CWC2023 Team Focus |പവര്‍ തെളിയിക്കാന്‍ പ്രോട്ടിയാസ്‌

CWC2023 Team Focus |പവര്‍ തെളിയിക്കാന്‍ പ്രോട്ടിയാസ്‌

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഫൈനലില്‍ കടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് തങ്ങളുടെ പ്രതാപകാലത്ത് പോലും സാധിച്ചിട്ടില്ല

2019 ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴാം സ്ഥാനക്കാരായി തലകുനിച്ച് മടങ്ങിയ ദക്ഷിണാഫ്രിക്ക കിരീടസ്വപ്നങ്ങള്‍ പൊടിതട്ടിയെടുക്കാനൊരുങ്ങുന്നത് തെംബ ബാവ്മയുടെ കീഴിലാണ്. ബാവ്മയുള്‍പ്പടെ എട്ട് താരങ്ങളാണ് കന്നി ലോകകപ്പിനായി ഇന്ത്യയിലെത്തിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അങ്ങേറിയ പേസ് ബൗളര്‍ ജെറാള്‍ഡ് കോറ്റ്സിയാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലെ അപ്രതീക്ഷിത സാന്നിധ്യം. ആറ് ഏകദിനങ്ങളില്‍ നിന്ന് 11 വിക്കറ്റുകളാണ് ഈ ഇരുപത്തിരണ്ടുകാരന്‍ ഇതുവരെ നേടിയിട്ടുള്ളത്.

ലോകകപ്പിന്റെ പരിചയസമ്പത്തില്ലെങ്കിലും ദക്ഷിണാഫ്രിക്കന്‍ നിരയിലെ പല താരങ്ങള്‍ക്കും ഇന്ത്യന്‍ മൈതാനങ്ങള്‍ സുപരിചിതമാണ്. മറ്റേത് ടീമിനേക്കാള്‍ പോരായ്മകളുടെ കാര്യത്തില്‍ ദക്ഷിണാഫ്രിക്ക ഒരുപടി മുന്നിലാണ്. പേസ് അറ്റാക്ക് കേന്ദ്രീകരിച്ചുള്ള ബൗളിങ് നിര, മികച്ച ഓള്‍ റൗണ്ടര്‍മാരുടെ അസാന്നിധ്യം, പിന്നെ ലോകകപ്പ് പരിചയസമ്പത്തിന്റെ കുറവ് എന്നിങ്ങനെ ചൂണ്ടിക്കാണിക്കാന്‍ നിരവധിയുണ്ട്. പക്ഷെ ലോകകപ്പില്‍ ഇത്തരം പോരായ്മകളെ പല ടീമുകളും തരണം ചെയ്ത ചരിത്രമുള്ളതിനാല്‍ ദക്ഷിണാഫ്രിക്കയേയും എഴുതിത്തള്ളാനാകില്ല.

CWC2023 Team Focus |പവര്‍ തെളിയിക്കാന്‍ പ്രോട്ടിയാസ്‌
CWC2023 Team Focus | ഷാക്കിബിനൊപ്പം കരുത്തുകാട്ടാന്‍ ബംഗ്ലാദേശ്

ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്സ്, ഹെന്റ്‌റിച്ച് ക്ലാസെന്‍, എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, റാസി വാന്‍ ഡെര്‍ ഡസന്‍ തുടങ്ങിയവരാണ് പ്രോട്ടിയാസിന്റെ ബാറ്റിങ് കരുത്ത്. ഒരു ദശാബ്ദത്തിലധികം കാലം ക്രിക്കറ്റ് മൈതാനങ്ങളെ ആവേശത്തിലാഴ്ത്തിയ ഡി കോക്കിന്റെ അവസാന ലോകകപ്പ് കൂടിയാണിത്. ടൂര്‍ണമെന്റിന് ശേഷം വിരമിക്കുമെന്ന് ഡി കോക്ക് പ്രഖ്യാപിച്ചിരുന്നു. 17 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 30 ശരാശരിയില്‍ 450 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. വിരമിക്കലിന് മുന്‍പ് കണക്കുകള്‍ മെച്ചപ്പെടുത്താന്‍ ഇടംകയ്യന്‍ ബാറ്റര്‍ തയാറായേക്കും.

കഗിസൊ റബാഡ നയിക്കുന്ന പേസ് നിരയില്‍ ലുംഗി എന്‍ഗിഡി, ആന്റ്‌റിച്ച് നോര്‍ക്യെ, മാര്‍ക്കോ യാന്‍സെന്‍, കോറ്റ്സി എന്നിവരാണ് പ്രധാനികള്‍. ഇടംകയ്യന്‍ പേസറെന്ന അനുകൂല്യം യാന്‍സണെ തുണയ്ക്കും. ആദ്യ എട്ടില്‍ ബാറ്റ് ചെയ്യന്‍ കഴിയുന്ന ഏക ബൗളറും യാന്‍സണ്‍ തന്നെയാണ്. എന്നാല്‍ ഇന്ത്യയിലെ വിവിധ മൈതാനങ്ങളില്‍ ഒന്നരമാസത്തിലധികം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റായതിനാല്‍ പരുക്കിന്റെ സാധ്യതകളുള്ളതിനാല്‍ യാന്‍സെന്‍ എല്ലാ മത്സരങ്ങളിലും ഇറങ്ങിയേക്കില്ല. അതിനാല്‍ പേസ് നിരയില്‍ പരീക്ഷണങ്ങള്‍ ഉണ്ടായേക്കും.

CWC2023 Team Focus |പവര്‍ തെളിയിക്കാന്‍ പ്രോട്ടിയാസ്‌
CWC2023 Team Focus | ‍തീതുപ്പും പേസ് നിരയുമായി ബാബറിന്റെ പാകിസ്താന്‍

ഇന്ത്യയിലെ സാഹചര്യങ്ങളില്‍ സ്പിന്നര്‍മാര്‍ക്ക് സുപ്രധാന റോളാണുള്ളത്. കേശവ് മഹാരാജും തബ്‌രിസ്‌ ഷംസിയുമാണ് ടീമിലെ സ്പിന്‍ സാന്നിധ്യം. പാര്‍ട്ട് ടൈം സ്പിന്നറായി മര്‍ക്രവും എത്തിയേക്കും. ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഫൈനലില്‍ കടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് തങ്ങളുടെ പ്രതാപകാലത്ത് പോലും സാധിച്ചിട്ടില്ല. 1992, 1999, 2007, 2015 ലോകകപ്പുകളില്‍ സെമി ഫൈനലില്‍ എത്തിയതാണ് മികച്ച പ്രകടനം.

ദക്ഷിണാഫ്രിക്കന്‍ ടീം

തെംബ ബാവ്മ, ജെറാൾഡ് കോറ്റ്‌സി, ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, മാർക്കോ യാൻസെൻ, ഹെന്റ്റിച്ച് ക്ലാസൻ, സിസന്ദ മഗല, കേശവ് മഹാരാജ്, എയ്ഡന്‍ മർക്രം, ഡേവിഡ് മില്ലർ, ലുംഗി എൻഗിഡി, ആന്റ്റിച്ച് നോര്‍ക്യെ, കാഗിസൊ റബാഡ, തബ്‌രിസ് ഷംസി.

ദക്ഷിണാഫ്രിക്കയുടെ മത്സരങ്ങള്‍

ശ്രീലങ്ക - ഒക്ടോബര്‍ ഏഴ്, ഡല്‍ഹി.

ഓസ്ട്രേലിയ - ഒക്ടോബര്‍ 12, ലഖ്നൗ.

നെതര്‍ലന്‍ഡ്സ് - ഒക്ടോബര്‍ 17, ധരംശാല.

ഇംഗ്ലണ്ട് - ഒക്ടോബര്‍ 21, മുംബൈ.

ബംഗ്ലാദേശ് - ഒക്ടോബര്‍ 24, മുംബൈ.

പാകിസ്താന്‍ - ഒക്ടോബര്‍ 27, ചെന്നൈ.

ന്യൂസിലന്‍ഡ് - നവംബര്‍ ഒന്ന്, പൂനെ.

ഇന്ത്യ - നവംബര്‍ അ‍ഞ്ച്, കൊല്‍ക്കത്ത.

അഫ്ഗാനിസ്ഥാന്‍ - നവംബര്‍ 10, അഹമ്മദാബാദ്.

logo
The Fourth
www.thefourthnews.in