ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലില്‍ തന്നെ;
പാകിസ്താനും ശ്രീലങ്കയും സംയുക്ത ആതിഥേയര്‍

ഏഷ്യാ കപ്പ് ഹൈബ്രിഡ് മോഡലില്‍ തന്നെ; പാകിസ്താനും ശ്രീലങ്കയും സംയുക്ത ആതിഥേയര്‍

ടൂർണമെന്റിൽ ആകെ 13 മത്സരങ്ങളാണുള്ളത്. ഇതില്‍ ആദ്യ നാലു മത്സരങ്ങള്‍ പാകിസ്താനില്‍ നടക്കുമ്പോള്‍ ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയില്‍ അരങ്ങേറും.

ഏറെ നാളായി തുടരുന്ന ബിസിസിഐ-പിസിബി പോരിന് അന്ത്യം കുറിച്ച് ഏഷ്യാ കപ്പ് ക്രിക്കറ്റ് 2023-ന്റെ വേദിയും തീയതിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. എസിസിയുടെ തീരുമാനപ്രകാരം പാകിസ്താനില്‍ നടക്കേണ്ടിയിരുന്നു ടൂര്‍ണമെന്റ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെ പാകിസ്താനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലില്‍ നടക്കും.

ടൂർണമെന്റിൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ആകെ 13 മത്സരങ്ങളാണുള്ളത്. ഇതില്‍ ആദ്യ നാലു മത്സരങ്ങള്‍ പാകിസ്താനില്‍ നടക്കുമ്പോള്‍ ശേഷിക്കുന്ന ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയില്‍ അരങ്ങേറും. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ശ്രീലങ്കന്‍ മണ്ണിലാണ്. 2008-നു ശേഷം ഇതാദ്യമായാണ് പാകിസ്താന്‍ ഒരു മള്‍ട്ടി നാഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകുന്നത്.

നേരത്തെ, 2023 ഏഷ്യാകപ്പ് പാകിസ്താനിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സർക്കാർ അനുമതിയില്ലാത്തതിനാൽ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും സർക്കാരിൽ നിന്ന് അനുമതി ലഭിക്കാത്തതിനാലും ഇന്ത്യ പാകിസ്താനിലേക്ക് പോകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയതോടെ ബിസിസിഐയും പിസിബിയും തമ്മിൽ തർക്കങ്ങൾ ഉയർന്നിരുന്നു.

ഇതേതുടർന്ന്, ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബൈയിൽ സംഘടിപ്പിച്ചുകൊണ്ടു ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ ഒരു ഹൈബ്രിഡ് മോഡലിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ടൂർണമെന്റിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർമാരിൽ നിന്ന് പോലും ആ നിർദ്ദേശത്തിന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ തര്‍ക്കപരിഹാരമെന്നോണം പിസിബി നിർദ്ദേശിച്ച ഹൈബ്രിഡ് മോഡലിന് എസിസി അംഗീകാരം നൽകിയിരിക്കുകയാണ്.

പാക് മണ്ണില്‍ ഏഷ്യാ കപ്പ് കളിക്കാന്‍ ഇന്ത്യ എത്തിയില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പിസിബി ഭീഷണി മുഴക്കിയിരുന്നു. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്.ഇപ്പോള്‍ ഏഷ്യാ കപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം വന്നതോടെ ഐസിസി ഉടന്‍ ലോകകപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഇക്കുറി ഏഷ്യാ കപ്പില്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ടീമുകള്‍ ഏറ്റുമുട്ടുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് യോഗ്യത നേടും. സൂപ്പര്‍ഫോറില്‍ പരസ്പരം മത്സരിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ പിന്നീട് ഫൈനലിൽ ഏറ്റുമുട്ടും.

logo
The Fourth
www.thefourthnews.in