ഗോളടിയില്‍ ക്രിസ്റ്റ്യാനോയ്ക്കും മെസ്സിക്കും അരികെ;  അന്താരാഷ്ട്ര ഗോള്‍ വേട്ടക്കാരില്‍ നാലാമനായി ഛേത്രി

ഗോളടിയില്‍ ക്രിസ്റ്റ്യാനോയ്ക്കും മെസ്സിക്കും അരികെ; അന്താരാഷ്ട്ര ഗോള്‍ വേട്ടക്കാരില്‍ നാലാമനായി ഛേത്രി

ഛേത്രി ഇന്ത്യയ്ക്കായി 138 മത്സരങ്ങളിൽ നിന്ന് 90 ഗോളുകള്‍ നേടി

സാഫ് കപ്പ് കിക്കോഫ് മത്സരത്തില്‍ പാകിസ്താനെതിരായ ഹാട്രിക് പ്രകടനത്തിലൂടെ റെക്കോർഡുകൾ തകർത്ത് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. അന്താരാഷ്ട്ര ​ഗോൾ വേട്ടക്കാരിൽ താരം നാലാം സ്ഥാനത്തെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ (123), അലി ദേയ് (109), ലയണൽ മെസ്സി (103) എന്നിവരാണ് ​ഗോളുകളുടെ എണ്ണത്തിൽ ഇനി ഛേത്രിക്ക് മുന്നിലുള്ളത്. ദേശീയ ടീമിനായുള്ള ഛേത്രിയുടെ ഗോൾ നേട്ടം 138 മത്സരങ്ങളിൽ നിന്ന് 90 ആയി.

89 ​ഗോളുകളുള്ള മുൻ മലേഷ്യൻ താരം മൊക്തർ ദഹാരിയെയാണ് ഛേത്രി മറികടന്നത്. സജീവ കളിക്കാരുടെ ലിസ്റ്റിൽ താരം മൂന്നാം സ്ഥാനത്താണ്. പോർച്ചു​ഗൽ താരം ക്രിസ്റ്റ്യാനോയും അർജന്റീന സൂപ്പർ താരം മെസ്സിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളത്.

സാഫ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ​ഗോൾ സ്കോർ ചെയ്യുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യൻ നായകൻ

ഈ മത്സരത്തോടെ പാകിസ്താനെതിരെ ഹാട്രിക് നേടുന്ന നാലാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ഛേത്രി സ്വന്തമാക്കി. ബഹദൂർ താപ്പ, ജെജെ ലാൽ പെഖുല, മലയാളിയായ ഐ എം വിജയൻ എന്നിവരാണ് പാക് പടയ്ക്കെതിരെ ഹാട്രിക് നേടിയ മറ്റ് താരങ്ങൾ. ഇന്ത്യൻ കുപ്പായത്തിൽ ഛേത്രിയുടെ നാലാമത്തെ ഹാട്രിക്കാണ് ഇത്. സാഫ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ​ഗോൾ സ്കോർ ചെയ്യുന്ന രണ്ടാമത്തെ താരമാണ് ഇന്ത്യൻ നായകൻ. ടൂർണമെന്റിൽ 20 ലധികം ​ഗോളുകൾ നേടിയ രണ്ട് കളിക്കാരിൽ ഒരാളാണ് അദ്ദേഹം. 21 ​ഗോളുകളുള്ള ഛേത്രി മാലിദ്വീപിന്റെ അലി അഷ്ഫാഖിന്റെ (23) പിന്നിലാണ്.

നായകൻ ഛേത്രിയുടെ ഹാട്രിക്ക് ഉൾപ്പെടെ മറുപടിയില്ലാത്ത നാല് ​ഗോളുകൾക്കാണ് ഇന്ത്യ പാകിസ്താനെ ചാരമാക്കിയത്. ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ ഇന്ത്യയ്ക്കായി ​ഗോൾ കണ്ടെത്തിയ ക്യാപ്റ്റൻ പിന്നീട് 16-ാം മിനിറ്റിലും 74-ാം മിനിറ്റിലും ലഭിച്ച പെനാൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച് ഹാട്രിക് തികച്ചു.

logo
The Fourth
www.thefourthnews.in