മാക്‌സ്‌വെല്ലിനോട് തോറ്റ് ഇന്ത്യ; ജീവന്‍ നിലനിര്‍ത്തി ഓസ്‌ട്രേലിയ

മാക്‌സ്‌വെല്ലിനോട് തോറ്റ് ഇന്ത്യ; ജീവന്‍ നിലനിര്‍ത്തി ഓസ്‌ട്രേലിയ

കളിജയിക്കുമ്പോള്‍ 48 പന്തുകളില്‍ നിന്ന് എട്ട് വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 104 റണ്‍സുമായാണ് മാക്‌സ്‌വെല്‍ പുറത്താകാതെ നിന്നത്

തുടര്‍ച്ചയായ രണ്ടു ജയത്തോടെ പരമ്പര ലക്ഷ്യമിട്ട് ഇറങ്ങിയ ടീം ഇന്ത്യയെ 'മാക്‌സിമം' തിരിച്ചടിച്ച് ഓസ്‌ട്രേലിയ. അഞ്ചു മത്സര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തില്‍ അവസാന പന്ത് വരെ നീണ്ട ത്രില്ലറിനൊടുവില്‍ ഇന്ത്യയെ തോല്‍പിച്ച് ഓസ്‌ട്രേലിയ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി. ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ മാസ്മരിക പ്രകടനത്തിന്റെ പിന്‍ബലത്തിലായിരുന്നു അവരുടെ ജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. സെഞ്ചുറി നേടി പുറത്താകാതെ നിന്ന ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്വാദിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 57 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും ഏഴു സിക്‌സറുകളും സഹിതം 123 റണ്‍സ് നേടി പുറത്താകാതെ നിന്ന ഗെയ്ക്ക്‌വാദാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

29 പന്തുകളില്‍ നിന്ന് 39 റണ്‍സ് നേടിയ നായകന്‍ സൂര്യകുമാര്‍ യാദവ്, 24 പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടി പുറത്താകാതെ നിന്ന തിലക് വര്‍മ എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍(6), വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍(0) എന്നിവര്‍ നിരാശപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്കു വേണ്ടി കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫ്, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഓസീസിന് തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്(35) ആരോണ്‍ ഹാര്‍ഡി(16) മധ്യനിര താരം ജോഷ് ഇന്‍ഗ്ലിസ്(10) എന്നിവര്‍ അധികം വൈകാതെ മടങ്ങിയതോടെ മൂന്നിന് 68 എന്ന നിലയില്‍ പതറിയ അവരെ പിന്നീട് മാക്‌സ്‌വെല്‍ ചുമലിലേറ്റുകയായിരുന്നു.

ആദ്യം ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനൊപ്പം(17) നാലാം വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ 100 കടത്തിയ മാക്‌സ്‌വെല്‍ പിന്നീട് പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നായകന്‍ മാത്യു വേഡിനൊപ്പം ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് അവസാന 6.3 ഓവറില്‍ 91 റണ്‍സാണ് അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സായിരുന്നു ഓസീസിന് വേണ്ടിയിരുന്നത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആ ഓവറില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 23 റണ്‍സ് അടിച്ചുകൂട്ടി അവര്‍ ജയം പിടിച്ചെടുത്തു.

കളിജയിക്കുമ്പോള്‍ 48 പന്തുകളില്‍ നിന്ന് എട്ട് വീതം ബൗണ്ടറികളും സിക്‌സറുകളും സഹിതം 104 റണ്‍സുമായാണ് മാക്‌സ്‌വെല്‍ പുറത്താകാതെ നിന്നത്. 16 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 28 റണ്‍സോടെ വേഡ് ആയിരുന്നു കൂട്ട്. ഇന്ത്യക്ക് വേണ്ടി രവി ബിഷ്‌ണോയി രണ്ടും അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

logo
The Fourth
www.thefourthnews.in