്‍ എനിക്കു പങ്കെടുക്കാന്‍ സാധിക്കില്ല. വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. ജീവിതത്തില്‍ ആഗ്രഹിച്ചതെല്ലാം നേടി പൂര്‍ണതൃപ്തിയോടെയാണ് മടങ്ങുന്നത്''- വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മേരി പറഞ്ഞു.

ആറു തവണ ലോകചാമ്പ്യനാകുന്ന ആദ്യ വനിതാ ബോക്‌സറാണ് മേരി. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരി ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ്. 2003-ലാണ് ആദ്യമായി ലോകചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയത്. ഇതിനു പിന്നാലെ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു. 2006-ല്‍ പത്മശ്രീയും 2009-ല്‍ ഖേല്‍രത്‌ന പുരസ്‌കാരും 2013-ല്‍ പത്മഭൂഷണും 2020-ല്‍ പത്മവിഭൂഷണും മേരിയെ തേടിയെത്തി. 2016 മുതല്‍ 2022 വരെ രാജ്യസഭാംഗമായിരുന്നു.

logo
The Fourth
www.thefourthnews.in