ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ

ആവേശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ

ഒരു ഘട്ടത്തില്‍ ഏഴിന് 113 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ച അവര്‍ക്ക് വാലറ്റക്കാരന്‍ ആഷ്ടന്‍ ആഗറിനെ കൂട്ടുപിടിച്ച് മാര്‍നസ് ലബുഷെയ്ന്‍ നടത്തിയ തിരിച്ചടിയാണ് തുണയായത്

ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ആവേശത്തുടക്കം. ഇന്ന് ബ്ലുംഫൊണ്ടെയ്‌നില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരേ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടി ഓസ്‌ട്രേലിയ പരമ്പരയില്‍ മുന്നിലെത്തി. മത്സരത്തില്‍ ആദ്യം ബാറ്റ്‌ചെയ്ത ദക്ഷിണാഫ്രിക്ക 49 ഓവറില്‍ 222 റണ്‍സ് എടുക്കുന്നതിനിടെ പുറത്താകുകയായിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസ് തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം 40.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഒരു ഘട്ടത്തില്‍ ഏഴിന് 113 എന്ന നിലയില്‍ തോല്‍വിയെ അഭിമുഖീകരിച്ച അവര്‍ക്ക് വാലറ്റക്കാരന്‍ ആഷ്ടന്‍ ആഗറിനെ കൂട്ടുപിടിച്ച് മാര്‍നസ് ലബുഷെയ്ന്‍ നടത്തിയ തിരിച്ചടിയാണ് തുണയായത്. പിരിയാത്ത എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ടീമിനെ കരയകറ്റുകയായിരുന്നു. 93 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളോടെ 80 റണ്‍സുമായി പുറത്താകാതെ നിന്ന ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. ആഗര്‍ 69 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 48 റണ്‍സുമായി ഉറച്ച പിന്തുണ നല്‍കി.

ഇവര്‍ക്കു പുറമേ 28 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 33 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡ, ജെറാള്‍ഡ് കോട്‌സെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാര്‍ക്കോ യാന്‍സെന്‍, ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ നായകന്‍ തെംബ ബാവ്മയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മാന്യമായ നിലയിലെത്തിച്ചത്. 142 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 114 റണ്‍സാണ് ബാവ്മ നേടിയത്. ക്യാപ്റ്റനു പുറമേ 40 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 32 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സെനു മാത്രമാണ് പിടിച്ചുനില്‍ക്കാനായത്.

ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക്(11), മധ്യനിര താരങ്ങളായ റാസി വാന്‍ ഡര്‍ ഡസന്‍(8), എയ്ഡന്‍ മര്‍ക്രം(19), ഹെന്റ്‌റിച്ച് ക്ലാസന്‍(14), ഡേവിഡ് മില്ലര്‍(0), തുടങ്ങിയവര്‍ നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്കു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസില്‍വുഡാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി മാര്‍ക്കസ് സ്‌റ്റോയിനിസും ഓരോ വിക്കറ്റുകളുമായി സീന്‍ അബോട്ട്, ആഷ്ടന്‍ ആഗര്‍, ആദം സാംപ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in