'ഇരട്ടസെഞ്ചുറി' കരുത്തില്‍ ബംഗ്ലാദേശ്; അഫ്ഗാന് ലക്ഷ്യം 335

'ഇരട്ടസെഞ്ചുറി' കരുത്തില്‍ ബംഗ്ലാദേശ്; അഫ്ഗാന് ലക്ഷ്യം 335

തകര്‍പ്പന്‍ സെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ മെഹ്ദി ഹസന്റെയും മധ്യനിര താരം നജ്മുള്‍ ഷാന്റോയുടെയും പ്രകടനമാണ് അവര്‍ക്കു തുണയായത്.

2023 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനവുമായി ബംഗ്ലാദേശ്. ലാഹോറില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. തകര്‍പ്പന്‍ സെഞ്ചുറികളുമായി തിളങ്ങിയ ഓപ്പണര്‍ മെഹ്ദി ഹസന്റെയും മധ്യനിര താരം നജ്മുള്‍ ഷാന്റോയുടെയും പ്രകടനമാണ് അവര്‍ക്കു തുണയായത്.

മെഹ്ദി 119 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 112 റണ്‍സ് നേടി ടോപ് സ്‌കോററായപ്പോള്‍ 105 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 104 റണ്‍സാണ് ഷാന്റോ നേടിയത്. 32 റണ്‍സ് നേടി പുറത്താകാതെ നിന്ന നായഷന്‍ ഷാക്കീബ് അല്‍ ഹസന്‍, 28 റണ്‍സ് നേടിയ ഓപ്പണര്‍ മുഹമ്മദ് നയീം, 25 റണ്‍സ് നേടിയ മുഷ്ഫിക്കര്‍ റഹീം എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

മികച്ച തുടക്കമായിരുന്നു ബംഗ്ലാദേശിന്റേത്. ഒന്നാം വിക്കറ്റില്‍ 10 ഓവറില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ അവര്‍ക്കായി. എന്നാല്‍ വെറും മൂന്നു പന്തുകള്‍ക്കിടെ മൂന്നു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും രണ്ടു വിക്കറ്റ് നഷ്ടമായത് അവര്‍ക്ക് തിരിച്ചടിയായി. രണ്ടിന് 63 എന്ന നിലയില്‍ നിന്നു പിന്നീട് മെഹ്ദി ഹസനും ഷാന്റോയും ചേര്‍ന്നാണ് അവരെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 194 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 43-ാം ഓവറിന്റെ ആദ്യ പന്തില്‍ മെഹ്ദി ഹസന്‍ പരുക്കേറ്റ് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. തൊട്ടുപിന്നാലെ തന്നെ ഷാന്റോയും വീണെങ്കിലും വെറ്ററന്‍ താരങ്ങളായ ഷാക്കീബും മുഷ്ഫിക്കറും ചേര്‍ന്ന് ടീമിനെ 330 കടത്തി.

അഫ്ഗാനിസ്ഥാനു വേണ്ടി മുജീബ് ഉര്‍ റഹ്മാന്‍, ഗുല്‍ബാദിന്‍ നയിബ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ജയം നിര്‍ണായകമെന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നിറങ്ങിയത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടു തോറ്റ അവര്‍ക്ക് ഇന്നു ജയിക്കാനായില്ലെങ്കില്‍ സൂപ്പര്‍ ഫോര്‍ കാണാതെ മടങ്ങേണ്ടി വരും.

logo
The Fourth
www.thefourthnews.in