ബെയര്‍സ്‌റ്റോയ്ക്ക് സെഞ്ചുറി നഷ്ടം; ഇംഗ്ലണ്ട് 592-ന് പുറത്ത്, 275 റണ്‍സ് ലീഡ്

ബെയര്‍സ്‌റ്റോയ്ക്ക് സെഞ്ചുറി നഷ്ടം; ഇംഗ്ലണ്ട് 592-ന് പുറത്ത്, 275 റണ്‍സ് ലീഡ്

ണ്ട് ഔള്‍ഔട്ടാകുമ്പോള്‍ 81 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 99 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു ബെയര്‍സ്‌റ്റോ

ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ പിടിമുറുക്കി ഇംഗ്ലണ്ട്. മൂന്നാം ദിനമായ ഇന്ന് ആദ്യ സെഷനില്‍ ക്ഷണംവേഗത്തില്‍ റണ്‍സ് അടിച്ചുകൂട്ടിയ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാമിന്നിങ്‌സില്‍ 592 റണ്‍സിന് പുറത്തായി. നേരത്തെ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് 317-ല്‍ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് ഇതോടെ 275 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് ലഭിച്ചു.

മൂന്നാം ദിനമായ ഇന്നു രാവിലെ നാലിന് 384 റണ്‍സ് എന്ന നിലയില്‍ 67 റണ്‍സ് ലീഡുമായി ബാറ്റിങ് പുനരാരംഭിച്ച ആതിഥേയര്‍ വെടിക്കെട്ടു പ്രകടനത്തിലൂടെ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. നേരിട്ട 35.4 ഓവറില്‍ 208 റണ്‍സ് അടിച്ചുകൂട്ടിയാണ് അവര്‍ ലീഡ് 275-ല്‍ എത്തിച്ചത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്‌റ്റോയായിരുന്നു ഇംഗ്ലണ്ടിന്റെ ആക്രമണം നയിച്ചത്. ഹ14 റണ്‍സുമായി ഹാരി ബ്രൂക്കും 24 റണ്‍സുമായി നായകന്‍ ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്നാണ് മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ചത്. ഈ കൂട്ടുകെട്ടിന് പക്ഷേ 11 ഓവര്‍ മാത്രമേ പിടിച്ചു നില്‍ക്കാനായുള്ളു. 74 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 51 റണ്‍സ് നേടിയ സ്‌റ്റോക്‌സിനെ മടക്കി പാറ്റ് കമ്മിന്‍സ് ഓസീസിന് ബ്രേക്ക്ത്രൂ നല്‍കി.

എന്നാല്‍ ബെയര്‍സ്‌റ്റോ ക്രീസില്‍ എത്തിയതോടെ ഓസീസിന്റെ പിടി അയഞ്ഞു. തുടക്കത്തില്‍ ബ്രൂക്കിന് പിന്തുണ നല്‍കി കളിക്കാനായിരുന്നു ബെയര്‍സ്‌റ്റോ ശ്രമിച്ചത്. ഇരുവരും ചേര്‍ന്ന് 37 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. എന്നാല്‍ 100 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളോടെ 61 റണ്‍സ് നേടിയ ബ്രൂക്കിനെ ഹേസില്‍വുഡ് ക്ലീന്‍ ബൗള്‍ ചെയ്തതോടെ ബെയര്‍സ്‌റ്റോ ആക്രമണച്ചുമതല ഏറ്റെടുക്കുകയായിരുന്നു.

ബ്രൂക്ക് പുറത്താകുമ്പോള്‍ 92 ഓവറില്‍ ആറിന് 474 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് വാലറ്റത്ത് ക്രിസ് വോക്‌സ്(0), മാര്‍ക്ക് വുഡ്(6), സ്റ്റിയുവര്‍ട്ട് ബ്രോഡ്(7), ജയിംസ് ആന്‍ഡേഴ്‌സണ്‍(5) എന്നിവരെ കൂട്ടുപിടിച്ച് ബെയര്‍സ്‌റ്റോ 15.4 ഓവറില്‍ 118 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇതില്‍ 88 റണ്‍സും ബെയര്‍സ്‌റ്റോയുടെ ബാറ്റില്‍ നിന്നായിരുന്നു.

അവസാന വിക്കറ്റില്‍ ആന്‍ഡേഴ്‌സണൊപ്പം 66 റണ്‍സാണ് താരം കൂട്ടിച്ചേര്‍ത്തത്. ബെയര്‍സ്‌റ്റോയുടെ 13-ാം രാജ്യാന്തര ടെസ്റ്റ് സെഞ്ചുറിക്കായി ഇംഗ്ലണ്ട് ഡിക്ലറേഷന്‍ വൈകിപ്പിച്ചെങ്കിലും താരത്തെ ഭാഗ്യം തുണച്ചില്ല. 108-ാം ഓവറിന്റെ നാലാം പന്തില്‍ കാമറൂണ്‍ ഗ്രീന്‍ ആന്‍ഡേഴ്‌സണെ വിക്കറ്റിനു മുന്നില്‍ കുരുക്കി ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കുമ്പോള്‍ 81 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും നാലു സിക്‌സറുകളും സഹിതം 99 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു ബെയര്‍സ്‌റ്റോ.

logo
The Fourth
www.thefourthnews.in