ഓസീസ് നാലിന് 123, ലീഡ് മുന്നൂറിലേക്ക്; ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം

ഓസീസ് നാലിന് 123, ലീഡ് മുന്നൂറിലേക്ക്; ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പം

നാളെ ആദ്യ സെഷനില്‍ തന്നെ ഓസ്‌ട്രേലിയയുടെ ശേഷിച്ച ആറു വിക്കറ്റുകള്‍ വീഴ്ത്താനായില്ലെങ്കില്‍ മത്സരം ഇന്ത്യയുടെ പക്കല്‍ നിന്നു പൂര്‍ണമായും വഴുതും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ സങ്കീര്‍ണമാകുന്നു. ഇംഗ്ലണ്ടിലെ കെന്നിങ്ടണ്‍ ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നാലു വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയിലാണ്. ഒന്നാമിന്നിങ്‌സില്‍ 173 റണ്‍സിന്റെ കൂറ്റന്‍ ലീഡ് നേടിയ അവര്‍ക്ക് ഇതോടെ ആറു വിക്കറ്റും രണ്ടുദിനവും ശേഷിക്കെ 296 റണ്‍സിന്റെ ഓവറോള്‍ ലീഡായി.

നാളെ ആദ്യ സെഷനില്‍ തന്നെ ഓസ്‌ട്രേലിയയുടെ ശേഷിച്ച ആറു വിക്കറ്റുകള്‍ വീഴ്ത്താനായില്ലെങ്കില്‍ മത്സരം ഇന്ത്യയുടെ പക്കല്‍ നിന്നു പൂര്‍ണമായും വഴുതും. പേസര്‍മാര്‍ക്ക് മികച്ച സ്വിങ്ങും ബൗണ്‍സും ലഭിക്കുന്ന പിച്ചില്‍ 350-നു മേല്‍ വിജയലക്ഷ്യം ദുര്‍ഘടമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മികച്ച ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാമിന്നിങ്‌സ് ആരംഭിച്ച ഓസീസിന് തുടക്കത്തിലേ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍(1), ഉസ്മാന്‍ ക്വാജ(13) എന്നിവരെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ മാര്‍നസ് ലബുഷെയ്ന്‍-സ്റ്റീവന്‍ സ്മിത്ത് സഖ്യം അവര്‍ക്ക് രക്ഷയായി.

മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അവരെ തകര്‍ച്ചയില്‍ നിന്നു കരകയറ്റി. സ്മിത്ത് 47 പന്തില്‍ മൂന്നു ബൗണ്ടികളോടെ 34 റണ്‍സ് നേടി പുറത്തായപ്പോള്‍ 118 പന്തുകള്‍ നേരിട്ട് നാലു ബൗണ്ടറികളോടെ 41 റണ്‍സുമായി ലബുഷെയ്ന്‍ പുറത്താകാതെ നില്‍ക്കുകയാണ്. ഇന്നു കളിനിര്‍ത്തുമ്പോള്‍ ഏഴു റണ്‍സുമായി കാമറൂണ്‍ ഗ്രീനാണ് ലബുഷെയ്‌നു കൂട്ടായി ക്രീസില്‍.

18 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് പുറത്തായ മറ്റൊരു ഓസീസ് ബാറ്റര്‍. ഇന്ത്യക്കു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ അഞ്ചിന് 151 എന്ന നിലയില്‍ മൂന്നാം ദിനം തങ്ങളുടെ ഒന്നാമിന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ 296 റണ്‍സിന് പുറത്താകുകയായിരുന്നു. ഒരുഘട്ടത്തില്‍ ആറിന് 152 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെയും ഫോളോ ഓണ്‍ ഭീഷണിയും നേരിട്ട ഇന്ത്യക്ക് ീഴാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ അജിന്‍ക്യ രഹാനെ-ഷാര്‍ദ്ദൂല്‍ താക്കൂര്‍ സഖ്യമാണ് തുണയായത്. ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 109 റണ്‍സാണ് ഇന്ത്യയെ ഫോളോ ഓണ്‍ എന്ന നാണക്കേടില്‍ നിന്നു കരകയറ്റിയത്.

129 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 89 റണ്‍സ് നേടിയ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 109 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളോടെ 51 റണ്‍സാണ് ഷാര്‍ദ്ദൂല്‍ നേടിയത്. ഇരുവര്‍ക്കും പുറമേ 51 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 48 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് മികച്ച പ്രകടനം കാഴ്ചവച്ച മറ്റൊരു താരം.

ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സ് പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. നായകന്‍ രോഹിത് ശര്‍മ(15), ശുഭ്മാന്‍ ഗില്‍(13), ചേതേശ്വര്‍ പൂജാര(14), മുന്‍ നായകന്‍ വിരാട് കോഹ്ലി(14), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശ്രീകര്‍ ഭരത്(5) എന്നിവര്‍ നിരാശപ്പെടുത്തി. ഓസീസിനു വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ നായകന്‍ പാറ്റ് കമ്മിന്‍സാണ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ടു വിക്കറ്റുകളുമായി പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവരും ഒരു വിക്കറ്റുമായി സ്പിന്നര്‍ നഥാന്‍ ലിയോണും കമ്മിന്‍സിന് മികച്ച പിന്തുണ നല്‍കി.

logo
The Fourth
www.thefourthnews.in