ഗുസ്തി ഫെഡറേഷനെതിരെ നടപടിയെടുത്ത് കേന്ദ്രം; മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിർത്തിവെയ്ക്കും

ഗുസ്തി ഫെഡറേഷനെതിരെ നടപടിയെടുത്ത് കേന്ദ്രം; മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിർത്തിവെയ്ക്കും

ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന് സസ്‌പെന്‍ഷൻ

ഗുസ്തി ഫെഡറേഷനെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം. ദേശീയ ഗുസ്തി ഫെഡറേഷന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. മേല്‍നോട്ട സമിതിയെ ഔദ്യോഗികമായി നിയമിക്കുന്നതുവരെയാണ് നടപടി. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മേല്‍നോട്ട സമിതി വൈകാതെ ചുമതല ഏറ്റെടുക്കും. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റിനെതിരായ ലൈഗികാരോപണത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. റാങ്കിങ് മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും. പ്രവേശന ഫീസ് തിരിച്ചടവ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കും. ഇതോടെ നാളെ നടത്താനിരുന്ന ഗുസ്തി ഫെഡറേഷന്‍ അടിയന്തരയോഗം അപ്രസക്തമായി.

ഗുസ്തി താരങ്ങളുടെ പ്രസ്താവനയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന വിനോദ് തോമറിന്റെ പരാമര്‍ശമാണ് സസ്‌പെന്‍ഷന് വഴിയൊരുക്കിയത്. എന്നാല്‍ സസ്‌പെന്‍ഷനെക്കുറിച്ച് മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും മുന്‍കൂര്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും തോമര്‍ പ്രതികരിച്ചു.

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു

ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിങിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജന്തര്‍ മന്തറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് അവരുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ ഒന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഏഴംഗ സമിതിയെ കേന്ദ്ര കായിക മന്ത്രാലയം രൂപീകരിച്ചതിനു പിന്നാലെയായിരുന്നു തോമറിന്റെ പരാമര്‍ശം.

''ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവര്‍ പ്രതിഷേധം നടത്തുന്നു. എന്നാല്‍ ഇതുവരെ തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ അവരുമായി ബന്ധപ്പെട്ടിരിക്കുന്നു, അത്തരം ഒരു സംഭവവും ഞാന്‍ കണ്ടിട്ടില്ല'' തോമര്‍ പറഞ്ഞു. തനിക്കെതിരെ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അന്വേഷണം നടക്കുന്നതിനാല്‍ ശരണ്‍ സിങ് ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറി നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിക്ക് നാലാഴ്ച്ചത്തെ സമയം നല്‍കിയിട്ടുണ്ട്

ഗുസ്തി ഫെഡറേഷന്‍ മേധാവിക്കും ഉന്നത ഭാരവാഹികള്‍ക്കും എതിരായ പരാതികള്‍ പരിഹരിക്കുമെന്ന് സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചതിനാല്‍ ഗുസ്തി താരങ്ങള്‍ വെള്ളിയാഴ്ച്ച രാത്രി വൈകി തങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു. ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെ ശരണ്‍ സിങ്ങിനെതിരെയുള്ള ലൈംഗികാതിക്രമ പരാതി അന്വേഷിക്കാനുള്ള ചുമതല ഏല്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിക്ക് നാലാഴ്ച്ചത്തെ സമയം നല്‍കിയിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് വിനേഷ് ഫോഗാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ദിവസം നീണ്ട സമരം അവസാനിപ്പിച്ചത്.

logo
The Fourth
www.thefourthnews.in