CWC 2023|ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍; പതിവ് തെറ്റിക്കാതെ പടിക്കല്‍ കലമുടച്ച് ദക്ഷിണാഫ്രിക്ക

CWC 2023|ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍; പതിവ് തെറ്റിക്കാതെ പടിക്കല്‍ കലമുടച്ച് ദക്ഷിണാഫ്രിക്ക

19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും

ദക്ഷിണാഫ്രിക്കയുടെ ദുര്യോഗത്തിന് ഇക്കുറിയും അന്ത്യമില്ല. പതിവ് തെറ്റിക്കാതെ പടിക്കല്‍ കലമുടച്ച് അവര്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനല്‍ കാണാതെ മടങ്ങി. ഇതോടെ 19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടും. ഇന്ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് മൂന്നു വിക്കറ്റിന് തോറ്റാണ് ദക്ഷിണാഫ്രിക്ക മടങ്ങിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 49.4 ഓവറില്‍ 212 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ... പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സ്പിന്നര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെയും മികച്ച ബാറ്റിങ് കാഴ്ചവച്ച മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്, ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇന്‍ഗ്ലിസ് എന്നിവരുടെയും മികവില്‍ ഓസ്‌ട്രേലിയ വിജയതീരമണഞ്ഞു.

48 പന്തുകളില്‍ നിന്ന് ഒമ്പതു ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 62 റണ്‍സ് നേടിയ ഹെഡാണ് ടോപ് സ്‌കോറര്‍. സ്മിത്ത് 30 റണ്‍സും വാര്‍ണര്‍ 29 റണ്‍സും നേടി. സമ്മര്‍ദ്ദഘട്ടത്തില്‍ പൊരുതിനേടിയ 28 റണ്‍സായിരുന്നു ഇന്‍ഗ്ലിസിന്റെ സംഭാവന. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജെറാള്‍ഡ് കോട്‌സിയും തബ്‌രിസ് ഷംസിയുമാണ് ബൗളിങ്ങില്‍ തിളങ്ങിയത്. കാഗിസോ റബാഡ, എയ്ഡന്‍ മര്‍ക്രം, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ നിര്‍ണായക സമയത്ത് രക്ഷകനായി ഡേവിഡ് മില്ലര്‍ അവതരിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക വന്‍ തകര്‍ച്ചയില്‍ നിന്നു കരകയറി മാന്യമാ സ്‌കോറില്‍ എത്തിയത്. ഒരു ഘട്ടത്തില്‍ നാലിന് 24 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച അവരെ മില്ലറുടെ ഒറ്റയാന്‍ പോരാട്ടമാണ് രക്ഷിച്ചത്. 116 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം 101 റണ്‍സ് നേടിയ മില്ലറായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നെടുന്തൂണ്‍. അഞ്ചാം വിക്കറ്റില്‍ ഹെന്റ്‌റിച്ച് ക്ലാസനൊപ്പം മില്ലര്‍ കൂട്ടിച്ചേര്‍ത്ത 95 റണ്‍സാണ് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്.

48 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 47 റണ്‍സ് നേടിയ ക്ലാസന്‍ പുറത്തായ ശേഷം വാലറ്റത്തെ കൂട്ടുപിടിച്ചാണ് മില്ലര്‍ ടീമിനെ 200 കടത്തിയത്. ഇവര്‍ക്കൊഴികെ മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക്(3) നായകന്‍ തെംബ ബാവ്മ(0) മധ്യനിര താരങ്ങളായ റാസി വാന്‍ ഡര്‍ ഡസന്‍(6), ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സെന്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. രണ്ട് വീതം വിക്കറ്റുകളുമായി ജോഷ് ഹാസില്‍വുഡും, ട്രാവിസ് ഹെഡും മികച്ച പിന്തുണ നല്‍കി. ഇതു രണ്ടാം തവണയാണ് ഇരുടീമുകളും ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലില്‍ ഏറ്റുമുട്ടിയത്. ഇതിനു മുമ്പ് 1999-ലായിരുന്നു ഇരുവരും സെമിയില്‍ നേര്‍ക്കുനേര്‍ വന്നത്. അന്ന മത്സരം ടൈ ആയതോടെ സൂപ്പര്‍ സിക്‌സ് വിജയത്തിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയ ഫൈനലില്‍ കടക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in