എറിഞ്ഞിട്ട് അര്‍ഷ്ദീപ്, അടിച്ചെടുത്ത് സായിയും ശ്രേയസും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

എറിഞ്ഞിട്ട് അര്‍ഷ്ദീപ്, അടിച്ചെടുത്ത് സായിയും ശ്രേയസും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ 116 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 200 പന്ത് ബാക്കിനില്‍ക്കെ 16.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി ലക്ഷ്യം കണ്ടു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ന് ജൊഹാനസ്ബര്‍ഗില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ എട്ടുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 27.3 ഓവറില്‍ വെറും 116 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 200 പന്ത് ബാക്കിനില്‍ക്കെ 16.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി ലക്ഷ്യം കണ്ടു. ഇതോടെ മൂന്നു മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്കായി.

വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലെ ബൗളര്‍മാരെ തുണച്ച പിച്ചില്‍ പേസര്‍മാരായ അര്‍ഷ്ദീപ് സിങ്ങിന്റെയും ആവേശ് ഖാന്റെയും തകര്‍പ്പന്‍ ബൗളിങ്ങും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ സായ് സുദര്‍ശന്‍, മധ്യനിര താരം ശ്രേയസ് അയ്യര്‍ എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് ഇന്ത്യക്ക് മിന്നുന്ന ജയം സമ്മാനിച്ചത്. 10 ഓവറില്‍ വെറും 37 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപാണ് കളിയിലെ കേമന്‍.

മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മര്‍ക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തീരുമാനം തെറ്റിയെന്നു മനസിലാകാന്‍ ഏറെ വൈകിയില്ല. തന്റെ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായ പന്തുകളില്‍ ഓപ്പണര്‍ റീസാ ഹെന്‍ഡ്രിക്‌സിനെ(0)യും അപകടകാരിയായ മധ്യനിര താരം റാസി വാന്‍ ഡര്‍ ഡസനെ(0)യും പുറത്താക്കി ഇന്ത്യന്‍ പേസര്‍ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. അതില്‍ നിന്ന് തിരിച്ചുവരാന്‍ ആതിഥേയര്‍ക്ക് പിന്നീട് കഴിഞ്ഞില്ല.

തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ പേസര്‍മാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചുവരവിനുള്ള അവസരം നിഷേധിക്കുകയായിരുന്നു. 49 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 33 റണ്‍സ് നേടിയ വാലറ്റതാരം ആന്‍ഡിലെ ഫെലുക്വായോയാണ് അവരുടെ ടോപ്‌സ്‌കോറര്‍. ഇതിനുപുറമേ 22 പന്തുകളില്‍ നിന്ന് 28 റണ്‍സ് നേടിയ ഓപ്പണര്‍ ടോണി ഡി സോര്‍സി, 12 റണ്‍സ് നേടിയ നായകന്‍ എയ്ഡന്‍ മര്‍ക്രം എന്നിവരാണ് രണ്ടക്കം കടന്ന ദക്ഷണാഫ്രിക്കന്‍ താരങ്ങള്‍.

ഹെന്റ്‌റിച്ച് ക്ലാസന്‍(6), ഡേവിഡ് മില്ലര്‍(2) തുടങ്ങിയവര്‍ നിരാശപ്പെടുത്തി. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപിനു പുറമേ ആവേശ് ഖാനും കുല്‍ദീപ് യാദവുമാണ് വിക്കറ്റ് വീഴ്ത്തിയത്. എട്ടോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി ആവേശ് നാലു വിക്കറ്റ് വീഴത്തിയപ്പോള്‍ ശേഷിച്ച് ഒരു വിക്കറ്റ് കുല്‍ദീപ് സ്വന്തമാക്കി.

തുടര്‍ന്ന് ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദി(5)നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് സായ് സുദര്‍ശനും ശ്രേയസ് അയ്യരും ചേര്‍ന്ന് ടീമിനെ വിജയത്തോട് അടുപ്പിച്ചു. രണ്ടാം വിക്കറ്റില്‍ 88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 45 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 52 റണ്‍സ് നേടിയ ശ്രേയസ് ജയത്തിന് ആറു റണ്‍സ് അകലെ വീണെങ്കിലും പിന്നീടെത്തിയ തിലക് വര്‍മ(1)യെ കൂട്ടുനിര്‍ത്തി സായ് ടീമിന്റെ ജയം പൂര്‍ത്തിയാക്കി. കളി അവസാനിക്കുമ്പോള്‍ 43 പന്തുകളില്‍ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 55 റണ്‍സുമായാണ് സായ് പുറത്താകാതെ നിന്നത്.

logo
The Fourth
www.thefourthnews.in