സ്വപ്‌നസാഫല്യം; ആകാശ് ദീപിന് ഉജ്വല അരങ്ങേറ്റം, ഇന്ത്യന്‍ ക്യാപ് ധരിച്ച് അമ്മയുടെ കാലുതൊട്ട് വന്ദിച്ച് താരം
റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറെയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരക്കാരനായി എത്തിയത് ആകാശ് ദീപ്. സ്വപ്‌നസാഫല്യനിമിഷമായിരുന്നു ആകാശ് ദീപിന് റാഞ്ചിയിലെ ജാര്‍ഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍.
ടീമില്‍ അരങ്ങേറ്റം കുറിച്ച താരത്തിന് ടോസിന് തൊട്ടുമുന്‍പ് കോച്ച് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീം ക്യാപ് നല്‍കി. തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമായെന്ന് തിരിച്ചറിഞ്ഞ നിമിഷം മൈതാനത്ത് കളി കാണാന്‍ എത്തിയ മാതാവിന്റെ കാല്‍ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് ഇരുവരും പരസ്പരം ആശ്ലേഷിച്ച് വികാരനിര്‍ഭരമായ നിമിഷം പങ്കുവച്ചു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ തീരുമാനം ശരിയായിരുന്നെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇംഗ്ലിഷ് ഓപ്പണര്‍മാരുടെ പ്രകടനം. എന്നാല്‍, ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ അരങ്ങേറ്റ താരം അകാശ് ദീപ് അന്തരാഷ്ട്ര കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ബെന്‍ ഡക്കറ്റിനെ ജുറലിന്റെ കൈകളില്‍ എത്തിച്ചായിരുന്നു ആ വിക്കറ്റ്.
രണ്ടു ബോളുകള്‍ക്കു ശേഷം ആകാശ് ദീപിന്റെ അതിവേഗ പന്ത് ഒല്ലി പോപ്പിനെ വിക്കറ്റിനു മുന്നില്‍ കുടക്കി. റണ്ണൊന്നും നേടാതെ ആയിരുന്നു പോപ്പിന്റെ മടക്കം. തുടര്‍ന്ന് മികച്ച ഫോമില്‍ കളിച്ചുവന്ന സാക് ക്രാവ്‌ലിയെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് അരങ്ങേറ്റത്തില്‍ മൂന്നു വിക്കറ്റുകള്‍ നേടി.